‘മിഴിയോരം നനഞ്ഞൊഴുകും…’ കാവ്യഭംഗി തുളുമ്പുന്ന വരികളിലൂടെ പാട്ട് പ്രേമികളുടെ ഹൃദയതാളങ്ങൾ കീഴടക്കിയ ബിച്ചു തിരുമല ഓർമ്മയാകുമ്പോൾ…

November 26, 2021

ചില പാട്ടുകളുടെ വരികൾ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞിറങ്ങും… അത്തരത്തിൽ നൂറുകണക്കിന് മലയാള ഗാനങ്ങൾ സമ്മാനിച്ചതാണ് ഗാനരചയിതാവ് ബിച്ചു തിരുമല. ആസ്വാദകരുടെ രുചിഭേദങ്ങൾക്കനുസരിച്ച് വരികൾ കോർത്തിണക്കിയ ഗാനരചയിതാണ് ഓർമ്മയാകുമ്പോൾ മലയാളികൾക്ക് നഷ്ടമാകുന്നത് കലാലോകത്ത് പകരകരാനില്ലാത്ത മറ്റൊരു പ്രതിഭയെക്കൂടിയാണ്.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപതിയിൽ ഇന്ന് പുലർച്ചെയായിരുന്നു ഗാനരചയിതാവ് ബിച്ചു തിരുമലയുടെ അന്ത്യം. 80 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെത്തുടർന്നാണ് അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് 4.30 ന് ശാന്തികവാടത്തിൽ.

അഞ്ച് പതിറ്റാണ്ടോളം ഗാനരചനാരംഗത്ത് സജീവസാന്നിധ്യമായിരുന്നു ബിച്ചു തിരുമല മൂവായിരത്തോളം സിനിമ ഗാനങ്ങളും നിരവധി ലളിതഗാനങ്ങളും ഒരുക്കിയിട്ടുണ്ട്. 1972-ൽ പുറത്തിറങ്ങിയ ഭജഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് ബിച്ചു തിരുമല ചലച്ചിത്ര ഗാനരചയിതാവായി അരങ്ങേറ്റം കുറിച്ചത്. ‘ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പ്രാണസഖീ പല്ലവി പാടിയ നേരം..’ എന്ന പാട്ടാണ് ഈ ചിത്രത്തിന് വേണ്ടി അദ്ദേഹം രചിച്ചത്. ഗാനഗന്ധർവൻ യേശുദാസിന്റെ ശബ്ദത്തിലൂടെയാണ് ഈ പാട്ട് ആസ്വാദകർ കേട്ടത്.

Read also: അടിത്തട്ടിലെ കല്ലുകളും മണൽത്തരികളും വരെ കൃത്യമായി കാണാം; ശ്രദ്ധനേടി ലോകത്തിലെ ഏറ്റവും തെളിഞ്ഞ നദിയുടെ ചിത്രങ്ങൾ

പാട്ട് പ്രേമികളുടെ ഹൃദയതാളങ്ങൾ കീഴടക്കിയ സൂപ്പർഹിറ്റ് ഗാനങ്ങളായ ‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍’, ‘കിലുകില്‍ പമ്പരം തിരിയും മാനസം’, ‘മിഴിയോരം നനഞ്ഞൊഴുകും മുകില്‍ മാലകളോ’, ‘തേനും വയമ്പും’, ‘കണ്ണാംതുമ്പീ പോരാമോ’, ‘ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ’, ‘പച്ചക്കറിക്കായ തട്ടില്‍ ഒരു മുത്തശ്ശി പൊട്ടറ്റോ ചൊല്ലി’, ‘പടകാളി ചണ്ഡി ചങ്കരി പോര്‍ക്കലി മാര്‍ഗിനി ഭഗവതി’ തുടങ്ങിയ ഗാനങ്ങളും അദ്ദേഹത്തിന്റെ തൂലികയിൽ വിരിഞ്ഞതാണ്.

Read also: ലോകത്തിലെ ആദ്യ ഒഴുകും നഗരം വരുന്നു; 10,000 കുടുംബങ്ങൾക്ക് ഭവനം ഒരുങ്ങും

പ്രണയവും വിരഹവും താരാട്ടും ഭക്തിയും തുടങ്ങി ആസ്വാദകരുടെ രുചിഭേദങ്ങൾക്കനുസരിച്ച് പാട്ടൊരുക്കിയ ഗാനരചയിതാവാണ് ബിച്ചു തിരുമല. രണ്ടു തവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് ലഭിച്ച അദ്ദേഹത്തിന് പിന്നീട് നിരവധി അവാർഡുകളും ലഭിച്ചു.

1941 ഫെബ്രുവരി 13 ന് സി.ജെ.ഭാസ്‌കരൻ നായരുടെയും ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടിൽ പാറുക്കുട്ടിയമ്മയുടെയും മൂത്ത മകനായി ശിവശങ്കരൻ നായർ എന്ന ബിച്ചു തിരുമല ജനിച്ചു.

Story highlights: memories of late lyricist bichu thirumala