ദുൽഖറിന്റെ ജെമിനി ഗണേശൻ; വൈറലായി ചിത്രം

January 19, 2018

അസാധ്യമായ വേഷപ്പകർച്ചയാണ് ദുൽഖർ സൽമാൻ എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത.വ്യത്യസ്തമായ കഥാപാത്രങ്ങൾ തികഞ്ഞ മെയ്‌വഴക്കത്തോടെ മികവുറ്റ രീതിയിൽ അവതരിപ്പിക്കാനുള്ള ദുൽഖറിന്റെ ഈ പ്രത്യേക മിടുക്കുകൊണ്ടു തന്നെയാണ് ജെമിനി ഗണേശൻ എന്ന ഇതിഹാസ നടന്റെ വേഷം ദുൽഖറിനെ തേടിയെത്തിയതും. ‘മഹാനടി’ എന്ന് പേരിട്ടിട്ടുള്ള ചിത്രത്തിൽ ജെമിനി ഗണേശനായി എത്തുന്ന ദുൽഖറിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്.ജെമിനി ഗണേശന്റെ വേഷത്തിൽ പുറം തിരിഞ്ഞു നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.മഹാനടിയിലെ തന്റെ വേഷത്തെക്കുറിച്ച് ദുൽഖറിന്റെ വാക്കുകളിലേക്ക്

സിനിമയിൽ ഞാൻ കാണാൻ അദ്ദേഹത്തെപോലെയല്ല.സത്യസന്ധമായി പറഞ്ഞാൽ അദ്ദേഹത്തെപ്പോലെയാകാൻ എനിക്ക് സാധിക്കുകയുമില്ല.അതിനായി കൃത്രിമമായി മെയ്ക്ക് അപ്പിടാൻ ഞാൻ ഒരുക്കവുമല്ല.എന്റെ സമീപനം കുറച്ചുകൂടി ലളിതമാണ്.ഞാൻ 1950 കളിലെ അന്നത്തെ സൂപ്പർ സ്റ്റാർ ആയാൽ എങ്ങനെയുണ്ടാകും എന്ന് സങ്കൽപ്പിക്കുക.അതിലൂടെ എനിക്ക് ആ കഥാപാത്രമായി മാറാൻ സാധിക്കും.ജെമിനി ഗണേശനാകാൻ ശ്രമം നടത്തേണ്ടതുണ്ട് എന്ന ഞാൻ കരുതുന്നില്ല.വെള്ളിത്തിരക്കു പുറത്തു അദ്ദേഹം എങ്ങനെയായിരുന്നുവെന്ന് മനസിലാക്കാൻ പാകത്തിലുള്ള ദൃശ്യങ്ങളൊന്നുമില്ല.ജീവിതത്തിൽ ഇങ്ങനെയുള്ള മനുഷ്യനായിരുന്നു അദ്ദേഹമെന്ന് നമുക്കറിയില്ല-ദുൽഖർ പറയുന്നു.

നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന മഹാനടിയിൽ കീർത്തി സുരേഷാണ് നായിക.തമിഴിലെ പ്രശസ്ത നടിയായിരുന്ന സാവിത്രിയുടെ വേഷത്തിലാണ് കീർത്തിയെത്തുക.ദുൽഖറിന്റെ രംഗങ്ങൾ ചിത്രീകരണം പൂർത്തിയായി എന്നാണ് റിപ്പോർട്ടുകൾ.വൈജയന്തി മൂവീസ് നിർമിക്കുന്ന ചിത്രം തമിഴ്,   തെലുങ്ക് ഭാഷകളിലാണ് പുറത്തിറങ്ങുക.മലയാളത്തിലേക്കും മൊഴിമാറ്റം ചെയ്യപ്പെടും.സാമന്ത,പ്രകാശ് രാജ് തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.