47 വർഷമായി ഒരേ സ്ഥലത്ത് പാർക്ക് ചെയ്ത നിലയിൽ; സ്മാരകമായി മാറിയ കാറിന് പിന്നിൽ…

November 3, 2021

വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നിരവധി വാഹനങ്ങൾ നാം കാണാറുണ്ട്… ഇത്തരം വാഹനങ്ങൾ ഇരുമ്പ് വിലയ്ക്ക് തൂക്കി വിൽക്കുകയോ, അല്ലെങ്കിൽ അതവിടെ തന്നെ കിടന്ന് മണ്ണിനോട് ചേരുകയോ ആണ് പതിവ്. എന്നാൽ കഴിഞ്ഞ 47 വർഷമായി റോഡരികിൽ കിടന്നിരുന്ന ഒരു വാഹനത്തെക്കുറിച്ചുള്ള വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധിക്കപ്പെടുന്നത്. വർഷങ്ങളായി ഇറ്റലിയിലെ തെരുവിൽ ഒരു വീടിന് മുന്നിലായി പാർക്ക് ചെയ്തിരുന്ന ഈ കാർ ഇപ്പോൾ സ്മാരകമാക്കാൻ ഒരുങ്ങുകയാണ് ഇവിടുത്തെ അധികൃതർ.

ന്യൂസ് ഏജന്റായി ജോലി ചെയ്തിരുന്ന ആഞ്ചലോ ഫ്രിഗോലെന്റിന്റേതാണ് ഈ വാഹനം. 1962 മോഡലായ ലാൻസിയ ഫുൾവിയ എന്ന വാഹനം വർഷങ്ങളോളം ആഞ്ചലോയും ഭാര്യ ബെർട്ടില്ല മൊഡോളോയും തങ്ങളുടെ പത്രക്കെട്ടുകൾ സൂക്ഷിക്കുന്നതിനായാണ് ഉപയോഗിച്ചിരുന്നത്. ന്യൂസ് ഏജന്റായി ജോലി ചെയ്തിരുന്നതിനാൽ അതിരാവിലെ എത്തുന്ന പത്രക്കെട്ടുകൾ കാറിന്റെ ഡിക്കിയിലാണ് ഇവർ സൂക്ഷിച്ചിരുന്നത്. പിന്നീട് ഇവ എടുത്ത് ഇരുവരും ചേർന്ന് വിതരണം ചെയ്യും. എന്നാൽ ജോലിയിൽ നിന്ന് വിരമിച്ച് വിശ്രമജീവിതം ആരംഭിച്ചപ്പോഴും ഇവർ ഈ വാഹനം ഇവിടെ നിന്നും എടുത്ത് മാറ്റാൻ തയാറായില്ല. ഇതോടെ ഇവിടെത്തുന്ന വിനോദസഞ്ചാരികൾ ഇതിന്റെ അടുത്ത് നിന്ന് ചിത്രങ്ങൾ എടുക്കാനും തുടങ്ങി.

Read also: തനി തങ്കം പോലൊരു ദ്വീപ്; സമുദ്രത്തിന്റെ അടിത്തട്ടിൽ ഒളിച്ച സ്വർണദ്വീപ് കണ്ടെത്തി

ഇപ്പോൾ അധികൃതരുടെ സഹായത്തോടെ വാഹനം അവിടെ നിന്നും എടുത്ത് ക്ലാസിക് കാറുകൾ പ്രദർശിപ്പിക്കുന്ന ഒരു മോട്ടോർ ഷോയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതിന് ശേഷം കാറിന്റെ കേടുപാടുകൾ പരിശോധിച്ച് നന്നാക്കി കാർ ആഞ്ചലോയുടെയും ബെർട്ടില്ലയുടെയും വീടിന് അടുത്തുള്ള ഒരു പ്രാദേശിക സ്കൂളിന് പുറത്ത് സ്മാരകമായി സ്ഥാപിക്കാനാണ് അധികൃതരുടെ തീരുമാനം.

Story highlights: Vintage Car Parked For 47 Years in Same Spot to Become Monument