പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി കടലിന്റെ നായകൻ; ‘മരക്കാർ,അറബിക്കടലിന്റെ സിംഹം’ റിവ്യൂ

December 2, 2021

മലയാളസിനിമയിൽ മറ്റൊരു ചിത്രത്തിനുവേണ്ടിയും ആരാധകർ ഇത്രത്തോളം കാത്തിരുന്നിട്ടില്ല. മോഹൻലാൽ ആരാധകർ എന്നതിലുപരി എല്ലാ സിനിമാപ്രേമികൾക്കും ഒരുപോലെ നിർണായകമായിരുന്നു 2018ൽ ആരംഭിച്ച ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ എന്ന സിനിമ. കാരണം, മികച്ച ചിത്രം ഉൾപ്പെടെ മൂന്നു ദേശീയ പുരസ്‌കാരങ്ങളുടെ പകിട്ടിൽ മൂന്നു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് മരക്കാർ പ്രേക്ഷകരിലേക്ക് എത്തിയത്. കാത്തിരിപ്പിന് പകിട്ടേകാൻ അവാർഡുകളുടെ തിളക്കം മാത്രമല്ല, താര തിളക്കവും ഉണ്ടായിരുന്നു. പ്രിയദർശൻ എന്ന അതുല്യ ചലച്ചിത്രകാരൻ അമരത്ത് നിൽക്കുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം വൻ താരനിരയാണ് അണിനിരന്നത്. ഇടവേളയ്ക്ക് ശേഷം തിയേറ്ററുകൾ സജീവമായ വേളയിൽ മരക്കാർ ആഘോഷമായാണ് എത്തിയതും. എന്നാൽ എങ്ങനെയാണു പ്രേക്ഷകർ ഈ ചരിത്ര വിസ്മയത്തിനോട് പ്രതികരിച്ചത്? മരക്കാർ പ്രേക്ഷക ഹൃദയങ്ങളിൽ ഇരിപ്പിടം ഉറപ്പിച്ചോ?

കാത്തിരിപ്പ് വെറുതയായില്ല എന്നുവേണം പറയാൻ. കാരണം, മലയാള സിനിമയിൽ ഇത്രയധികം വിഷ്വൽ വിസ്മയം സൃഷ്‌ടിച്ച മറ്റൊരു ചിത്രമില്ല എന്നാണ് ഓരോ കാഴ്ചക്കാരനും സാക്ഷ്യപെടുത്തുന്നത്. മരക്കാർ കുടുംബത്തിന്റെയും ആ കാലഘട്ടത്തിന്റെയും പോരാട്ടങ്ങളുടെയും പൊരുതലിന്റെയും കഥയാണ് സിനിമ പങ്കുവെയ്ക്കുന്നത്. ചരിത്രം വിസ്മരിയ്ക്കുന്ന കരുത്തുറ്റ പോരാളിയുടെ ധീര ചരിത്രം വെള്ളിത്തിരയിൽ എത്തിയപ്പോൾ മലയാള സിനിമയ്ക്ക് ലഭിച്ചത് എന്നും ഓർമയിൽ സൂക്ഷിക്കാൻ അഭിമാനം പകരുന്ന ഒരു ദൃശ്യ വിസ്മയമാണ്.

കുഞ്ഞാലി മരക്കാർ നാലാമന്റെ ബാല്യത്തിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. എങ്ങനെയാണ് ഒരു സാധാരണ യുവാവ് കടലിൽ മായാജാലം കാണിക്കുന്ന പോരാളിയായും പാവങ്ങൾക്ക് ദൈവമായും ശത്രുക്കൾക്ക് കടൽകൊള്ളക്കാരനായും മാറിയതെന്ന് എന്നതിന് ഉത്തരം ചിത്രം നൽകുന്നുണ്ട്. ആക്ഷൻ രംഗങ്ങൾക്കാണ് പ്രാധാന്യമെങ്കിലും വൈകാരികതയ്ക്ക് ചിത്രത്തിൽ വളരെയേറെ സ്ഥാനമുണ്ട്. ഓരോ പ്രതിസന്ധികളെയും ധീരമായി പോരാടിയ പോരാളിയെയും ചതിയിൽ കാലിടറുന്ന മരക്കാരെയും ചിത്രത്തിൽ കാണാൻ സാധിക്കും.

കടലിന്റെ നായകന്റെ കഥ ചിത്രമായപ്പോൾ ക്യാമറ ഒരിക്കൽപോലും കടൽ കണ്ടിട്ടില്ല എന്നുപറയുന്നത് സത്യമാണോ എന്ന് തോന്നിപോകും. അത്രയ്ക്ക് മികവാണ് വിഎഫ്എക്സ് പുലർത്തുന്നത്. ദേശീയ പുരസ്‌കാരം എന്തുകൊണ്ട് വിഎഫ്എക്‌സിന് ലഭിച്ചു എന്നത് ചിത്രം കണ്ടുതന്നെ അനുഭവിക്കേണ്ടതാണ്. പ്രിയദർശന്റെ മകൻ സിദ്ധാർത്ഥ് വിഎഫ്എക്‌സിലൂടെ ലോക സിനിമക്ക് തന്നെ വാഗ്ദാനമാകുകയാണ്.

മരക്കാർ എന്ന ചിത്രത്തിന്റെ എടുത്ത് പറയേണ്ട ഘടകം പ്രഗൽഭരായ താരനിരതന്നെയാണ്. മോഹൻലാൽ എന്ന വിസ്മയത്തോട് അഭിനയ മൂഹൂർത്തങ്ങൾ കൊണ്ട് ഇവർ പോരടിക്കുന്നത് ചിത്രത്തിൽ കാണാം. മലയാള സിനിമയുടെ അഭിനയ വിസ്മയങ്ങൾക്കൊപ്പം അന്യഭാഷാ താരങ്ങളും മികവുറ്റ പ്രകടനം കാഴ്ചവെച്ചു. അതിൽ എടുത്ത് പറയേണ്ട പേരുകളാണ് അർജുൻ, സുനിൽ ഷെട്ടി, പ്രഭു, ചൈനീസ് നടൻ ജയ് ജെ ജാക്രിറ്റ് എന്നിവരുടേതാണ്. താര സമ്പന്നമായിരുന്നു ചിത്രം എന്നത് പ്രേക്ഷകന് കയ്യടിക്കാൻ ഏറെ സാധ്യതകൾ നൽകി. പ്രണവ് മോഹൻലാൽ – കല്യാണി കൂട്ടുകെട്ടും പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന ഒന്നാണ്. സുഹാസിനിയും മഞ്ജു വാര്യരും നെടുമുടി വേണുവും മുകേഷും ഹരീഷ് പേരടിയും തുടങ്ങിയ പ്രഗൽഭരായ താരങ്ങളുടെ അഭിനയ മുഹൂർത്തങ്ങൾ ചിത്രത്തിന് മാറ്റ് കൂട്ടി.

Read Also: പ്രിയപ്പെട്ട ഇച്ചാക്കയുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി- മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് മോഹൻലാൽ

പ്രണവിന്റെ പ്രകടനമാണ് എടുത്തുപറയേണ്ട ഘടകം. ഇടംകയ്യനായ താനെങ്ങനെ വലംകയ്യനായ അച്ഛന്റെ ചെറുപ്പം അവതരിപ്പിക്കും എന്ന് ചോദിച്ച പ്രണവ് പ്രകടനത്തിലൂടെ വിസ്മയിപ്പിച്ചുകളഞ്ഞു. ഇത്രയും കാലം നേട കാത്തിരിപ്പ് ഒട്ടും നിരാശ സമ്മാനിക്കാത്ത മൂന്നു മണിക്കൂറാണ് പ്രേക്ഷകർക്ക് നൽകിയത്.

Story highlights- marakkar, arabikkadalinte simham review