ഒമിക്രോൺ കൊണ്ടുപോകുമോ തിരക്കേറിയ ഈ കായിക വർഷം…

January 11, 2022

കായികാഘോഷങ്ങൾ ആവേശത്തിന്റെ കൊടുമുടി കയറിയിരുന്ന വർഷത്തിലാണ് കൊറോണ വൈറസ് ലോകം മുഴുവനും കീഴക്കുന്നത്. പിന്നീടിങ്ങോട്ട് ലോകം മുഴുവൻ കൊറോണയുടെ നിയന്ത്രണത്തിലാണ്. കായികലോകത്തിന്റെ അവസ്ഥയും മറ്റൊന്നല്ല, മാറ്റിവെക്കലും ഒഴിവാക്കലും കൊണ്ട് ആവേശകാഴ്ചകൾക്ക് കുറവുവന്നു. വലിയ പ്രതീക്ഷയുടെ ഹൃദയവുമായാണ് കായിക പ്രേമികൾ 2022 നെ വരവേറ്റത്. വലിയ മത്സരങ്ങൾക്ക് സാക്ഷിയാകുന്ന വർഷം, പലകുറി മാറ്റിവെച്ച വലിയ മത്സരങ്ങൾ നടക്കാൻ പോകുന്ന വർഷം… ഇതൊക്കെ മതിയല്ലോ കായിക പ്രേമികൾക്ക് 2022-നോട് വല്ലാത്ത പ്രണയം തോന്നാൻ.

പക്ഷെ, ഒമിക്രോണിന്റെ കടന്നുവരവ് 2022 ന്റെ തുടക്കത്തിലേ പല മത്സങ്ങളും മാറ്റിവെപ്പിച്ചു, ഇത് കായിക പ്രേമികൾക്ക് ആശങ്കയുടെ ഗാഗുൽത്താമല കയറ്റത്തിന് അവസരമൊരുക്കുന്നുണ്ട്. ഇന്ത്യയിലെ എറ്റവും പ്രധാനപ്പെട്ട ഫുട്ബോൾ ലീഗായ ഐ ലീഗ് തുടക്കത്തിലേ കുറച്ച് മത്സരങ്ങൾക്ക് ശേഷം മാറ്റിവെച്ചു. ലോക ക്രിക്കറ്റ് താര ഫാക്ടറി എന്ന് വിശേഷിപ്പിക്കാവുന്ന ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾ ഇനിയെന്ന് എന്നതും വലിയൊരു ചോദ്യചിഹ്നമായി ബാക്കിനിൽക്കുന്നു..

ലോക ഫുട്ബോളിൽ 2022, ലോകോത്തര മത്സരങ്ങളുടെ വർഷമാണ്. ലീഗ് മത്സരങ്ങൾക്കും ചാമ്പ്യൻസ് ലീഗിനും പുറമെ ആഫ്രിക്കൻ നേഷൻസ് കപ്പും വിശ്വ ഫുട്ബോൾ മാമാങ്കവും ഇക്കൊല്ലമാണ്. കുഞ്ഞൻ രാഷ്ട്രമെങ്കിലും ഈ ലോകത്തിന്റെ കായിക സ്പന്ദനങ്ങളെ ഹൃദയിലേറ്റി വലിയ മത്സരങ്ങൾ സഘടിപ്പിച്ച് വിജയിപ്പിച്ച ചരിത്രമവകാശപ്പെടാനുള്ള ഖത്തറിൽ, ഇക്കൊല്ലം നടക്കാൻ പോകുന്ന ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളെ ലോകം ആവേശത്തോടെയും ആകാംഷയുടെയും അതിലപ്പുറം പ്രതീക്ഷയോടെയുമാണ് കാത്തിരിക്കുന്നത്..

Read also: ചെറുപ്രായത്തിൽ വേർപിരിയേണ്ടിവന്ന സഹോദരങ്ങൾ 80 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ; സോഷ്യൽ ഇടങ്ങളുടെ ഹൃദയം കവർന്ന കൂടിച്ചേരൽ

ഒമിക്രോൺ ചതിക്കല്ലേ…

അനുദിനം ഒമിക്രോൺ കേസുകൾ കൂടി വരുന്നതും ലോക്ക്ഡൗണിലേക്കും കർഫ്യുയിലേക്കും ലോകം മുഴുവൻ മെല്ലെ നീങ്ങുന്ന സാഹചര്യത്തിൽ ക്രിക്കറ്റ് ലോകവും ആശങ്കയിലാണ്. യുവ രാജാക്കന്മാരുടെ അണ്ടർ 19 ലോകകപ്പും, പുരുഷ ടി-20 ലോകകപ്പും, വനിതകളുടെ ഏകദിന ലോകകപ്പും ഇക്കൊല്ലം നടക്കാനിരിക്കുന്നുണ്ട്. ലോകം മുഴുവനുമുള്ള ക്രിക്കറ്റ് പ്രേമികളുടെ സിരകളെ തീ പിടിപ്പിക്കുന്ന ടി-20 ലീഗുകളും പതിവുപോലെയുണ്ട്. ക്രിക്കറ്റ് കളത്തിലെ ആരവങ്ങൾ ഹൃദയ താളമാക്കിയ കാണികൾക്ക് ഒമിക്രോൺ വില്ലനാകില്ലെന്ന് ആശ്വസിക്കാം.

ഈ വർഷത്തെ ടെന്നീസ് പോരാട്ടങ്ങളും രണ്ട് വലിയ റെക്കോർഡുകൾ സംഭവിക്കുന്നതിനായ് കാത്തിരിക്കുന്നുണ്ട്. വനിതാ ടെന്നീസിലെ പോരാട്ട വീര്യത്തിന്റെ തമ്പുരാട്ടി സെറീനയ്ക്ക് ഒരു കീരീടം കൂടി മതി മാർഗരറ്റ് കോർട്ടിന്റെ ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടത്തിന്റെ റെക്കോർഡിനൊപ്പമെത്താൻ.

റോജർ ഫെഡറർ, ജോക്കോവിച്, റാഫേൽ നദാൽ എന്നിവർ 20 കിരീടം ചൂടി ഗ്രാൻഡ്സ്ലാം കിരീട നേട്ടത്തിൽ മുന്നിൽ നിൽക്കുകയാണ് ഇവരിലൊരാൾ ഒറ്റയ്ക്ക് ഒന്നാമതാകുന്നത് കാണാൻ ലോകം കാത്തിരിക്കുന്നുണ്ട്. എമ റഡക്കാനുവിനെയും ലയ്ക്കയെയും പോലുള്ള പുതു പ്രതിഭകളെയും ലോകത്തിന് കാണണം പക്ഷെ അവിടെയും ഒമിക്രോൺ പണി തരാതിരുന്നാൽ മതിയായിരുന്നു.

ഏഷ്യൻ ഗെയിംസ്, ശീതകാല ഒളിംപിക്‌സ്, കോമൺവെൽത്ത് ഗെയിംസ്, ലോക അത്ലറ്റിക് ചാംപ്യൻഷിപ്പ് തുടങ്ങിയ മത്സര പെരുമഴയാണ് അത്ലറ്റിക്സ് വേദിയിൽ ഇക്കൊല്ലമുള്ളത്. ഫോർമുല വണ്ണും, എൻ ബി എ മത്സരങ്ങളും ഗോൾഫും റഗ്ബിയും കബഡി ലീഗുകളും തുടങ്ങി പറഞ്ഞാലും എഴുതിയാലും തീരാത്തത്ര മത്സരങ്ങളുണ്ട് ഇക്കൊല്ലം….. ഒരേയൊരു ആശങ്കയെയുള്ളൂ ഒമിക്രോൺ.

Story Highlights: Omicron and Sports- 2022