2018 കീഴടക്കാനൊരുങ്ങുന്ന മോഹൻലാൽ ചിത്രങ്ങൾ!!!!

January 23, 2018

കൈ നിറയെ ചിത്രങ്ങളുമായയാണ് മലയാളത്തിന്റെ സ്വന്തം സൂപ്പർ സ്റ്റാർ മോഹൻലാൽ 2018 നെ വരവേൽക്കുന്നത്.അവയിൽ പലതും മലയാള സിനിമയിൽ ചരിത്രം സൃഷ്ട്ടിക്കാൻ പോന്നവയാണെന്ന തിരിച്ചറിവിൽ ആകാംക്ഷയോടെയാണ് ആരാധകരും നിരൂപകരും കാത്തിരിക്കുന്നത്.മലയാളത്തിനു പുറമെ ഇതര ഭാഷകളിലും വിജയക്കൊടി പാറിച്ച മോഹൻലാലിന് 2018 ലും തന്റെ ജൈത്രയാത്ര തുടരാനാകുമെന്നു തന്നെയാണ് സിനിമാ മേഖലകളിൽ നിന്നും വരുന്ന വാർത്തകൾ.2018 ൽ ഇതുവരെ പ്രഖ്യാപിക്കപ്പെട്ട മോഹൻലാൽ ചിത്രങ്ങൾ.

മോഹൻലാൽ-അജോയ് വർമ്മ ചിത്രം 

പ്രശസ്ത ബോളിവുഡ് സംവിധായകൻ അജോയ് വർമയുടെ ത്രില്ലർ ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും ചിത്രത്തെക്കുറിച്ച് മികച്ച പ്രതീക്ഷയാണുള്ളതെന്നും മോഹൻലാൽ വ്യക്തമാക്കിയിരുന്നു.

ഒടിയൻ

മോഹൻലാൽ ആരാധകരും മലയാള സിനിമാ ലോകവും ഏറ്റവും കൂടുതൽ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയൻ. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിനു വേണ്ടി മോഹൻലാൽ നടത്തുന്ന കഠിന പ്രയത്നങ്ങളും ചിത്രത്തിന്റെ കഥാ പശ്ചാത്തലവുമെല്ലാം ഇതിനോടകം തന്നെ വലിയ ചർച്ചയായിരുന്നു.ഫെബ്രുവരിയിൽ അവസാന ഷെഡ്യൂൾ ചിത്രീകരണം ആരംഭിക്കുന്ന  ബിഗ്‌ബഡ്ജറ് ചിത്രം നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്.

മോഹൻലാൽ-ഭദ്രൻ ചിത്രം 

12 വർഷങ്ങൾക്കു ശേഷം മോഹൻലാലും ഭദ്രനും വീണ്ടും ഒന്നിക്കുന്നുവെന്നതാണ് ഇരുവരുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ഒരു റോഡ് മൂവി ഗണത്തിൽ പെടുന്ന ചിത്രമായിരിക്കും അതെന്നും സൂചനകുളുണ്ട്.ചിത്രത്തിൽ രമ്യാ കൃഷ്ണനും ശരത് കുമാറും പ്രധാന വേഷങ്ങളിലെത്തുമെന്നും സ്ഥിതീകരിയ്ക്കാത്ത റിപ്പോർട്ടുകളുണ്ട്.2005 ൽ പുറത്തിറങ്ങിയ ഉടയോൻ ആണ് മോഹൻലാൽ ഭദ്രൻ കൂട്ടുകെട്ടിൽ പിറന്ന അവസാന സിനിമ.

കായംകുളം കൊച്ചുണ്ണി

നിവിൻ പോളി കായംകുളം കൊച്ചുണ്ണിയായെത്തുന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ ഇത്തിക്കരപ്പാക്കിയായി മോഹൻലാൽ എത്തുന്നുവെന്ന വാർത്ത തെല്ലൊരത്ഭുതത്തോടെയാണ് മലയാള സിനിമാ ലോകം എതിരേറ്റത്.ബിഗ്‌ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ പ്രിയാ ആനന്ദാണ് നായിക.നിവിൻ പോളിക്കൊപ്പം മോഹൻലാൽ കൂടിയെത്തുന്നതോടെ കായംകുളം കൊച്ചുണ്ണിക്കായി ആരാധകർ അക്ഷമരായി കാത്തിരിക്കുമെന്ന്നുറപ്പാണ്.

ലൂസിഫർ 

മലയാളികളുടെ പ്രിയ നടൻ പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ലൂസിഫർ.മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രം മലയാളത്തിലെ രണ്ടു സൂപ്പർ താരങ്ങളുടെ ഒത്തുചേരൽ എന്ന നിലയിൽ വലിയ പ്രതീക്ഷയോടെ  കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വർഷം മെയ് മാസത്തിൽ ആരംഭിക്കുമെന്നാണ് കരുതുന്നത്.

മോഹൻലാൽ-ഷാജി കൈലാസ് ചിത്രം 

മലയാളികൾക്ക് നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച മോഹൻലാൽ-ഷാജി കൈലാസ് കൂട്ടുകെട്ട് 2018 ൽ വീണ്ടും ഒന്നിക്കുന്നുവെന്നാണ് പുറത്തു വരുന്ന വാർത്തകൾ.നിരവധി തീപ്പൊരി ഡയലോഗുകളും ആക്ഷൻ രംഗങ്ങളുമായി രഞ്ജി പണിക്കരാണ്  തിരക്കഥയൊരുക്കുന്നത്. 2009 ൽ പുറത്തിറങ്ങിയ റെഡ്‌ചില്ലീസ് ആയിരുന്നു അവസാനമായി പുറത്തിറങ്ങിയ ഷാജി കൈലാസിന്റെ മോഹൻലാൽ ചിത്രം