ലോകത്തിലെ ആദ്യ ഒഴുകും നഗരം വരുന്നു; 10,000 കുടുംബങ്ങൾക്ക് ഭവനം ഒരുങ്ങും

November 25, 2021

മനുഷ്യന് ചിന്തിക്കാവുന്നതിലും അപ്പുറമാണ് ടെക്‌നോളജിയുടെ വളർച്ച. ഇപ്പോഴിതാ ലോകത്ത് ആദ്യമായി ഒഴുകുന്ന നഗരവും ഒരുങ്ങുന്നു. ദക്ഷിണ കൊറിയയുടെ തീരദേശ നഗരമായ ബുസാനോട് ചേർന്നായിരിക്കും ഒഴുകുന്ന നഗരം ഒരുങ്ങുക. അതേസമയം ഈ പദ്ധതിയ്ക്ക് പിന്നിൽ യു എൻ ഹാബിറ്റാറ്റിന്റെ ന്യൂ അർബൻ അജണ്ടയും ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓഷ്യാനിക്സുമാണ്. ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ 10,000 കുടുംബങ്ങൾക്കാണ് ഇവിടെ ഭവനം ഒരുങ്ങുന്നത്.

ഏകദേശം 200 മില്യൺ ഡോളർ ചിലവിൽ ഒരുങ്ങുന്ന ഈ പദ്ധതി 2025 ഓടെ യാഥാർഥ്യമാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. ബുസാൻ മെട്രോപൊളിറ്റൻ സിറ്റിയുടെ അനുമതി ഈ പദ്ധതിയ്ക്ക് ഇതിനോടകം ലഭിച്ചുകഴിഞ്ഞു. അതേസമയം വെള്ളത്തിൽ പണികഴിപ്പിക്കുന്ന കെട്ടിടങ്ങൾക്ക് വെള്ളപൊക്കം, ചുഴലിക്കാറ്റ് തുടങ്ങി എല്ലാത്തരം പ്രകൃതിദുരന്തങ്ങളെയും അതിജീവിക്കാൻ കഴിയും വിധമായിരിക്കും ഇവയുടെ രൂപകൽപ്പന എന്നാണ് അധികൃതരുടെ വാദം.

Read also: പ്രണവ് മോഹൻലാലിന്റെ ദർശനയ്ക്ക് ഒരു ക്യൂട്ട് സ്പോട്ട് ഡബ്ബ്; കുരുന്നിനെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സമുദ്രത്തിന്റെ അടിത്തട്ടിൽ നങ്കൂരമിട്ടുകൊണ്ടാണ് ഓരോ വീടുകളും പണിയുക. ഇതോടെ കാറ്റും വെള്ളപ്പൊക്കവും ഉൾപ്പെടെ ഉണ്ടായാലും ഈ വീടുകൾ നശിച്ചുപോകില്ല. 75 ഹെക്ടറിലായി വ്യാപിച്ചുകിടക്കുന്ന പദ്ധതിയാണ് അധികൃതർ ഇവിടെ ഉദ്ദേശിക്കുന്നത്. അതേസമയം നിർമാണപ്രവർത്തനങ്ങളുമായി അധികൃതർ മുന്നോട്ട് പോകുന്നുണ്ടെങ്കിലും ഇത്രയധികം സമുദ്ര പ്രദേശം ഉപയോഗിച്ച് നഗരം നിർമിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. ഇത് സമുദ്രത്തിന്റെ സന്തുലിതാവസ്ഥയെ നശിപ്പിക്കും എന്നാണ് മിക്കവരുടെയും അഭിപ്രായം.

Story highlights; worlds first floating city