97-ാം വയസ്സില്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച് വിദ്യാ ദേവി

‘അയ്യോ എനിക്ക് പ്രായമായി, എന്നെക്കൊണ്ട് ഇനി ഒന്നിനും വയ്യേ…’ എന്നൊക്കെ പരിതപിക്കുന്നവര്‍ അറിയണം വിദ്യാ ദേവിയെക്കുറിച്ച്. തന്റെ 97-ാമത്തെ വയസ്സില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചിരിക്കുകയാണ് ഈ മുത്തശ്ശി. അതും പ്രായമൊക്കെ വെറുമൊരു നമ്പര്‍ മാത്രമല്ലേ എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്.

രാജസ്ഥാനിലെ ശികാര്‍ ജില്ലയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് 97- വയസ്സുകാരിയായ വിദ്യാ ദേവി മത്സരിച്ചതും വിജയിച്ചതും. പുരനാവാസ് പഞ്ചായത്തില്‍ നിന്നും മത്സരിച്ച ഇവര്‍ 207 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ആകെ നേടിയത് 843 വോട്ടുകള്‍. ആരതി മീന ആയിരുന്നു വിദ്യാ ദേവിയുടെ എതിര്‍ സ്ഥാനാര്‍ത്ഥി. വയസ്സ് 97 ആണെങ്കിലും ആരോഗ്യവതിയാണ് വിദ്യാ ദേവി. രണ്ട് കിലോമീറ്റര്‍ നടന്നാണ് ഇവര്‍ നോമിനേഷന്‍ നല്‍കാന്‍ പഞ്ചായത്തില്‍ എത്തിയത് പോലും.

Read more: ഭക്തിഗാനത്തിനൊപ്പം സിനിമാ ഗാനവും പാടി വിരല്‍ത്തുമ്പില്‍ സംഗീതവും തീര്‍ത്ത് ഒരു പുരോഹിതന്‍: വീഡിയോ

അതേസമയം വിദ്യാ ദേവി ആദ്യമായാണ് ഒരു തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. എല്ലാവരുടെയും ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കും എന്ന ഉറപ്പാണ് വിദ്യാ ദേവി വോട്ടര്‍മാര്‍ക്ക് നല്‍കിയിരിക്കുന്നത്. സ്ഥലത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്നും എല്ലായിടത്തും വെള്ളം എത്തിക്കുമെന്നും പാവപ്പെട്ട വിധവകള്‍ക്ക് പെന്‍ഷന്‍ നല്‍കുമെന്നും വിദ്യാ ദേവി വാഗ്ദാനം നല്‍കിയിട്ടുണ്ട്. എന്തായാലും സമൂഹമാധ്യമങ്ങളില്‍ പോലും ശ്രദ്ധ നേടി വിദ്യാ ദേവിയുടെ 97-ാം വയസ്സിലെ ഈ തിരഞ്ഞെടുപ്പ് വിജയം.

കാലുകള്‍ തളര്‍ന്നിട്ടും ക്രിക്കറ്റിനെ സ്‌നേഹിച്ചു; റണ്‍സിനായി ഇഴഞ്ഞു നീങ്ങിയ കൊച്ചുമിടുക്കനെ തേടി ഒടുവില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ സര്‍പ്രൈസ്

പുതുവര്‍ഷ ആരംഭത്തില്‍തന്നെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിന്‍റെ ഒരു ട്വീറ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു. ‘ഇവന്റെ കളി കണ്ട് 2020 തുടങ്ങൂ’ എന്ന അടിക്കുറിപ്പോടെയാണ് ഒരു കൊച്ചു ബാലന്റെ വീഡിയോ സച്ചിന്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. ബസ്തര്‍ മേഖലയിലെ റായ്പൂരുകാരന്‍ മഡ്ഡരാം ആയിരുന്നു വീഡിയോയിലെ താരം. കാലുകള്‍ തളര്‍ന്നിട്ടും ആവേശം ചോരാതെ കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന കൊച്ചുമിടുക്കന്റെ വീഡിയോ അതിവേഗം സോഷ്യല്‍മീഡിയയില്‍ വൈറലായി.

പോളിയോ ബാധിച്ചാണ് ഈ പന്ത്രണ്ടുകാരന്റെ കാലുകള്‍ തളര്‍ന്നത്. എന്നാല്‍ ആ തളര്‍ച്ച ഈ മിടുക്കന്റെ ക്രിക്കറ്റിനോടുള്ള ഇഷ്ടത്തെ തെല്ലും തളര്‍ത്തിയില്ല. മുന്നിലേക്ക് പാഞ്ഞെത്തിയ പന്ത് അടിച്ച ശേഷം സിംഗിളിനായി ഇഴഞ്ഞ് നീങ്ങുന്ന മഡ്ഡരാം കാഴ്ചക്കാരുടെ കണ്ണു നിറച്ചു. എങ്കിലും ബാലന്റെ മനക്കരുത്തിന് നിറഞ്ഞ കൈയടി നല്‍കി സൈബര്‍ലോകം.

Read more: കുക്കീസ് സംവിധാനം നിര്‍ത്തലാക്കാന്‍ ഒരുങ്ങി ഗൂഗിള്‍ ക്രോം

ഇപ്പോഴിതാ ഒരു സര്‍പ്രൈസ് കൂടിയെത്തിയിരിക്കുകയാണ് മഡ്ഡരാമിനെ തേടി. അതും സാക്ഷാല്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ വക. ഒരു ക്രിക്കറ്റ് കിറ്റാണ് സച്ചിന് സമ്മാനമായി മഡ്ഡരാമിന്റെ മനക്കരുത്തിന് നല്‍കിയിരിക്കുന്നത്. ‘ആസ്വദിച്ചുള്ള ക്രിക്കറ്റ് കളി ഇഷ്ടപ്പെട്ടു. ആ ഇഷ്ടത്തിന് എന്റെ വക ഒരു ചെറിയ സമ്മാനം. കളി തുടരൂ..’ സമ്മാനത്തിനൊപ്പം ഇങ്ങനെ എഴുതിയ ഒരു കുറിപ്പും സച്ചിന്‍ മഡ്ഡരാമിന് നല്‍കി.

സമൂഹ്യമാധ്യമങ്ങളിലൂടെ മഡ്ഡരാമിനെ കുറിച്ച് അറിഞ്ഞ് നിരവധി പേര്‍ ബാലന് സഹായവുമായെത്തുന്നുണ്ട്. ജില്ലാ വിദ്യാഭ്യസ വകുപ്പ് മുച്ചക്ര സൈക്കിളും ഈ മിടുക്കന് സമ്മാനിച്ചിരുന്നു.

പാപ്പാനൊപ്പം പൊതിച്ചോറ് പങ്കിടുന്ന ആന; സോഷ്യല്‍ മീഡിയയില്‍ വൈറലായ സ്‌നേഹക്കാഴ്ച

തല ഉയര്‍ത്തി നില്‍ക്കുന്ന ഗജരാജവീരന്മാരോട് ആരാധനയും ഇഷ്ടവുമൊക്കെ ഏറെയുണ്ട് പലര്‍ക്കും. ഇത്തരത്തില്‍ ആനപ്രേമികള്‍ ധാരാളമുള്ളതുകൊണ്ടുതന്നെ ആനക്കഥകള്‍ക്കും നാട്ടില്‍ പഞ്ഞമില്ല. ആനകളുടെ രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്.

തുമ്പിക്കൈകൊണ്ട് ചക്ക പറിച്ച് കഴിക്കുന്ന ആനയും മാമ്പഴം പറിക്കാന്‍ മതിലു ചാടിക്കടന്ന ആനയുമെല്ലാം അടുത്തിടെ സൈബര്‍ലോകത്ത് ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഒരു ആനയുടെയും ആനപാപ്പാന്റെയും സ്‌നേഹപ്രകടനമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഒരേ ഇലയില്‍ നിന്നും ഭക്ഷണം കഴിക്കുന്ന ആനയും പാപ്പാനുമാണ് വീഡിയോയിലെ താരങ്ങള്‍.

Read more: നഗരത്തിലെ പക്ഷികള്‍ക്ക് കൃത്യമായി ഭക്ഷണം നല്‍കുന്ന ട്രാഫിക് പോലീസ്; ദേ ഇതാണ് ‘പക്ഷിമനുഷ്യന്‍’

ആനയുടെ സമീപത്തിരുന്ന് പൊതിച്ചോറ് കഴിക്കുകയായിരുന്നു പാപ്പാന്‍. ആനയ്ക്ക് കഴിക്കാന്‍ ആവശ്യമായ ഓല സമീപത്തുണ്ടെങ്കിലും ഗജരാജവീരന്‍ അതൊന്നും കാര്യമാക്കുന്നില്ല. പാപ്പാന്‍ ഇലപ്പൊതിയില്‍ നിന്നും ഒരു ഉരുള ചോറ് കഴിക്കുമ്പോള്‍ ആനയും അതേ പൊതിച്ചോറില്‍ നിന്നും അല്‍പം കഴിക്കുന്നു. വ്യത്യസ്തവും മനോഹരവുമായ സൗഹൃദം നിറഞ്ഞ ഈ സ്‌നേഹക്കാഴ്ച സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേരാണ് പങ്കുവയ്ക്കുന്നത്.

തൊട്ടപ്പുറത്തെ ഇലയിൽ നിന്നെടുത്ത് കഴിക്കെടാ 🤣 ഇതൊക്കെയാണ് സൗഹൃദം

Posted by Variety Media on Saturday, 18 January 2020

തിരക്കേറിയ നഗരത്തിലൂടെ ഹെല്‍മെറ്റ് ധരിച്ച് നായയുടെ ബൈക്ക് സവാരി: വൈറല്‍ വീഡിയോ

രസകരമായ വീഡിയോകളും ചിത്രങ്ങളുമൊക്കെ അതിവേഗം സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട് ഇക്കാലത്ത്. മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും പക്ഷികളുമൊക്കെ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ താരാമാകാറുണ്ട്. ഇപ്പോഴിതാ ഒരു നായ ആണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

തിരക്കേറിയ നഗരത്തിലൂടെ ഉടമയ്ക്ക് പിന്നിലിരുന്ന് ബൈക്ക് യാത്ര ചെയ്യുകയാണ് ഈ നായ. വെറും യാത്രയല്ല, ഇരു ചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ പിന്‍സീറ്റിലുള്ളവര്‍ സുരക്ഷയ്ക്ക് വേണ്ടി ഹെല്‍മെറ്റ് ധരിക്കണം എന്ന നിയമം പാലിച്ചുകൊണ്ടുള്ള യാത്ര തന്നെ. ഹെല്‍മെറ്റ് ധരിച്ചുകൊണ്ടാണ് നായയുടെ യാത്ര. മുന്‍കാലുകൊണ്ട് ഉടമയുടെ തോളത്തും പിടിച്ചിരിക്കുന്നു.

Read more: ജോജു ജോര്‍ജും കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങള്‍; പുതിയ ചിത്രവുമായി മാര്‍ട്ടിന്‍ പ്രക്കാട്ട്‌

എന്തായാലും ഹെല്‍മെറ്റ് ധരിച്ചുകൊണ്ടുള്ള നായയുടെ ഈ ബൈക്ക് സവാരി സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. കാഴ്ചക്കാരില്‍ ആരോ പകര്‍ത്തിയതാണ് ഈ ദൃശ്യം. ചെന്നൈയിലെ വിരുഗമ്പാക്കത്തിലൂടെയായിരുന്നു നായയുടെ ഈ വൈറല്‍ സഞ്ചാരം.

മുതുകില്‍ വീട് ചുമന്നു നടക്കുന്ന ഒച്ചുമനുഷ്യന്‍; അറിയാക്കഥ

തലവാചകം കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് കൗതുകം തോന്നിയേക്കാം. മറ്റു ചിലര്‍ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് തലപുകഞ്ഞ് ആലോചിച്ചേക്കാം. എന്തായാലും സംഗതി സത്യമാണ്. മുതുകില്‍ വീടും ചുമന്നു നടക്കുന്ന ഒരു മനുഷ്യനുണ്ട്, ചൈനക്കാരനായ ലിയു ലിന്‍ചുവു. വീട് ഇത്തരത്തില്‍ ചുമന്നു നടക്കാന്‍ ഇദ്ദേഹത്തിന് വ്യക്തമായ കാരണവുമുണ്ട്.

ലിയു ലിന്‍ചുവുവിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലെല്ലാം വൈറലാണ്. കാണുമ്പോള്‍ കൗതുകം തോന്നുമെങ്കിലും ഒരല്പം നൊമ്പരം നിറഞ്ഞതാണ് ഇദ്ദേഹത്തിന്റെ കഥ. ചൈനയിലെ ഒരു ഉള്‍നാടന്‍ ഗ്രാമപ്രദേശത്താണ് ലിയു ലിന്‍ചുവുവിന്റെ യഥാര്‍ത്ഥ വീട്. അവിടെ നിന്നുമാണ് പോര്‍ട്ടബിള്‍ വീടും ചുമന്നുകൊണ്ടുള്ള ലിയുവിന്റെ സഞ്ചാരം ആരംഭിക്കുക.

മൂന്ന് ദിവസത്തോളം വീടും ചുമന്നുകൊണ്ട് ഇയാള്‍ നടക്കും. അതായത് സെന്‍ട്രല്‍ ചൈനയിലെ പട്ടണമായ ലിനുസുവില്‍ എത്തുന്നതുവരെ. വീടും ചുമന്നുകൊണ്ടുള്ള സഞ്ചാരത്തിനിടെ മടുക്കുമ്പോള്‍ ലിയു വീട്ടില്‍ ഇരുന്നും കിടന്നുമെല്ലാം വിശ്രമിക്കാറുണ്ട്.

Read more: ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയായി ദീപിക പൊതു ഇടങ്ങളിലേക്ക് ഇറങ്ങിയപ്പോള്‍: വീഡിയോ

ജീവിത മാര്‍ഗത്തിന്റെ ഭാഗമായാണ് ലിയു ഇങ്ങനെ വീടും ചുമന്നു നടക്കുന്നത്. പഴയ വസ്തുക്കള്‍ ശേഖരിച്ച് നഗരത്തില്‍ കൊണ്ടുവന്നു വില്‍ക്കുന്നതാണ് ലിയുവിന്റെ ജോലി. യാത്രയില്‍ വിശ്രമിക്കാനായി മറ്റ് സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഒരുപാട് പണം ചെലവാകാറുണ്ട്. ഇക്കാരണത്താലാണ് മുതുകില്‍ വീടും ചുമന്നുകൊണ്ട് ലിയു നടക്കുന്നത്.

അതേസമയം സ്‌നെയില്‍ മാന്‍ അഥവാ ഒച്ചുമനുഷ്യന്‍ എന്നാണ് ലിയു ലിന്‍ചുവു അറിയപ്പെടുന്നത്. ഈ പേര് ലഭിച്ചതോടെ ലിയുവിനെ ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങി. ഇപ്പോള്‍ നഗരത്തിലെത്തിയാല്‍ ഇദ്ദേഹത്തോടൊപ്പം ചിത്രങ്ങള്‍ പകര്‍ത്താനും നിരവധിപ്പേര്‍ എത്തുന്നു. എന്നാല്‍ വീടും ചുമന്നുകൊണ്ടുള്ള ഈ നടപ്പ് ലിയുവിന് അല്‍പം പ്രശസ്തി നേടിക്കൊടുത്തെന്നാണ് അദ്ദേഹം പറയുന്നത്.

തങ്കച്ചന്റെ ‘മറിയേടമ്മേടെ ആട്ടിന്‍കുട്ടി’ക്ക് ഒരു കുട്ടിവേര്‍ഷന്‍

‘മറിയേടമ്മേടെ ആട്ടിന്‍കുട്ടി
മണിയന്റമ്മേടെ സോപ്പു പെട്ടി
പാട്ടുപെട്ടി വട്ടപ്പെട്ടി
വെറുതെ നിന്നാല്‍ കുട്ടംപെട്ടി…’
ഈ വരികള്‍ ഏറ്റുപാടാത്ത മലയാളികള്‍ ഉണ്ടാകില്ല. ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക് (ടമാര്‍ പടാര്‍ 2) എന്ന പരിപാടിയിലൂടെ തങ്കച്ചന്റെ ഈ പാട്ട് സൂപ്പര്‍ ഹിറ്റായി. ടിക് ടോക്കുകളില്‍ പോലും കൈയടി നേടുന്ന ഈ പാട്ട് സമൂഹമാധ്യമങ്ങളില്‍ ഇതിനോടകംതന്നെ വൈറലായിക്കഴിഞ്ഞു. ഇപ്പോഴിതാ തങ്കച്ചന്റെ പാട്ട് പാടി കൈയടി നേടുകയാണ് ഒരു കൊച്ചു മിടുക്കി. എന്തായാലും തങ്കച്ചന്റെ പാട്ടിന്റെ ഈ കുട്ടിവേര്‍ഷനും സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

സ്റ്റാര്‍ മാജിക്ക് എന്ന പരിപാടി പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത് തികച്ചും വേറിട്ട ആസ്വാദനമാണ്. സ്റ്റാര്‍ മാജിക് പരിപാടിയിലെ താരങ്ങളെല്ലാം പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ സ്ഥാനമുറപ്പിച്ചിരിക്കുന്നു. തങ്കച്ചന്‍ വിതുര എന്ന താരത്തെ പ്രേക്ഷകര്‍ ഏറെ സ്‌നേഹത്തോടെ തങ്കു എന്നാണ് വിളിക്കുന്നത്. ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കിലെ തങ്കുവിന്റെ ഓരോ പ്രകടനങ്ങളും പ്രേക്ഷകര്‍ക്ക് മനോഹരമായ ചിരി വിരുന്നാണ് സമ്മാനിക്കുന്നതും.

മറിയേടമ്മേടെ ആട്ടിൻ കുട്ടി 🐏🎼🎵🎶🤣🎤🎤🐏🤣🤣ഇത്രേം ഒള്ളൂന്ന്….

Posted by Sandeep Maneesha on Sunday, 5 January 2020

തിരുവനന്തപുരം വിതുര സ്വദേശിയാണ് തങ്കച്ചന്‍. കുട്ടിക്കാലം മുതല്‍ക്കേ പാട്ടും മിമിക്രിയും ഡാന്‍സുമെല്ലാം ഏറെ ഇഷ്ടത്തോടെ താരം കൂടെകൂട്ടി. 199596 കാലഘട്ടങ്ങളില്‍ അമ്മാവന്റെ മകനൊപ്പം ചേര്‍ന്ന് തങ്കച്ചന്‍ ‘ന്യൂ സ്റ്റാര്‍ ഓര്‍ക്കസ്ട്ര’ എന്ന ഒരു ട്രൂപ്പ് തുടങ്ങിയിരുന്നു. എന്നാല്‍ ഏറെ നാള്‍ ഉണ്ടായിരുന്നില്ല ഈ ട്രൂപ്പ്.

പിന്നീട് തിരുവനന്തപുരത്തെ മറ്റ് സമതികളുടെ ഭാഗമായി. മിനിസ്‌ക്രീനില്‍ സാന്നിധ്യമറിയിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ക്കേ തങ്കച്ചനെ പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങി. അലങ്കാരങ്ങളുടെ പൊടിപ്പും തൊങ്ങലുമില്ലാതെ ഹാസ്യത്തെ അനായാസം കൈകാര്യം ചെയ്യാന്‍ ഈ കലാകാരന് സാധിക്കുന്നു.

‘മെമ്മറീസ്’, ‘ലൈഫ് ഓഫ് ജോസുകുട്ടി’, ‘ദൃശ്യം’, ‘അമര്‍ അക്ബര്‍ അന്തോണി’, ‘പരോള്‍’ തുടങ്ങിയ സിനിമകളില്‍ തങ്കച്ചന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളും ചലച്ചിത്ര ലോകത്ത് ഏറെ ശ്രദ്ധ നേടി. എന്തായാലും ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കിലെ തങ്കച്ചന്‍ ഈ പെട്ടിപ്പാട്ടിലൂടെ പ്രേക്ഷകരുടെ സ്റ്റാറായി മാറിയിരിക്കുകയാണ്.

ഹൃദയത്തില്‍ സുഷിരം, സഹായമേകി മമ്മൂട്ടി; ആ ഇരട്ടകള്‍ ഇന്ന് എഞ്ചിനീയര്‍മാര്‍

വെള്ളിത്തിരയില്‍ വ്യത്യസ്ത കഥാപാത്രങ്ങളെ അവിസ്മരമീയമാക്കുന്ന മഹാനടനാണ് മമ്മൂട്ടി. വെള്ളിത്തിരയ്ക്ക് പുറത്ത് സമൂഹത്തില്‍ അനേകര്‍ക്ക് സഹായവുമേകാറുണ്ട് താരം. മമ്മൂട്ടിയുടെ കരുതലും സ്‌നേഹവും നന്മയും എത്രത്തോളം ആഴമുള്ളതാണെന്ന് വെളിപ്പെടുത്തുകയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു കുറിപ്പ്. ജിക്‌സണ്‍, നിക്‌സണ്‍ എന്നീ ഇരട്ടകള്‍ക്ക് വെല്ലുവിളികള്‍ നിറഞ്ഞ ജീവിതത്തില്‍ നിന്നും ഉയര്‍ന്നു പറക്കാന്‍ കരുത്തേകിയത് മമ്മൂട്ടിയുടെ സമയോചിതമായ ഇടപെടലാണ്. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള റോബര്‍ട്ട് കുര്യാക്കോസ് ആണ് ഈ കഥ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ജിക്‌സണും നിക്‌സണും എഞ്ചിനീയര്‍മാരായി, ബയോ മെഡിക്കല്‍ എഞ്ചിനീയര്‍മാര്‍. സ്വന്തം സഹോദരങ്ങള്‍ക്ക് ലഭിച്ച വിജയം പോലെ എന്നെയും ഒരുപാട് സന്തോഷിപ്പിക്കുന്നതാണ് ഈ ഇരട്ടകളുടെ വിജയം.

മമ്മൂക്കയെ അന്വേഷിച്ചുള്ള ഇവരുടെ യാത്രയില്‍ ഒരു നിമിത്തമായാണ് ഞാനും ഉള്‍പ്പെടുന്നത്. ഏതാണ്ട് 12 വര്‍ഷം മുന്‍പ് എനിക്ക് ഒരു ഫോണ്‍ വന്നു. ബസ്സിന്റെ ഇരമ്പലും വിളിക്കുന്ന ആളുടെ വിതുമ്പലും കാരണം എനിക്ക് അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായില്ല. കോള്‍ കട്ട് ആയികൊണ്ടേ ഇരുന്നു. പക്ഷേ അയാള്‍ വീണ്ടും വീണ്ടും വിളിച്ചു കൊണ്ടേ ഇരുന്നു. മമ്മുക്കയെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടു വിളിക്കുന്ന ആയിരക്കണക്കിന് കോളുകള്‍ ഞാന്‍ അറ്റന്‍ഡ് ചെയ്തിട്ടുണ്ടങ്കിലും ഇതു അത്തരം ഒന്നല്ലന്ന് മനസ്സിലായി. ഞാന്‍ അങ്ങോട്ട് വിളിച്ചോളാം എന്ന ഉറപ്പില്‍ പിന്നെ കുറെ നേരം അയാള്‍ വിളിച്ചില്ല. ഒരു മണിക്കൂര്‍ കഴിഞ്ഞു ഞാന്‍ അദ്ദേഹത്തെ തിരിച്ചു വിളിക്കുമ്പോളും അയാള്‍ വിതുമ്പുകയായിരുന്നു.

എങ്കിലും അദ്ദേഹം കാര്യം പറഞ്ഞു. പേര് ജോണ്‍സന്‍. കോതമംഗലം സ്വദേശി. കൂലി പണി എടുത്താണ് ജീവിതം. രണ്ടു ഇരട്ട കുട്ടികള്‍ ആണുള്ളത്. വിട്ടുമാറാത്ത ചില അസുഖങ്ങളെ തുടര്‍ന്നുള്ള പരിശോധനയില്‍ രണ്ടു മക്കള്‍ക്കും ഹൃദയത്തില്‍ വലിയ സുഷിരം ഉള്‍പ്പെടെ ചില വലിയ വെല്ലുവിളികള്‍ നേരിടുന്നു. ശ്രീചിത്തിരയില്‍ അസുഖം സ്ഥിരീകരിച്ചു മടങ്ങുന്ന വഴി ആണ്. രണ്ടു പേര്‍ക്കും കൂടി ലക്ഷങ്ങള്‍ വേണം. ഈ സാഹചര്യത്തില്‍ ആ തുക സ്വപ്നം കാണാന്‍ പോലും ആകുന്നില്ല. കണ്ണില്‍ ഇരുട്ട് കയറി, നിസ്സഹായനായി ഇരുന്നു ദൈവത്തെ വിളിക്കാനെ സാധിക്കുന്നുള്ളൂ. ബസില്‍ അടുത്ത സീറ്റില്‍ ഇരുന്ന യാത്രക്കാരന്‍ ജോണ്‍സനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, കാര്യം മനസ്സിലാക്കിയ അയാള്‍ പറഞ്ഞു എന്റെ മകന്‍ ഒരു മമ്മൂട്ടി ഫാന്‍സുകാരന്‍ ആണ്. അവരുടെ മമ്മൂട്ടി ആളുകളെ സഹായിക്കാന്‍ മടി കാണിക്കാത്ത ആളാണ്. ഞാന്‍ ചോദിക്കട്ടെ വല്ല വഴിയും ഉണ്ടോ എന്ന്.. അയാള്‍ മകനെ വിളിച്ചു, മകന്‍ കൊടുത്തത് എന്റെ നമ്പറും.

കാര്യഗൗരവം മനസ്സിലാക്കിയ ഞാനും നിസ്സഹായന്‍ ആയിരുന്നു, കാരണം ഇതിനു പറ്റിയ പദ്ധതികള്‍ ഒന്നും കയ്യില്‍ ഇല്ല. എങ്കിലും ഞാന്‍ മമ്മൂക്കയുടെ മാനേജര്‍ ജോര്‍ജ് ചേട്ടനുമായി ഇക്കാര്യം സംസാരിച്ചു.

മമ്മൂക്കയുമായി സംസാരിച്ചിട്ട് വിളിക്കാം എന്ന് പറഞ്ഞു അദ്ദേഹം ഫോണ്‍ വെച്ച് പത്തു മിനിറ്റ് കഴിഞ്ഞതേ ഉള്ളു, മമ്മൂക്ക തന്നെ തിരിച്ചു വിളിച്ചു. കാര്യങ്ങള്‍ ഒന്ന് കൂടി അന്വേഷിച്ചു, എന്നിട്ട് പറഞ്ഞു ‘ തന്നെ വിളിക്കും മുന്‍പ് ഞാന്‍ ഫൈസലിനെ വിളിച്ചിരുന്നു.. നെയ്യാറ്റിന്‍കര നിംസ് ഹോസ്പിറ്റലിന്റെ എംഡി യാണ് ഫൈസല്‍. അവിടെ വലിയ ഹൃദ്രോഗ ചികിത്സ വിഭാഗം തുടങ്ങിയിട്ടുണ്ട്. മുതിര്‍ന്ന ആളുകളെ ചികില്‍സിക്കാന്‍ ഉള്ള സൗകര്യം ആണുള്ളത്, എങ്കിലും ഈ കുട്ടികളില്‍ അടിയന്തിരചികിത്സ ആവശ്യം ഉള്ള ആളുടെ ശസ്ത്രക്രിയയും മറ്റു ചികിത്സകള്‍ക്കും ഉള്ള ഏര്‍പ്പാട് ഞാന്‍ ചെയ്തിട്ടുണ്ട്. താന്‍ അത് കോര്‍ഡിനേറ് ചെയ്‌തോളു !! ദൈവത്തിന്റെ അത്ഭുതകരമായ ഒരു ഇടപെടല്‍ ആയിരുന്നു അത്.

മമ്മൂക്കയും നിംസ് ഹോസ്പിറ്റലും ചേര്‍ന്നുള്ള ഹാര്‍ട്ട് ടു ഹാര്‍ട്ട് എന്ന ഒരു പദ്ധതി തന്നെ ഇതോടെ ആരംഭിക്കുകയായിരുന്നു. ഇന്ന് മുന്നൂറിനടുത്ത് സൗജന്യ ഹൃദയ ശസ്ത്രക്രിയകള്‍ അതിനെ തുടര്‍ന്ന് അവിടെ നടന്നു, നിക്‌സണ്‍ ജീവിതത്തിലേക്ക് മടങ്ങി വന്നു.
ഏതാണ്ട് ഒരു കൊല്ലം കഴിഞ്ഞു, ജോണ്‍സന്‍ വീണ്ടും വിളിച്ചു. ‘ഇരട്ടകളില്‍ രണ്ടാമന്റെയും സ്ഥിതി മോശം ആകുന്നു. ഇനി വൈകി കൂടെന്നു ഡോക്ടര്‍മാര്‍ പറയുന്നു. മമ്മൂട്ടി സാറിനെ അറിയിക്കാമോ? ‘.

മമ്മൂക്കക്ക് അപ്പോഴേക്കും കൃത്യമായ ഒരു പദ്ധതി മനസ്സില്‍ ഉണ്ടായിരുന്നു. കുട്ടികളില്‍ വര്‍ധിച്ചുവരുന്ന ഹൃദ്രോഗ അവസ്ഥക്ക് തന്നാലാവും വഴി എന്തെങ്കിലും ചെയ്യണം എന്ന് അദ്ദേഹവും തീരുമാനം എടുത്തിരുന്നു. നിരാലംബരായ കുടുംബങ്ങളിലെ കുട്ടികളില്‍ ആണ് ഈ അവസ്ഥ കണ്ടുവരുന്നത് എന്നത് തന്നെ ആയിരുന്നു കാരണം. അതിനായി അദ്ദേഹം സമാന മനസ്‌കരുമായി ചേര്‍ന്ന് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് ഇതോടെ രൂപം കൊടുക്കുകയായിരുന്നു. ഇന്ന് നമ്മള്‍ കാണുന്ന ഈ ബൃഹത് സംരഭത്തിന്റ ആദ്യ ഗുണഭോക്താവായി ഇരട്ടകളില്‍ ഈ രണ്ടാമനെ മമ്മൂക്ക നിശ്ചയിച്ചു.. അവനും ജീവിതത്തില്‍ മടങ്ങി എത്തി.

വര്‍ഷങ്ങള്‍ കഴിഞ്ഞു, രണ്ടു പേരും പഠിച്ചു, ബഹു മിടുക്കരായി.. എഞ്ചിനീയര്‍മാരായി . ഇതില്‍ പരം സന്തോഷം എന്ത് വേണം?? അന്ന് കുട്ടികള്‍ക്കായി മമ്മൂക്ക ഈ പദ്ധതി ആരംഭിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ കാതില്‍ മുഴങ്ങുകയാണ്.. നമ്മുടെ ഇന്നത്തെ കുട്ടികള്‍ നാളത്തെ രാജ്യത്തിന്റെ നട്ടെല്ല് ആണ്. കതിരില്‍ വളം വെച്ചിട്ട് കാര്യം ഇല്ല. വിത്ത് മുളക്കുമ്പോളും വളരുമ്പോളും ആണ് വളം ചെയ്യേണ്ടത്. അതുപോലെ തന്നെ ചെയ്തു. ജാക്‌സണും നിക്‌സണും പോലെ നൂറു കണക്കിന് യുവാക്കളും യുവതികളും മലയാളത്തിന്റെ ആ ‘അഹങ്കാരി’ തെളിച്ച വഴിയിലൂടെ ജീവിതത്തില്‍ ഇപ്പോള്‍ എത്തിയിട്ടുണ്ടാവും, അല്ലേ??

ഇപ്പോള്‍ ജാക്‌സണും നിക്‌സണും വലിയ ഒരാഗ്രഹം ബാക്കി നില്‍ക്കുവാണ്. തങ്ങളുടെ ഈ സര്‍ട്ടിഫിക്കേറ്റുകള്‍ മമ്മൂക്കയെ ഒന്ന് കാണിക്കണം, ജോലിയില്‍ കയറും മുന്‍പ് ഒരിക്കല്‍ കൂടി ആ മഹാ മനുഷ്യന്റെ അനുഗ്രഹം വാങ്ങണം !!

(എന്റെ ഒരു സംശയം ഇപ്പോഴും ബാക്കി, അന്ന് ആരായിരിക്കും ബസില്‍ ജോണ്‍സന്‍ ചേട്ടനെ കണ്ട ആ മനുഷ്യന്‍..?? )

‘ഞാന്‍ ജാക്‌സനല്ലെടാ…’ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചുവടുവെച്ച് സൗബിന്‍: വീഡിയോ

വെള്ളിത്തിരയില്‍ അഭിനയ വിസ്മയങ്ങള്‍ തീര്‍ക്കുന്ന ചലച്ചിത്ര താരങ്ങളുടെ സാമൂഹിക ഇടപെടലുകളും പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ താരമായിരിക്കുകയാണ് സൗബിന്‍ ഷാഹിര്‍. കോളജ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നൃത്തം ചെയ്താണ് താരം കൈയടി നേടുന്നത്. എറണാകുളം സെന്റ് തെരേസാസ് കോളജിലെ ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരം. ഇതിനിടെയാണ് അമ്പിളി എന്ന ചിത്രത്തിലെ ‘ഞാന്‍ ജാക്‌സനല്ലെടാ… ന്യൂട്ടനല്ലെടാ…’ എന്ന ഗാനത്തിന് സൗബിന്‍ വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം നൃത്തം ചെയ്തത്.

സൗബിന്‍ സാഹിര്‍ പ്രധാന കഥാപാത്രമായെത്തിയ ചിത്രമാണ് ‘അമ്പിളി’. ചിത്രത്തിലെ ‘ഞാന്‍ ജാക്‌സനല്ലെടാ… ന്യൂട്ടനല്ലെടാ…’ എന്ന ഗാനം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. വിനായക് ശശികുമാറിന്റേതാണ് ഗാനത്തിലെ വരികള്‍. വിഷ്ണു വിജയ് സംഗീതം പകര്‍ന്നിരിക്കുന്നു. ആന്റണി ദാസനാണ് ആലാപനം. അമ്പിളി എന്ന ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടിയത്. ചിത്രത്തിലെ സൗബിന്‍ സാഹിറിന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജോണ്‍പോള്‍ ജോര്‍ജ്ജാണ് അമ്പിളിയുടെ സംവിധാനം നിര്‍വഹിച്ചത്.

സംവിധാന സഹായി ആയിട്ടായിരുന്നു മലയാള ചലച്ചിത്ര രംഗത്തേക്കുള്ള സൗബിന്റെ അരങ്ങേറ്റം. പിന്നീട് സഹനടനായി നിരവധി സിനിമകളില്‍ താരം തിളങ്ങി. സുഡാനി ഫ്രം നൈജീരിയ ആണ് സൗബിന്‍ നായക കഥാപാത്രമായെത്തിയ ആദ്യ ചിത്രം. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന പുരസ്‌കാരവും സൗബിനെ തേടിയെത്തി.

അന്നയും റസൂലും, കടല്‍ കടന്നൊരു മാത്തുക്കുട്ടി, ചന്ദ്രേട്ടന്‍ എവിടെയാ, പ്രേമം, റാണി പത്മിനി, ലോഹം, കലി, ഡാര്‍വിന്റെ പരിണാമം, അനുരാഗ കരിക്കിന്‍വെള്ളം, പറവ, സോളോ, കമ്മട്ടിപ്പാടം, ഹാപ്പി വെഡ്ഡിംഗ്, കുമ്പളങ്ങി നൈറ്റ്‌സ്, വികൃതി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ തുടങ്ങി നിരവധി സിനിമകളില്‍ സൗബിന്‍ വ്യത്യസ്ത കഥാപാത്രങ്ങള്‍ക്കൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയനായി. അതേസമയം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ പറവ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചതും സൗബിന്‍ സാഹിര്‍ ആയിരന്നു.