മമ്മൂട്ടിക്കല്ലാതെ മറ്റാർക്കും ഇത്ര മനോഹരമായി ആ റോൾ ചെയ്യാൻ കഴിയില്ല!!!

January 20, 2018

മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരൻപിനെ വാനോളം പ്രശംസിച്ച്  തമിഴ് ചലച്ചിത്ര നിർമ്മാതാവും   എഴുത്തുകാരനുമായ ധനഞ്ജയൻ ഗോവിന്ദൻ.തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ധനഞ്ജയൻ പേരൻപിനെയും മമ്മൂട്ടിയെയും പുകഴ്ത്തി പോസ്റ്റിട്ടത്.ചിത്രത്തിൽ മമ്മൂട്ടിക്ക് പകരം മറ്റൊരാളെ സങ്കല്പിക്കാനാവില്ലെന്നും പേരൻപിന്റെ ആദ്യ 30 മിനുട്ട് കണ്ടപ്പോൾ തന്നെ ചിത്രം തന്റെ ഹൃദയത്തിൽ ആഴത്തിൽ സ്പർശിച്ചുവെന്നും ധനഞ്ജയൻ എഴുതി.

‘ഒരുപാട് നന്ദിയുണ്ട് മമ്മൂക്ക, റാമിന്റെ ചിത്രത്തിൽ അഭിനയിച്ചതിന്. ഉത്തരവാദിത്തമുള്ള ഒരു അച്ഛന്റെ വേഷത്തിൽ നിങ്ങൾ മികച്ചു നിന്നു.ഇത്രയും മികച്ച രീതിയിൽ മറ്റൊരാൾക്കും ആ കഥാപാത്രം ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല.മുഴുവൻ ചിത്രത്തിനായി കാത്തിരിക്കുന്നു. ഈ ചിത്രം തമിഴ് സിനിമയുടെ അഭിമാനമാകുമെന്നതിൽ ഒട്ടും സംശയമില്ല’- ധനഞ്ജയൻ ട്വിറ്ററിൽ കുറിച്ചു.

‘തരമണി’ എന്ന ചിത്രത്തിന് ശേഷം റാം അണിയിച്ചൊരുക്കുന്ന ചിത്രമാണ്  പേരന്പ്. റാമിന്റെ തന്നെ തങ്കമീൻകൾ എന്ന ചിത്രത്തിന് 2013 ലെ മികച്ച തമിഴ് ഫീച്ചർ ഫിലിമിനുള്ള അവാർഡ് ലഭിച്ചിരുന്നു.മികച്ച ബാലതാരത്തിനും,മികച്ച ഗാനരചയിതാവിനുമുള്ള അവാർഡുൾപ്പെടെ മൂന്ന് ദേശീയ അവാർഡുകളാണ് തങ്കമീങ്കൾ എന്ന ചിത്രം സ്വന്തമാക്കിയത്.