വീണ്ടും വരുന്നു മോഹൻലാൽ-രഞ്ജിത്ത് കൂട്ടുകെട്ട്

January 22, 2018

 

മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച മോഹൻലാൽ രഞ്ജിത്ത് കൂട്ടുകെട്ട് വീണ്ടും വരുന്നു.’ബിലാത്തിക്കഥ’ എന്നു പേരിട്ടിരിക്കുന്ന ചിത്രം മാർച്ച് ഒന്ന് മുതൽ ഷൂട്ടിംഗ് തുടങ്ങും.പൂർണമായും ലണ്ടനിൽ ചിത്രീകരിക്കുന്ന ബിലാത്തിക്കഥ  ലില്ലിപ്പാട് മോഷൻ പിക്ചേഴ്സ് യു കെ ലിമിറ്റഡ്,വർണ ചിത്ര ബിഗ്‌സ്‌ക്രീൻ എന്നിവയുടെ ബാനറിൽ മഹാ സുബൈറാണ്  നിർമിക്കുന്നത്.

നിരൻജ്‌, മണിയൻപിള്ള രാജു, കലാഭവൻ ഷാജോൺ,സുരേഷ് കൃഷ്ണ, കോട്ടയം നസീർ,ദിലീഷ് പോത്തൻ, അനു സിത്താര,കനിഹ ,ജ്യൂവൽ മേരി  എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. സേതുവാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതുന്നത്. ബി കെ ഹരിനാരായണന്റെ വരികൾക്ക് വിനു തോമസ് സംഗീതം നൽകുന്നു.കഴിഞ്ഞ വർഷം  പുറത്തിറങ്ങിയ പുത്തൻ പണമാണ് രഞ്ജിത് അവസാനമായി സംവിധാനം ചെയ്ത ചിത്രം.2015 ൽ പുറത്തിറങ്ങിയ ലോഹമാണ് മോഹൻലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ഏറ്റവും ഒടുവിലത്തെ ചിത്രം.