നേർക്കുനേർ പോരാടാൻ അല്ലു അർജുനും ഫഹദും- പുഷ്പ ട്രെയിലർ എത്തി

അല്ലു അർജുൻ നായകനാവുന്ന ‘പുഷ്പ : ദി റൈസ്’ റിലീസിന് ഒരുങ്ങുകയാണ്. അഞ്ച് ഭാഷകളിൽ പുറത്തിറങ്ങുന്ന സിനിമയുടെ ട്രെയ്‍ലർ എത്തി. ഡിസംബർ‍ 17നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. സൂപ്പര്‍ ഹിറ്റായ ആര്യ, ആര്യ2 എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ സുകുമാറും അല്ലു അർജുനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പുഷ്പ.

രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയിൽ രശ്മിക മന്ദാനയാണ് നായിക. ഫഹദ് ഫാസിലാണ് പ്രതിനായകവേഷത്തിൽ എത്തുന്നത്. നായകനായ പുഷ്പരാജിനെ അവതരിപ്പിച്ചുകൊണ്ടുള്ള വിഡിയോയും ദേവി ശ്രീ പ്രസാദ് ഒരുക്കിയ ഗാനങ്ങളും പോസ്റ്ററുകളുമൊക്കെ അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മിറോസ്ലോ ക്യൂബ ബ്രോസെക് ആണ് സിനിമയുടെ ഛായാഗ്രഹണം.

വേറിട്ട മേക്കോവറിലാണ് അല്ലു അർജുൻ ചിത്രത്തിലെത്തുന്നത്. ലോറി ഡ്രൈവറുടെ വേഷത്തിൽ ആണ് അല്ലു അർജുൻ ചിത്രത്തിൽ അഭിനയിക്കുന്നത്. താടിയും മുടിയുമൊക്കെ വളർത്തിയ ലുക്കിലാണ് താരം പോസ്റ്ററിലുള്ളത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തുന്നത്.

Read More: ഇത് പുനീതിന്റെ സ്വപ്നം; ആരാധകരുടെ കണ്ണുനിറച്ച് അവസാന ചിത്രം ‘ഗന്ധാഡഗുഡി’യുടെ ടീസർ

ജഗപതി ബാബു, പ്രകാശ് രാജ്, ധനഞ്ജയ്, സുനിൽ, ഹരീഷ് ഉത്തമൻ, വെണ്ണേല കിഷോർ, അനസൂയ ഭരദ്വാജ്, ശ്രീതേജ് എന്നിവരടങ്ങുന്ന വമ്പൻ താരനിരയും ചിത്രത്തിലുണ്ട്. മിറോസ്ലോ കുബ ബ്രോസെക് ആണ് ഛായാഗ്രഹണം. ദേവിശ്രീ പ്രസാദ് സംഗീതം, കാർത്തിക ശ്രീനിവാസാണ് എഡിറ്റിങ്ങ്. മൈത്രി മൂവി മേക്കേഴ്സിന്റേയും മുട്ടംസേട്ടി മീഡിയയുടേയും ബാനറിൽ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്നാണ്. പിആർഒ ആതിര ദിൽജിത്ത്. മൊഴിമാറ്റ ചിത്രങ്ങളിലൂടെ കേരളത്തിലും സൂപ്പര്‍ സ്റ്റാറാണ് അല്ലു അര്‍ജുൻ. കേരളത്തിലും അദ്ദേഹത്തിന് ഫാൻസ് അസോസിയേഷനുകളുണ്ട്. ഈയടുത്ത് അദ്ദേഹവും ജയറാമും ഒന്നിച്ചെത്തിയ ചിത്രം അങ്ങ് വൈകുണ്ഠപുരത്ത് കേരളത്തിൽ കളക്ഷൻ റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിരുന്ന സിനിമയാണ്.

Story highlights- pushpa movie trailer out now