ഇനിയാണ് മനസാഗ്രഹിച്ച വിധി; ശ്രദ്ധനേടി ‘വിധി: ദി വെർഡിക്റ്റ്’ ട്രെയ്‌ലർ

November 26, 2021

മരട് ഫ്ലാറ്റ് പൊളിക്കൽ വിഷയത്തെ ആസ്പദമാക്കി വെള്ളിത്തിരയിൽ ഒരുങ്ങുന്ന ചിത്രമാണ് ‘വിധി: ദി വെർഡിക്റ്റ്’. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ആകാംഷയും ആവേശവും നിറച്ചാണ് ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്. മരട് 357 എന്ന് പേര് നൽകിയിരുന്ന ചിത്രം ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ വിധി: ദി വെർഡിക്റ്റ് എന്നാക്കുകയായിരുന്നു.

അനൂപ് മേനോൻ ആണ് ചിത്രത്തിൽ മുഖ്യകഥാപാത്രമായി എത്തുന്നത്. ധർമജൻ ബോൾഗാട്ടി, ഷീലു അബ്രഹാം, നൂറിൽ ഷെരീഫ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഏറെ ചർച്ചകൾക്ക് ഇടം നൽകിയ സംഭവമായിരുന്നു മരട് ഫ്ലാറ്റ് വിഷയം. അനധികൃതമായി നിർമിച്ച ഫ്ലാറ്റുകളിൽ നിന്നും 357 കുടുംബങ്ങൾക്കാണ് മാറി താമസിക്കേണ്ടി വന്നത്. കഴിഞ്ഞ വർഷം ജനുവരി 11 നാണ് മരടിൽ ഫ്ലാറ്റ് പൊളിച്ചുനീക്കിയത്. മരട് ഫ്ലാറ്റ് സമുച്ചയം പൊളിച്ച് ഒരു വർഷത്തിന് ശേഷമാണ് ഈ വിഷയത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. അതേസമയം കഴിഞ്ഞ മാർച്ചിൽ റിലീസ് ചെയ്യാനിരുന്ന സിനിമ കൊവിഡ്-19 പശ്ചാത്തലത്തിൽ നീട്ടിവയ്ക്കുകയായിരുന്നു.

ദിനേശ് പള്ളത്തിന്റെ തിരക്കഥയിലൂടെയാണ് സംവിധായകൻ കണ്ണൻ താമരക്കുളം മരട് ഫ്ലാറ്റ് വിഷയം വെള്ളിത്തിരയിൽ എത്തിക്കുന്നത്. അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യു ആണ് ചിത്രം നിർമിക്കുന്നത്.

Read also: ‘മിഴിയോരം നനഞ്ഞൊഴുകും…’ കാവ്യഭംഗി തുളുമ്പുന്ന വരികളിലൂടെ പാട്ട് പ്രേമികളുടെ ഹൃദയതാളങ്ങൾ കീഴടക്കിയ ബിച്ചു തിരുമല ഓർമ്മയാകുമ്പോൾ…

ഫ്ലാറ്റിൽ നിന്നും ഇറങ്ങേണ്ടി വന്ന 357 കുടുംബങ്ങളുടെ അവസ്ഥയും ഒപ്പം ഫ്ലാറ്റ് നിർമാണത്തിൽ നടന്ന അഴിമതിയും മാധ്യമങ്ങളിൽ വന്നിട്ടില്ലാത്ത ഒട്ടേറെ സംഭവങ്ങളുമാണ് സിനിമയിലൂടെ പങ്കുവെയ്ക്കുന്നതെന്ന് കണ്ണൻ താമരക്കുളം നേരത്തെ പറഞ്ഞിരുന്നു.

Story highlights: Vidhi Official Trailer