ബ്ലാസ്റ്റേഴ്‌സിലൂടെ തൻറെ സ്വപ്നം പൂവണിഞ്ഞുവെന്ന് ഗുഡ്‌ജോൺ ബാൾഡ്വിൻസൺ

January 31, 2018

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക്കൂട്ടമായ മഞ്ഞപ്പടയെ പ്രശംസകൊണ്ട് മൂടി ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ താരം ഗുഡ്‌ജോൺ ബാൾഡ്വിൻസൺ. ഗ്യാലറിയിൽ സ്വന്തം ടീമിന് പ്രചോദനമേകാനായി എത്തുന്ന പതിനായിരക്കണക്കിന് ആരാധകർ നൽകുന്ന ആവേശത്തെക്കുറിച്ച് വാചാലനായ അദ്ദേഹം  ടൈംസ്  ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മനസ്സ് തുറന്നത്.

‘ഒരുപാട് കാണികൾക്കു മുന്നിൽ പന്ത് തട്ടുകയെന്നത് എന്റെ വലിയ സ്വപ്നമായിരുന്നു.പക്ഷെ ഐസ്ലാൻഡ് പോലുള്ള ഒരു ചെറിയ രാജ്യത്ത് അത്തരത്തിലുള്ള അവസരങ്ങൾ കിട്ടിയിരുന്നില്ല.ഡെൻമാർക്ക്‌,സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിൽ പോലും ഒരു 10000-15000 കാണികളെ കളി കാണാനെത്തുകയുള്ളു.എന്നാൽ ഇവിടെ കാര്യങ്ങൾ തികച്ചും വ്യത്യസ്ഥമാണ്. അവസാന കളിയിൽ (ഡൽഹി ഡൈനാമോസിനെതിരെ) പതിവിലും കുറവ് കാണികളെ ഉണ്ടായിരുന്നുള്ളുവെങ്കിലും അവർ നൽകിയ ആവേശം വളരെ വലുതാണ്. 50000 ത്തോളം  വരുന്ന കാണികൾക്ക് മുന്നിൽ ആവേശത്തോടെ കളിക്കുകയെന്ന തൻറെ ചിരകാല സ്വപ്നം ബ്ലാസ്റ്റേഴ്‌സിലൂടെ സാധ്യമായി’. ബാൾഡ്വിൻസൺ പറഞ്ഞു.

ഡൽഹി ഡൈനാമോസിനെതിരായ മത്സരത്തിൽ രണ്ടാം പകുതിയിൽ പകരക്കാരനായിട്ടാണ് ബാൾഡ്വിൻസൺ കളിക്കാനിറങ്ങിയത്. കുറച്ചു സമയമേ മൈതാനത്തുണ്ടായിരുന്നുള്ളുവെങ്കിലും മികച്ച പ്രകടനത്തോടെ ആരാധകരുടെ ഇഷ്ട താരമാകാൻ ബാൾഡ്വിനസ്സണു കഴിഞ്ഞു.

മൈതാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ഓടിനടന്നു കളിക്കുന്നതാണ് തന്റെ രീതിയെന്ന് വെളിപ്പെടുത്തിയ ബാൾഡ്വിൻസന്റെ വരവോടുകൂടി ബ്ലാസ്റ്റേഴ്‌സിന് പുത്തനുണർവ് കൈവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ