പ്രഭാസുമായുള്ള വിവാഹം; ആരാധികയുടെ ചോദ്യത്തിന് മറുപടിയുമായി അനുഷ്ക

January 31, 2018

 

ബാഹുബലിയെന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ചേക്കേറിയ താര ജോഡികളാണ് പ്രഭാസും അനുഷ്‌കയും. ദേവസേനയായി അനുഷ്‌കയും അമരേന്ദ്ര ബാഹുബലിയായി  പ്രഭാസും  ഒന്നിച്ച ബാഹുബലിക്ക് ശേഷം ഇരുവരും യഥാർത്ഥ ജീവിതത്തിലും പ്രണയജോഡികളാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇഷ്ടതാരങ്ങളായ പ്രഭാസും അനുഷ്‌കയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചറിയാൻ ആരാധകരും ആകാംക്ഷഭരിതരായിരുന്നു.

ഒരു ചാറ്റ് ഷോയ്ക്കിടെ ഇതേ ചോദ്യം തന്നെയാണ് ഒരു ആരാധികയും ചോദിച്ചത്. പ്രഭാസിനെ വിവാഹം കഴിക്കുമോയെന്ന ആരാധികയുടെ ചോദ്യത്തിന് കൃത്യമായ മറുപടിയും അനുഷ്ക നൽകി.

‘ബാഹുബലിയും ദേവസേനയും സിനിമയിലെ കഥാപാത്രങ്ങൾ മാത്രമാണ്.ഏതൊരു സ്ത്രീയും തന്റെ ജീവിതത്തിൽ ബാഹുബലിയെ പോലൊരു പുരുഷനെ ആഗ്രഹിക്കും. ഏതൊരു പുരുഷനും അയാളുടെ ജീവിതത്തിൽ ദേവസേനയെ പോലൊരു സ്ത്രീയെയും ആഗ്രഹിക്കും. എനിക്കറിയാം.പക്ഷെ അത് കഥാപാത്രങ്ങളാണ്.ആ രസതന്ത്രം നമുക്ക് സ്‌ക്രീനിൽ തന്നെ വിട്ടുകൊടുക്കാം.’  അനുഷ്ക മറുപടിയായി പറഞ്ഞു.

ബാഹുബലിയെ കൂടെതെ ബില്ല, മിർച്ചി എന്നീ ചിത്രങ്ങളിലും പ്രഭാസും അനുഷ്‌കയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. അനുഷ്കയുടെ ഏറ്റവും പുതിയ ചിത്രമായ ഭാഗമതിയുടെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് മുഖം മറച്ചുകൊണ്ട് പ്രഭാസ് എത്തിയതും വലിയ വാർത്തയായിരുന്നു.