ദുൽഖർ വീണ്ടും ബോളിവുഡിലേക്ക്!!നായികയായി സോനം കപൂർ

January 22, 2018

മലയാളത്തിന്റെ യൂത്ത് ഐക്കൺ ദുൽഖർ സൽമാൻ ബോളിവുഡിൽ നായകനാകുന്നുവെന്ന് റിപ്പോർട്ടുകൾ.അനുജ ചൗഹാന്റെ 2008 ൽ പുറത്തിറങ്ങിയ ദ സോയാ ഫാക്ടർ  നോവലിനെ ആധാരമാക്കിയൊരുക്കുന്ന ചിത്രത്തിലാണ് ദുൽഖർ നായകനായെത്തുന്നത്.സോയ സിങ് സോളങ്കി എന്ന കേന്ദ്ര കഥാപാത്രമായി സോനം കപൂർ സ്‌ക്രീനിലെത്തുന്നമെന്ന് താരം നേരെത്തെ സ്ഥിതീകരിച്ചിരുന്നു.

ചിത്രത്തിൻറെ തിരക്കഥ ദുൽഖറിന് ഇഷ്ടമായെങ്കിലും ഇതുവരെ ചിത്രവുമായി ബന്ധപ്പെട്ട് കരാറുകളിലൊന്നും ഒപ്പുവെച്ചിട്ടില്ലന്നാണ് അറിയാൻ കഴിയുന്നത്. റോണി സ്‌ക്രൂവാല സംവിധാനം ചെയ്യുന്ന  കര്‍വാന്‍ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്.ഇർഫാൻ ഖാനും  മിൽഹിലാ പാൽക്കറും ഒന്നിക്കുന്ന ചിത്രമാണ് കർവാൻ.ബോളിവുഡിൽ നായക കഥാപാത്രങ്ങൾ ചെയ്യുന്നതിനേക്കാൾ, പ്രേക്ഷകർ എക്കാലവും ഓർത്തുവെക്കുന്ന ചെറുതും എന്നാൽ ആഴമേറിയതുമായ കഥാപാത്രങ്ങൾ ചെയ്യാനാണ് തനിക്ക് താത്പര്യമെന്ന് ദുൽഖർ നേരെത്തെ വെളിപ്പെടുത്തിയിരുന്നു.

നിലവിൽ അക്ഷയ് കുമാർ നായകനായെത്തുന്ന പാഡ് മാനാണ് സോനം കപൂറിന്റെ ഏറ്റവും പുതിയ ചിത്രം.ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകൾക്കിടയിലും സോയാ ഫാക്ടറിനെ കുറിച്ചുള്ള തന്റെ ആകാംഷ സോനം കപൂർ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു.