ചാരത്തിൽ തുടങ്ങി ഡയമണ്ടിന്റെ തിളക്കത്തിലാവസാനിക്കുന്ന കാർബൺ
Carbon; Ashes and diamonds
ചാരവും ഡയമണ്ടും!! കാർബൺ എന്ന ഒരേ മൂലകത്തിന്റെ തികച്ചും വ്യത്യസ്തമായ ഗുണങ്ങൾ പ്രകടിപ്പിക്കുന്ന രണ്ട് അവസ്ഥാന്തരങ്ങൾ..ദയക്കും മുന്നറിപ്പിനും ശേഷം പ്രശസ്ത ഛായാഗ്രാഹകൻ വേണു സംവിധാനം ചെയ്ത കാർബണിന്റെ ക്യാപ്ഷൻ വാചകമാണിത്. അപക്വമായ സ്വപ്നങ്ങളിലൂടെ ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്ന സിബിയെന്ന ചെറുപ്പക്കാരന്റെ ജീവിത കഥ പറയുന്ന ചിത്രത്തിന് ഇതിലും മികച്ച മറ്റൊരു സിംബോളിക് നാംമം ഇല്ലെന്നു തന്നെ പറയാം.
കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന യുവാക്കളുടെ പ്രതിനിധിയാണ് ചിത്രത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച സിബി സെബാസ്റ്റ്യൻ എന്ന കഥാപാത്രം.കുറുക്കു വഴികളിലൂടെ എത്രയും പെട്ടെന്ന് പണമുണ്ടാക്കുകയെന്നതാണ് സിബിയുടെ ജീവിത ലക്ഷ്യം.മരതക കല്ലും വെള്ളിമൂങ്ങയും ആനകച്ചവടവും-അങ്ങനെ പെട്ടെന്ന് പണം വാരാനുള്ള സകല വഴികളും പയറ്റിനോക്കുന്ന സിബി ഒടുവിൽ ബാക്കിവെക്കുന്നത് പലിശയ്ക്കു വാങ്ങിയ കടങ്ങൾ മാത്രമാണ്.സമ്പന്നനാവാൻ പാടുപെടുന്ന സിബിയെ യും അവന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ആകുലതകളും വരച്ചു കാട്ടുന്ന ആദ്യ പകുതി പ്രേക്ഷകനെ ഒട്ടും ബോറടിപ്പിക്കുന്നില്ലെന്നു തന്നെ പറയാം.
രണ്ടാം ഭാഗത്തിലേക്കെത്തുന്നതോടെ വേണുവെന്ന സംവിധായകന്റെ കലാവിരുത് പൂർണമായും പ്രകടമാകുന്നു.കാടിന്റെ വശ്യതയും ഭീകരതയും അതുപോലെ ഒപ്പിയെടുക്കുന്ന രംഗങ്ങളാണ് രണ്ടാം ഭാഗത്തിന്റെ പ്രധാന സവിശേഷത.കാടിനുള്ളിലെ ബംഗ്ലാവിൽ മേല്നോട്ടക്കാരനായെത്തുന്ന സിബി, കാട്ടിൽ മറഞ്ഞിരിക്കുന്ന നിധിയെക്കുറിച്ചറിയുന്നു..’ജീവിതത്തിൽ കുറച്ചൊക്കെ ഫാന്റസി വേണം.എന്നാലല്ലേ ജീവിതത്തിനൊരു ലൈഫ് ഉള്ളു’വെന്ന് വിശ്വസിക്കുന്ന സിബിയെ പ്രലോഭിപ്പിക്കാൻ മാത്രം വലിയ നിധിയായിരുന്നു കാട്ടിനുള്ളിൽ ഒളിച്ചിരുന്നത്.നിധിയെ ചുറ്റിപ്പറ്റിയുള്ള കഥകളിലൂടെ ചിത്രത്തിന് ഒരു ഹൊറർ മൂഡ് കൈവരികയും പ്രേക്ഷകനെ ഒട്ടും അലോസരപ്പെടുത്താതെ തന്നെ അത് കാഴ്ചക്കാരനിലേക്കെത്തിക്കുകയും ചെയ്യുന്നു.രണ്ടാം ഭാഗത്തിൽ കടന്നുവരുന്ന മംമ്‌ത മോഹൻദാസ് സമീറയെന്ന തന്റെ കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു.മണികണ്ഠൻ ആചാരിയുടെ സെബാസ്റ്റ്യൻ എന്ന കഥാപാത്രവും ചേതന്റെ കണ്ണനും പ്രേക്ഷകരുടെ മനസ്സിൽ മായാതെ കിടക്കുക തന്നെ ചെയ്യും.സിബിയും സമീറയും സെബാസ്‌റ്റെയ്നും കണ്ണനും കൂടി നിധി തേടി നടത്തുന്ന യാത്രകൾ മികച്ച ദൃശ്യവിഷ്കാരങ്ങളാണ്..കാടിന്റെ കുളിർമയും സൗന്ദര്യവും അപ്രവചനീയതയും ഭീകരതയുമെല്ലാം വരച്ചു കാട്ടുന്ന രംഗങ്ങളിലൂടെ പ്രേക്ഷകനെയും ഒരു പുത്തൻ യാത്രയിലേക്ക് കൊണ്ടു പോവുകയാണ് ചിത്രം.
ഫിലോസഫിയും,ഫാന്റസിയും മിസ്റ്ററിയും,ത്രില്ലർ മൂടും എല്ലാം കൃത്യമായ അളവിൽ സമന്വയിപ്പിച്ചുകൊണ്ടാണ് വേണു കാർബൺ ഒരുക്കിയിരിക്കുന്നത്.ഒരിക്കൽ പോലും പ്രേക്ഷകന്റെ സാമാന്യ യുക്തിയെ ചോദ്യം ചെയ്യാത്ത രീതിയിലാണ് ഫാന്റസിയും മിസ്റ്ററിയും ചിത്രത്തിൽ സന്നിവേശിപ്പിച്ചിരിക്കുന്നതെന്ന് നിസ്സംശയം പറയാം. പ്രശസ്ത ബ്രസീലിയൻ സാഹിത്യകാരൻ പൗലോ കൊയ്‌ലോയുടെ ആൽക്കമിസ്റ്റിനെ കുറിച്ച് സിബിക്ക് പറഞ്ഞു കൊടുക്കുന്ന സമീറയിൽ തുടങ്ങുന്നു ചിത്രത്തിന്റെ സമാന്തര യാത്ര..കാഴ്ചകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന അർത്ഥ തലങ്ങൾ തേടുന്ന പ്രേക്ഷകർക്ക് ആവശ്യത്തിലധികം ചർച്ചകൾ നടത്താൻ പാകത്തിലാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്.ആൽക്കമിസ്റ്റിലെ പോലെ തന്നെ നിധി തേടിപ്പോയ നായകൻ യഥാർത്ഥ നിധി കണ്ടെത്തുന്നിടത്ത് ചിത്രം അവസാനിക്കുന്നു. മുന്നറിയിപ്പിലെന്നപോലെ പ്രേക്ഷകന്റെ ചിന്താ തലങ്ങൾക്കനുസരിച്ച് പുനർ വായനകളും വ്യത്യസ്ഥ അർത്ഥ തലങ്ങളും കണ്ടെത്താൻ പാകത്തിൽ,കാഴ്ചക്കാരന് പരിപൂർണ സ്വാതന്ത്ര്യം നൽകുന്ന തരത്തിലാണ് ചിത്രം അവസാനിക്കുന്നത്..
ഫഹദ് ഫാസിൽ തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്..വലിയ സ്വപ്നങ്ങളുമായി നടക്കുന്ന,എന്നാൽ അധ്വാനശീലം തീരെയില്ലാത്ത തൊഴിൽ രഹിതനായ ചെറുപ്പക്കാരനായി ഫഹദ് ഫാസിൽ ജീവിക്കുക തന്നെയായിരുന്നു. ലക്ഷ്യങ്ങൾ അകന്നു പോവുന്നതിലുള്ള സങ്കടവും മാനസിക സങ്കർഷങ്ങളും ആകുലതകളും നിരാശയുമെല്ലാം ഫഹദ് തികച്ചും ആയാസരഹിതമായി തന്നെ അവതരിപ്പിച്ചു.ഇന്നലെ താൻ എന്തായിരുന്നുവെന്ന തിരിച്ചറിവിൽ നിന്നും നിധിതേടി യാത്രയാകുന്ന സെബാസ്റ്റ്യൻ എന്ന ചെറുപ്പക്കാരന്റെ വ്യക്തിത്വത്തിൽ വരുന്ന പരിവർത്തനങ്ങൾ സൂക്ഷമമായി തന്നെ ഫഹദ് ഫാസിൽ തന്നിലേക്ക് ആവാഹിച്ചെടുക്കുന്നു.കാടിനുള്ളിൽ സെബാസ്റ്റിയന് നേരിടേണ്ടി വരുന്ന ക്ലേശങ്ങളുടെ കാഠിന്യം ഫഹദ് ഫാസിൽ എന്ന നടന്റെ അഭിനയ മികവിലൂടെ പ്രേക്ഷകന് തീയേറ്ററിൽ ഇരുന്നു കൊണ്ട് അനുഭവഭേദ്യമാകുന്നു. സെബാസ്റ്റിൻറെ സങ്കീർണമായ മനസ്സും അതിലേറെ സങ്കീർണവും നിഗൂഢവുമായ കാടുമാണ് ചിത്രത്തിലെ പ്രധാന കഥാതന്തുക്കൾ.എന്നാൽ ഇത്രമേൽ സങ്കീർണമായ അവസ്ഥകളെ തന്റെ സ്വത സിദ്ധവും സ്വാഭാവികവുമായ അഭിനയത്തിലൂടെ വരച്ചു കാട്ടിയെന്നതാണ് ഫഹദിന്റെ മേന്മ.
ഫഹദ് ഫാസിലെന്ന സ്വാഭാവിക നടനും വേണുവെന്ന കലാമൂല്യമുള്ള സംവിധായകനും ഒന്നിക്കുമ്പോൾ പ്രേക്ഷകർ വാനോളം പ്രതീക്ഷിക്കുമെന്നുറപ്പാണ്. പ്രേക്ഷകരുടെ പ്രതീക്ഷകളെ തെറ്റിക്കാതെ തന്നെയാണ് കാർബൺ ഒരുക്കിയിട്ടുള്ളതും..ചുരുങ്ങിയതും എന്നാൽ വളരെ ആഴമേറിയതുമാണ് കാർബണിലെ ഡയലോഗുകൾ .എന്നാൽ വിവിധങ്ങളായ അർത്ഥ തലങ്ങളിലൂടെ സഞ്ചരിക്കുന്ന ഡയലോഗുകൾ തികച്ചും ലളിതമായ ഭാഷയിലാണ് അവതരിപ്പിച്ചിരിക്കുന്നതെന്നത് ചിത്രത്തിന്റെ പ്രത്യേകത തന്നെയാണ്.ചുരുങ്ങിയ വാക്കുകളിലൂടെ,കഥാ സന്ദർഭങ്ങളിലൂടെ ഫഹദ് ഫാസിൽ- മംമ്‌ത കെമിസ്ട്രി വരച്ചു കാണിച്ച വേണുവെന്ന എഴുത്തുകാരനും അഭിനന്ദനമർഹിക്കുന്നു.
കാർബണിനെ മികച്ച ദൃശ്യവിരുന്നാക്കി മാറ്റിയതിൽ കെ യു മോഹനൻ എന്ന ഛായാഗ്രാഹകന്റെ പങ്ക് വളരെ വലുതാണ്.മുഴുനീളെ ഹൊറർ മൂഡ് നിലനിർത്തുന്നതിലും കാടിന്റെ വിവിധ ഭാവങ്ങൾ അതേ മികവോടെ പകർത്തുന്നതിലും ക്യാമറാമാൻ എന്ന നിലയിൽ കെ യു മോഹനൻ പരിപൂര്ണവിജയമായിരുന്നെന്ന് പറയാം.ചിത്രത്തിനനുസരിച്ച ഗാനങ്ങളൊരുക്കിയ വിശാൽ ഭരദ്വാജും തന്റെ റോൾ മനോഹരമാക്കിയിട്ടുണ്ട്.സ്പടികം ജോർജ്,നെടുമുടി വേണു ,വിജയരാഘവൻ ,കൊച്ചു പ്രേമൻ, തുടങ്ങിയവരും തികവൊത്ത പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.
നിങ്ങൾ കയറാൻ മടിക്കുന്ന ഗുഹകളിലാണ് യഥാർത്ഥ നിധി ഒളിഞ്ഞു കിടക്കുന്നതെന്ന ആഴമേറിയ ചിന്തയും പ്രേക്ഷകനു നൽകി അവസാനിക്കുന്ന കാർബൺ പുതുമയാർന്ന അവതരണ രീതികൊണ്ടും ദൃശ്യ മികവിനാലും കഥാ പശ്ചാത്തലത്താലും മറ്റു ചിത്രങ്ങളിൽ നിന്നും വേറിട്ടു നിൽക്കുക തന്നെ ചെയ്യുന്നു.
overall rating 4 / 5