ലിജോ ജോസ് ചിത്രത്തിൽ നായകനായി മമ്മൂട്ടി; ‘നൻപകൽ നേരത്ത് മയക്കം’ വിശേഷങ്ങൾ

സിനിമ ആസ്വാദകർക്ക് വ്യത്യസ്തമായ ആസ്വാദന ശൈലി നൽകുന്നതാണ് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രങ്ങൾ. ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും എത്തുന്ന ചിത്രം നൻപകൽ നേരത്ത് മയക്കം പ്രഖ്യാപനം മുതൽക്കേ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ചിത്രീകരണം പൂർത്തിയാക്കിയ സിനിമ പഴനി, വേളാങ്കണ്ണി തുടങ്ങി തമിഴ് നാടിൻറെ ചില ഭാഗങ്ങളിലായി 28 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. മമ്മൂട്ടിക്കൊപ്പം അശോകനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അമരത്തിന് ശേഷം മമ്മൂട്ടിയും അശോകനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

ലിജോയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടിയുടെ പുതിയ നിർമാണക്കമ്പനിയായ മമ്മൂട്ടി കമ്പനിയും ലിജോ ജോസിൻ്റെ ആമേൻ മുവി മൊണാസ്ട്രിയും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.

അതേസമയം ചുരുളിയാണ് ലിജോയുടെതായി അവസാനം റിലീസ് ചെയ്ത ചിത്രം. 19 ദിവസങ്ങൾ മാത്രമെടുത്ത് കാടിനുള്ളിൽ ചിത്രീകരിച്ച സിനിമയാണ് ചുരുളി. പെരുമാടനെ പിടിച്ചുകെട്ടാൻ വന്ന തിരുമേനിയുടെ കഥയാണ് ചുരുളി പറയുന്നത്. ചിത്രത്തിൽ ചെമ്പൻ വിനോദ്, ജോജു ജോർജ്, വിനയ് ഫോർട്ട്, ഗീതിക തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ് ഹരീഷിന്റെ തിരക്കഥയിൽ മൂവി മൊണാസ്ട്രിയും, ചെമ്പോസ്‌കിയും ഒപസ് പെന്റായുമാണ് ‘ചുരുളി’ നിർമ്മിച്ചിരിക്കുന്നത്.

Read also : കുഞ്ഞിന്റെ ദേഹത്തേക്ക് പതിക്കാൻ ഒരുങ്ങിയ ഫ്രിഡ്ജ്, അപകടം ഒഴിവായത് റെസ്റ്ററന്റ് ജീവനക്കാരന്റെ സമയോചിതമായ ഇടപെടൽ മൂലം, ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

സിബിഐ അഞ്ചാം ഭാഗത്തിലാണ് ഇതിന് ശേഷം മമ്മൂട്ടി അഭിനയിക്കുക. സംവിധായകന്‍ കെ മധു, തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി, നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍, മമ്മൂട്ടി എന്നിവരുടെ കൂട്ടുകെട്ട് വീണ്ടുമെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ചലച്ചിത്രപ്രേമികൾ.

Story highlights: Mmamootty Lijo Jose Joins Together