‘ലാലു ഏട്ടാ അതിമനോഹരമായ മെലഡികൾ വീണ്ടും വീണ്ടും സമ്മാനിക്കുന്നതിന് നന്ദി’; ഹിജാബി ഗാനം ആലപിച്ച് വിനീത് ശ്രീനിവാസൻ

ലാൽ ജോസിന്റെ സംവിധാനത്തിൽ സൗബിൻ ഷാഹിർ, മംമ്ത മോഹൻദാസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രമാണ് മ്യാവു. റിലീസിനൊരുങ്ങുന്ന ചിത്രത്തിലെ ഒരു ഗാനം കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. പാട്ട് പ്രേമികളുടെ ഹൃദയതാളങ്ങൾ കീഴടക്കിയ ഹിജാബി ഗാനവുമായി എത്തുകയാണ് ഇപ്പോൾ നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസൻ. കാറിലിരുന്നുകൊണ്ട് ഹിജാബി ഗാനം ആലപിക്കുന്ന വിഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.

ഏറെ ഇഷ്ടം തോന്നിയ പാട്ടെന്ന് പരിചയപ്പെടുത്തി ഹിജാബി ഗാനം പാടുന്ന വിനീത് ശ്രീനിവാസൻ പാട്ടിന് ശേഷം സംവിധായകൻ ലാൽ ജോസിനോടുള്ള സ്നേഹവും അറിയിക്കുന്നുണ്ട്. ലാലു ഏട്ടാ അതിമനോഹരമായ മെലഡികൾ വീണ്ടും വീണ്ടും സമ്മാനിക്കുന്നതിന് നന്ദി എന്നാണ് വിനീത് കുറിച്ചത്. അതേസമയം ചിത്രത്തിന് വേണ്ടി ഈ പാട്ടൊരുക്കിയത് ജസ്റ്റിൻ വർഗീസാണ്. സുഹൈൽ കോയയുടേതാണ് ഗാനത്തിന്റെ വരികൾ. അദീഫ് മുഹമ്മദിന്റെ ശബ്ദത്തിലാണ് പാട്ട് പ്രേമികൾ ഈ ഗാനം ആസ്വദിച്ചത്.

Read also: ലോകത്തിലെ ആദ്യ ഒഴുകും നഗരം വരുന്നു; 10,000 കുടുംബങ്ങൾക്ക് ഭവനം ഒരുങ്ങും

ക്രിസ്മസ് റിലീസായി ഡിസംബർ 24 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. നഗരത്തിന്റെ തിരക്കുകളില്‍ നിന്നും മാറി ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് സൂചന. ദസ്ത്ഗീർ, സുലേഖ എന്നീ ദമ്പതികളെ ചുറ്റിപ്പറ്റിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൗബിൻ ഷാഹിറും മംമ്ത മോഹൻദാസുമാണ് ഈ വേഷങ്ങളിൽ എത്തുന്നത്, കോളേജ് ജീവിതത്തിന് ശേഷം ആലുവ സ്വദേശിയായ ദസ്ത്ഗീർ ദുബായിൽ സ്ഥിരതാമസമാക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രം പങ്കുവയ്ക്കുന്നത്. 

സലീംകുമാര്‍, ഹരിശ്രീ യൂസഫ് എന്നിവർക്കൊപ്പം ഒരു റഷ്യൻ നടിയും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തും. ഇവർക്ക് പുറമെ പുതുമുഖതാരങ്ങളും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ലയാണ് ചിത്രത്തിന്റെ നിര്‍മാണം.

Story highlights; Vineeth Sreenivasan about hijabi song