കേരളം ഉണരാത്ത 762 ദിവസങ്ങൾ….

January 13, 2018

കേരളത്തിന്റെ ഭരണ സിരാ കേന്ദ്രത്തിനുമുന്നിലെ ഫുട്പാത്തിൽ ശ്രീജിത്ത് എന്ന ചെറുപ്പക്കാരൻ രാവും പകലും മഴയും  മഞ്ഞും വേനലും ഒക്കെ കൊണ്ട് ജീവിച്ചു നരകിച്ചു തുടങ്ങിയിട്ട് ഇന്നേക്ക് 762 ദിവസങ്ങൾ.
സ്വന്തം കൂടപ്പിറപ്പിന്റെ ചോരയ്ക്കു  വില  പറഞ്ഞ അധികാര മേലാളന്മാർ പലപ്പോഴും അത് വഴി കൊടി വച്ച കാറിൽ പാറി പറന്നിട്ടും ശ്രീജിത്തിനെ   കണ്ടില്ല.
പലപ്പോഴായി നമ്മൾ അധികാരത്തിലേറ്റിയ രാഷ്ട്രീയ കോമരങ്ങൾ ഈ അടുത്ത കാലത്ത്  കാസർഗോഡ് മുതൽ പാറശ്ശാല വരെ നടത്തിയ പ്രഹസന പ്രചരണ യാത്രകൾ പലതും അത് വഴി കടന്നു പോയിട്ടും ഈ ചെറുപ്പക്കാരനെ കണ്ടില്ല.

ആർക്കൊക്കയോ വേണ്ടി രക്തം ചിന്തി വിടപറഞ്ഞ തന്റെ പ്രിയ സഹോദരന്റെ ചിത്രവും നെഞ്ചിൽ ചേർത്ത് ജലപാനം പോലും ഇല്ലാതെ ശ്രീജിത്ത് സെക്രെട്ടറിയേറ്റിനു മുൻപിൽ നീതി കാത്തു കിടന്നപ്പോൾ കേരളവും,കേരളരാഷ്ട്രീയവും, സർക്കാരും ചർച്ച ചെയ്തത് സിനിമയിലെ അവിഹിത കഥകളും, വിവാഹ  കഥകളും, ബലാത്സംഗകഥകളും, കഴമ്പില്ലാത്ത സിനിമാ  – രാഷ്ട്രീയ വിവാദ കഥകളും,  പിന്നെ  കുറെ  മാട്ടിറച്ചി നിരോധന സമര കഥകളും.
ഈ കഥകൾക്ക് മീതെ പുത്തൻതിരക്കഥകളെഴുതി തത്സമയ ആവേശ ചർച്ചകൾ നടത്തിയ മാധ്യമ കാമറകളും ശ്രീജിത്തിന്റെ  വേദന കണ്ടില്ല …. കാണാത്തതോ . .? അതോ. കണ്ടതായി ഭവിക്കാത്തതോ …?

പ്രണയ കഥ മറച്ചു വെച്ച് മോഷണക്കുറ്റം ചുമത്തി ലോക്കപ്പിലിട്ടു മൂന്നാം മുറയിലൂടെ ശ്രീജീവിനെ കൊല്ലാക്കൊലചെയ്തിട്ടും കലിയടങ്ങാതെ ആശുപത്രിക്കിടക്കയിൽ കൈകാലുകൾകെട്ടിവെച്ചു  ചികിത്സയ്ക്കാണെന്ന വ്യാജേന ശ്രീജീവിനെ  വിഷം കുത്തിവെച്ചുകൊന്ന നമ്മുടെ ആഭ്യന്തരവകുപ്പിനുകീഴിലെ പോലീസ്‌കാർക്കെതിരെ അണുവിട ചലിക്കാൻ എന്തു കൊണ്ട് സർക്കാരനാകുന്നില്ല …..?2006- ൽ  സുപ്രീം കോടതി പുറപ്പെടുവിച്ച നിർദ്ദേശപ്രകാരം ആരംഭിച്ച സ്റ്റേറ്റ് പോലീസ് കണ്ട്രോൾ  അതോറിട്ടി,  ശ്രീ ജീവന്റെ ജീവനെടുത്തത് പലപ്പോഴായി അഡ്രോപ്പിൻ 230 മില്ലീഗ്രാമിനോളം  ശരീരത്തിൽ കുത്തിവെച്ചതും ലോക്കപ്പ് മർദ്ദനവും ആണെന്ന് തെളിവുകൾ നിരത്തിയിട്ടും നമ്മുടെ സുപ്രീം കോടതിയ്ക്കും മുകളിൽ നിയമം നിയന്ത്രിക്കാൻ കഴിവുള്ള അജ്ഞാതൻ ആരാണ് ……..?

പോലീസിനെതിരായുള്ള കേസുകൾ  അന്വേഷിക്കാൻ   സുപ്രീം കോടതി നിയോഗിച്ച സ്റ്റേറ്റ് പോലീസ്  കണ്ട്രോൾ അതോറിട്ടി ചെയർമാൻ  ജസ്റ്റിസ് ഡോ. കെ നാരായണക്കുറുപ്പ് അടിവരയിട്ട് പരാമർശിച്ച ശക്തമായതെളിവുകൾ മാത്രം മതി ശ്രീജീവന്റെ  മരണത്തിനുത്തരവാദികളായവരെ   നിയമത്തിനു മുൻപിലെത്തിക്കാൻ.

സമൂഹത്തിൽ പണവും, സ്വാധീനവും, പ്രശസ്തിയുമൊന്നുമില്ലാത്ത നിസ്സഹായായ ഒരമ്മയുടെയും ശേഷിക്കുന്ന ആണ്മക്കളുടെയും ആയുസുകൂടിയെടുത്തിട്ട് നമ്മുടെ സർക്കാരിനെന്തുലാഭം …?
കണ്ണൂരിലെയും, പാനൂരിലെയും അക്രമരാഷ്ട്രീയ കൊലപാതകങ്ങളിലൂടെ രക്തം കണ്ടുകണ്ണുളുത്ത  നമ്മുടെ ഈ സർക്കാരിന്  ഒരുപക്ഷെ ശ്രീജീവിന്റെ രക്തത്തിന്റെ വിലയറിയില്ലായിരിക്കാം..
വിലയേറിയ ജീവിതം നഷ്ടപെട്ട ശ്രീജീവിനോടും  ജീവിതത്തിലെ വിലപ്പെട്ട രണ്ടുവർഷം റോഡരികിൽ ഹോമിച്ച ശ്രീജിത്തിനോടും , നൊന്തുപെറ്റ മകന്റെ കല്ലറക്കു മുകളിൽ നെഞ്ചുരുകി  കണ്ണീരൊഴുക്കുന്ന ശ്രീജീവിന്റെ അമ്മയോടും ഇനിയെന്തുമറുപടിപറയാനാകും …. നമ്മളുൾപ്പെടുന്ന ഈ സമൂഹത്തിന്.

762  ദിവസം നീണ്ടുനിന്ന  സത്യാഗ്രഹവും  അതിനിടയിലെ നിരാഹാരസത്യാഗ്രഹങ്ങളും ശ്രീജിത്തിന്റെ  ശരീരത്തെയും ആന്തരികാവയവങ്ങളെയും  തകരാറിലാക്കുമ്പോൾ ശ്രീജിത്തിനൊപ്പം ഈ കേസും അവസാനിക്കുമെന്ന് ധരിച്ചു പരിഹാസച്ചി രിയുമായി അണിയറയിലിരിക്കുന്ന ഘാതകന്മാരെ…. …. ആയുധം നഷ്ടപ്പെട്ടിട്ടും പോർക്കളത്തിൽ നെഞ്ചുവിരിച്ചുനില്ക്കാൻ ധൈര്യം കാണിച്ച ധീരനായപ്പോരാളിയെ പോലെയുള്ള ശ്രീജിത്തുമാരുള്ളപ്പോൾ ….ഒരിക്കൽ നിങ്ങൾക്ക് സ്വാധീനിക്കാൻ കഴിയുന്ന വകുപ്പുകൾക്കും , സർക്കാരിനും കോടതികൾക്കുമപ്പുറംമറ്റൊരുകോടതി വിധിയെഴുതാൻ കാത്തിരിപ്പുണ്ട്… അധികം വൈകാതെ… മറക്കണ്ട

ശ്രീ ജീവിന്റെ മരണം ആത്മഹത്യ ആണെന്നും അല്ല കൊലപാതകമാണെന്നുമുള്ള തർക്കത്തിന്റെ പശ്ചാത്തലത്തിൽ  സഹോദരൻ ശ്രീജിത്ത് സെക്രട്ടറിയേറ്റിന്റെ മുന്നിൽ സത്യഗ്രഹവും ഉപവാസവും ആരംഭിച്ച് 166ദിവസം പിന്നിട്ടപ്പോഴും 400 ദിവസം പിന്നിട്ടപ്പോഴും” കാക്കിക്കുള്ളിലെ കല്ല് ഹൃദയങ്ങൾ “എന്ന പേരിൽ ഫ്‌ളവേഴ്‌സ്  ടി വി  യുടെ “ശേഷം” എന്ന കുറ്റാന്വേഷണപരമ്പര ഈ വിഷയം ചർച്ച ചെയ്തിരുന്നു ….