സലിംകുമാർ അത്ര തമാശക്കാരനല്ല!!! ദൈവമേ കൈതൊഴാം K കുമാറാകണം വിശേഷങ്ങളുമായി ജയറാം- #Interview

January 18, 2018

 

ദൈവമേ കൈതൊഴാം K കുമാറാകണം എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടൻ ജയറാം. തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രത്യേകതകളെക്കുറിച്ചും ചിത്രീകരണത്തിനിടെയുണ്ടായ രസകരമായ സംഭവങ്ങളെക്കുറിച്ചും ഫ്ല വേഴ്സ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് താരം  മനസ്സ് തുറന്നത്..

ഒരുപാട് കുടുംബ കഥകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ദൈവമേ കൈതൊഴാം K കുമാറാകണം  എന്ന ചിത്രം അവയിൽ  നിന്നും  ഏറെ വ്യത്യസ്ഥമാണെന്നും അതുകൊണ്ടു തന്നെ പ്രേക്ഷകന് പുത്തൻ അനുഭവമായിരിക്കും തന്റെ പുതിയ ചിത്രമെന്നും ജയറാം  പറഞ്ഞു.. മിമിക്രിയിലൂടെ സിനിമയിലേക്കെത്തിയ സലിംകുമാറിന്റെ സംവിധാനത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ അതീവ സന്തുഷ്ടനാണെന്ന് കൂട്ടിച്ചേർത്ത ജയറാം  30 വർഷങ്ങൾക്ക് മുൻപ് തന്റെ ആദ്യ സിനിമയായ  അപരൻ പ്രദർശിപ്പിക്കുന്ന തീയേറ്ററിലേക്ക് ട്രാക്ടറിൽ ആളുകളെ വിളിച്ചു കൊണ്ടു പോയി സിനിമ കാണിച്ച  സലിം കുമാറിന്റെ രസകരമായ ഓർമകളും പങ്കുവെച്ചു.

സലിം കുമാർ എന്ന സംവിധായകൻ എങ്ങനെയാണെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ- ഷൂട്ടിങ്ങിന്റെ ആദ്യ ദിവസങ്ങളിൽ നമ്മളും ക്യാമറാമാനുമടകക്കം എല്ലാവരും കരുതിയത് സലിം കുമാറിന്റെ പടമല്ലേ നന്നായി എന്ജോയ് ചെയ്യാം എന്നൊക്കെയാണ്.പക്ഷെ ആദ്യ ദിവസം തന്നെ സലിം കുമാർ ഒച്ചയെടുത്ത് ക്യാമറ മാനെ  അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം  ഓടിച്ചു.സിനിമ സംവിധാനം ചെയ്യുമ്പോൾ സലിം കുമാറിന് ഭയങ്കര ദേഷ്യമാണ്.ഞാൻ തമാശയായി പറയാറുണ്ട് അല്ലെങ്കിലേ  സലിം പറയുന്നതിന്റെ (സലിം കുമാറിന്റെ ശബ്ദം അനുകരിക്കുന്നു )90  ശതമാനമേ എനിക്ക് മനസ്സിലാകാറുള്ളു വെന്ന് .ദേഷ്യത്തിലാണ് സംസാരമെങ്കിൽ 40 ശതമാനമേ മനസ്സിലാകുകയുള്ളു.ഷൂട്ടിനിടെ സലീമിന്റെ ശബ്ദം കേൾക്കുമ്പോൾ നെടുമുടി വേണു ചേട്ടൻ ചോദിക്കും.’എന്നെയാണോ(നെടുമുടി വേണുവിനെ )ചീത്ത പറയുന്നതെന്ന്..ചിത്രത്തിലെ നായിക അനുശ്രീയും ഇടയ്ക്കിടെ  സംശയത്തോടെ ചോദിക്കും..’ഒരു ശബ്ദം കേട്ടല്ലോ.ഇനി എന്നെയെങ്ങാൻ ആണോ ചീത്ത പറയുന്നതെന്ന്..ഒടുവിൽ ഞങ്ങൾ എല്ലാരും കൂടി സലീമിന്റെ ചീത്തമുഴുവൻ ക്യാമറ മാന്റെ തലയിൽ വെച്ചു കൊടുക്കും.

ജയറാമുമായുള്ള രസകരമായ അഭിമുഖത്തിന്റെ പൂർണ രൂപം കാണാം.