മരണശേഷം പുനീത് രാജ്‌കുമാർ കാഴ്ച പകർന്നത് നാലുപേർക്ക്

November 2, 2021

മരണശേഷം കന്നഡ നടൻ പുനീത് രാജ്കുമാർ നാല് പേർക്കാണ് കാഴ്ച പകർന്നത്. പുനീതിന്റെ കോർണിയ ശേഖരിച്ച് നാരായണ നേത്രാലയയിലെ ഡോക്ടർമാർ നാല് അന്ധർക്കാണ് കാഴ്ച നൽകിയത്. അച്ഛൻ ഡോ. രാജ്കുമാറിന്റെ പാത പിന്തുടർന്ന് ഒക്‌ടോബർ 29നാണ് പുനീത് രാജ്കുമാറിന്റെ കുടുംബം അദ്ദേഹത്തിനായി നേത്രദാനം ചെയ്‌തത്. മരിച്ചതായി പ്രഖ്യാപിച്ചയുടൻ പുനീത് രാജ്‌കുമാറിന്റെ സഹോദരൻ രാഘവേന്ദ്ര, നാരായണ നേത്രാലയയുടെ കീഴിലുള്ള ഡോ. രാജ്‌കുമാറിനെ ബന്ധപ്പെടുകയായിരുന്നു.

1994-ൽ നേത്രബാങ്കിന്റെ ഉദ്ഘാടന വേളയിൽ ഡോ.രാജ്കുമാർ തന്റെ മുഴുവൻ കുടുംബത്തിന്റെയും കണ്ണുകൾ മരണശേഷം ദാനം ചെയ്യുമെന്ന് അറിയിച്ചിരുന്നു. രാജ്‌കുമാർ മരണമടഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്തിരുന്നു. അതെ പാത പിന്തുടർന്നാണ് പുനീതിന്റേയും കണ്ണുകൾ ദാനം ചെയ്തത്.

Read More: കണ്ടാൽ ഭീമൻ തിമിംഗലം; പക്ഷെ, ഉള്ളിൽ നിറച്ചും ചോക്ലേറ്റ്- വിഡിയോ

നാല് പേർക്കാണ് പുനീത് കാഴ്ച പകർന്നത്. കർണാടകയിൽ നിന്നുള്ള ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരുമാണ് ഇങ്ങനെ കാഴ്ച ലഭിച്ചവർ. പുനീത് രാജ്‌കുമാറിന്റെ വിയോഗം ആരാധകർക്കും സഹതാരങ്ങൾക്കും വലിയ ആഘാതമാണ് സൃഷ്ടിച്ചത്. സമൂഹത്തിൽ പുനീത് നടത്തിയിരുന്ന സേവനങ്ങൾ ചെറുതല്ല. ഒട്ടേറെ സ്‌കൂളുകളും കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകളുമെല്ലാം പുനീത് നടത്തിയിരുന്നു. ഒരു മികച്ച നടൻ എന്നതിലുപരി പുനീത് രാജ്കുമാർ സംസ്ഥാനത്തുടനീളം നിരവധി സാമൂഹിക പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരുന്നു.

Story highlights- Puneeth Rajkumar’s eye donation gives sight to four people