തനി തങ്കം പോലൊരു ദ്വീപ്; സമുദ്രത്തിന്റെ അടിത്തട്ടിൽ ഒളിച്ച സ്വർണദ്വീപ് കണ്ടെത്തി

November 3, 2021

സ്വർണനാണയങ്ങൾ, തങ്കനാണയങ്ങൾ, വജ്രാഭരണങ്ങൾ, പ്രതിമകൾ തുടങ്ങി വിലപിടിപ്പുള്ള വസ്തുക്കൾ നിറഞ്ഞ ഒരു സ്വർണ ദ്വീപിനെക്കുറിച്ച് ചിലർക്കെങ്കിലും മുൻപ് കേട്ട് പരിചയം ഉണ്ടാകും. ഇന്തൊനേഷ്യയിലെ അതിപുരാതനമായ ശ്രീവിജയ സാമ്രാജ്യത്തെക്കുറിച്ചുള്ള വാർത്തകൾ മുൻപും വാർത്തകളിൽ ഇടംനേടിയിരുന്നു. വിലപിടിപ്പുള്ള നിരവധി വസ്തുക്കൾ നിറഞ്ഞ ദ്വീപ് പെട്ടന്നൊരിക്കൽ അപ്രതീക്ഷിതമായി എന്നായിരുന്നു ദ്വീപിനെക്കുറിച്ചുള്ള വാർത്തകൾ. എന്നാൽ ഈ ദ്വീപിനെക്കുറിച്ചുള്ള വാർത്തകൾ വ്യാജമാണെന്ന് പറഞ്ഞ് പലരും തള്ളിക്കളഞ്ഞു. ഇപ്പോഴിതാ സ്വർണവും തങ്കവും വജ്രവുമൊക്കെ നിറഞ്ഞിരുന്ന ആ ദ്വീപിന്റെ അവശേഷിപ്പുകൾ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ.

ഇന്തൊനേഷ്യയിലെ മൂസി നദിയുടെ അടിത്തട്ടിൽ നിന്നാണ് ഇവിടെ മത്സ്യബന്ധനം നടത്തിയവർക്ക് സ്വർണദ്വീപിന്റെ അവശേഷിപ്പുകൾ ലഭിച്ചത്. തുടർന്ന് നടത്തിയ തിരച്ചിലിൽ വിഗ്രഹങ്ങൾ, ക്ഷേത്രമണികൾ, വിലപിടിപ്പുള്ള പാത്രങ്ങൾ, ആഭരണങ്ങൾ, പ്രതിമകൾ തുടങ്ങി നിരവധി വസ്തുക്കളാണ് ഇവിടെ നിന്നും അധികൃതർക്ക് ലഭിച്ചത്. അതേസമയം അക്രമണകാരികളായ മുതലകൾ ധാരാളം ഉണ്ടായിരുന്നതുകൊണ്ടാകാം ഇവിടേക്ക് അധികമാരും എത്തപ്പെടാതിരുന്നത് എന്നാണ് കരുതപ്പെടുന്നത്. ഇത്തവണ വലിയ റിസ്ക് എടുത്താണ് വെള്ളത്തിനടിയിൽ നിന്നും വിലപിടിപ്പുള്ള ഇത്തരം വസ്തുക്കൾ ഇവർ കണ്ടെടുത്തത്.

Read also:ഇത് പ്രളയത്തിൽ ഒലിച്ചുപോയ വീടല്ല; നദിയിലൂടെ വലിച്ചുനീക്കിയ വീട്, ശ്രദ്ധനേടി വിഡിയോ

നിരവധി പുരാതന കഥകൾ നിലനിൽക്കുന്ന ശ്രീവിജയ സാമ്രാജ്യത്തെക്കുറിച്ചുള്ള പഠനങ്ങൾ നേരത്തെയും നടത്തിയിരുന്നുവെങ്കിലും ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വലിയ രീതിയിൽ വ്യാപാരം നടന്നിരുന്ന സമ്പന്ന സാമ്രാജ്യമായിരുന്നു ശ്രീവിജയ. എന്നാൽ പിൽക്കാലത്ത് ഈ സാമ്രാജ്യത്തിന്റെ ശക്തി ക്ഷയിച്ചതോടെ ഇവിടം കടൽക്കൊള്ളക്കാരുടെ ഇടമായി മാറി.

ഒരിക്കൽ ഒരു തെളിവുകൾ പോലും അവശേഷിപ്പിക്കാതെ ഈ സാമ്രാജ്യം മറയുകയും ചെയ്തു. ശ്രീവിജയ സാമ്രാജ്യത്തെക്കുറിച്ചുള്ള ധാരാളം പഠനങ്ങൾ നടത്തിയെങ്കിലും ഇത് അപ്രതീക്ഷിതമായതിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പലയിടങ്ങളിലും കണ്ടുവരുന്നതുപോലെ ജലാശയങ്ങൾക്ക് മുകളിൽ പൊങ്ങിക്കിടക്കുന്ന തടികൊണ്ട് നിർമിച്ച കെട്ടിടങ്ങളിൽ ആകാം ഇവിടുത്തുകാർ കഴിഞ്ഞിരുന്നത് എന്നാണ് കരുതപ്പെടുന്നത്. ഇവ കാലക്രമേണയോ, പ്രകൃതി ദുരന്തങ്ങളുടെ ഫലമായോ നശിച്ചതാകാമെന്നും അങ്ങനെ ഇവയുടെ അവശേഷിപ്പിക്കുകൾ വെള്ളത്തിൽ വീണതാകാം എന്നും കരുതപ്പെടുന്നു.

Story highlights: fishermen found hidden treasure