ജീത്തു ജോസഫിന്റെ അടുത്ത ചിത്രത്തിൽ ഇമ്രാൻ ഹാഷ്മി നായകൻ

January 30, 2018

മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകൻ ജീത്തു ജോസഫിന്റെ അടുത്ത ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ ഇമ്രാൻ ഹാഷ്മിയും ഋഷി കപൂറും നായകന്മാരാകുന്നു . ജിത്തു ജോസഫ്‌ തന്നെയാണ് പുതിയ ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.. പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ആദി  മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്നതിനിടയിലാണ് തന്റെ ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ച്  ജീത്തു ജോസഫ് മനസ്സ് തുറന്നത്.

‘പകർപ്പവകാശം സ്വന്തമാക്കിയിട്ടുള്ള ഒരു വിദേശ ഭാഷ ചിത്രത്തിന്റെ ഹിന്ദി റീമേക്കായിരിക്കും ഇത്.  ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് മുംബൈ സ്വദേശിയായ വ്യക്തിയാണ്’- ജീത്തു ജോസഫ് പറഞ്ഞു. ഈ   വർഷം ഏപ്രിലിൽ തീയേറ്ററുകളിലെത്തുമെന്ന്  പ്രതീക്ഷിക്കപ്പെടുന്ന ചിത്രത്തിൽ  പുതുമുഖങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും  നായികയായി ഒരു പുതുമുഖത്തെയാണ് അന്വേഷിക്കുന്നതെന്നും ജീത്തു ജോസഫ് കൂട്ടിച്ചേർത്തു. മെമ്മറീസ്‌, ദൃശ്യം തുടങ്ങിയ മികച്ച ത്രില്ലർ സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച ജീത്തു ജോസഫ് ഒരുക്കുന്ന ബോളിവുഡ് ത്രില്ലർനെ പറ്റി വലിയ പ്രതീക്ഷയിലാണ് ആരാധകർ.