ദൃശ്യമികവിൽ വിസ്മയമാകാൻ ‘ആർആർആർ’- ടീസർ കാണാം

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ ചിത്രമായ ആർആർആറിന്റെ ടീസർ എത്തി. ബാഹുബലിക്ക് ശേഷം രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആർആർആർ. രൗദ്രം രണം രുദിരം എന്നതിന്റെ ചുരുക്കപ്പേരാണ് ആർആർആർ. രണ്ടേമുക്കാൽ വർഷത്തോളം നീണ്ടുനിന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായതായി അറിഞ്ഞതുമുതൽ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. ചിത്രം 2022 ജനുവരി 7 നാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. റിലീസിന് മുന്നോടിയായി പുറത്തുവിട്ട ടീസറിൽ രാം ചരൺ, ജൂനിയർ എൻടിആർ എന്നിവർക്കൊപ്പം അലിയ ഭട്ടുമുണ്ട്.

ജൂനിയർ എൻ‌ടി‌ആർ, രാം ചരൺ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ബ്രിട്ടീഷ് രാജിനെതിരെ ധീരമായ പോരാട്ടം നടത്തിയ രണ്ട് ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചാണ് ചിത്രം പങ്കുവയ്ക്കുന്നത്. എഡിറ്റിംഗ് ശ്രീകർ പ്രസാദും, ഛായാഗ്രഹണം കെ കെ സെന്തിൽ കുമാറും നിർവഹിക്കുന്നു.

Read More: നഗരത്തിരക്കിൽ നിന്നൊഴിഞ്ഞ് പബ്ബുകളും ബാറുമില്ലാതെ ശുദ്ധവായു നിറഞ്ഞ ഗ്രാമം; വിശ്രമജീവിതത്തിന് അനുയോജ്യമായ ഒരു നാട്

ജൂനിയർ എൻടിആർ, രാം ചരൺ എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രം 1920-കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യ സമരസേനാനികളുടെ കഥയാണ് പറയുന്നത്. അല്ലൂരി സീതാരാമ രാജുവായി രാം ചരണെത്തുമ്പോൾ കോമരം ഭീം ആയി എത്തുന്നത് ജൂനിയർ എൻടിആറാണ്. 450 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിലൂടെ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും അവരുടെ ആദ്യ ദക്ഷിണേന്ത്യൻ ചിത്രത്തിന്റെ ഭാഗമാകുകയാണ്.

Story highlights- RRR movie Teaser