2017 ൽ മലയാളികൾ ഹൃദയത്തോട് ചേർത്ത ഗാനങ്ങളിലൂടെയൊരു യാത്ര…

സംഗീത സാന്ദ്രമായ ഒട്ടനവധി ചിത്രങ്ങൾ മലയാളികൾക്ക് നൽകിയ വർഷമാണ് 2017… വ്യത്യസ്തമായ സംഗീത ചേരുവകളുമായി ബിജിപാലും , ഗോപിസുന്ദറും, ഷാൻ റഹ്മാനും എം ജയചന്ദ്രനുമെല്ലാം മലയാളികൾക്കായി സംഗീത സദ്യയൊരുക്കിയപ്പോൾ ഒരുപിടി പുതിയ സംഗീത സംവിധായകൻ പുത്തൻ പരീക്ഷണങ്ങളുമായി മലയാളി മനസ്സിൽ നിറഞ്ഞു നിന്നു..2017 ൽ മലയാളികൾ നെഞ്ചിലേറ്റിയ ഏറ്റവും മികച്ച ഗാനങ്ങൾ കണ്ടെത്തുകയാണിവിടെ…അഭിരുചികളും ആസ്വാദന തലങ്ങളും തികച്ചും വ്യക്തിപരമാണെന്നതുകൊണ്ടും, മികച്ചതിനെ തേടിയുള്ള യാത്ര തീർത്തും ആപേക്ഷികമാണെന്ന വസ്തുത അംഗീകരിച്ചു കൊണ്ടും തന്നെയാണ് ഇത്തരമൊരു സംഗീത യാത്രക്കൊരുങ്ങുന്നത്….
ജിമ്മിക്കി കമ്മൽ- വെളിപാടിന്റെ പുസ്തകം…
2017 ൽ ഏറ്റവും വലിയ ഹിറ്റു ഗാനമേതെന്ന ചോദ്യത്തിന് ഉത്തരമൊന്നേയുള്ളു…ഷാൻ റഹ്മാന്റെ ലളിത സുന്ദരമായ സംഗീതത്തിന് വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേർന്ന് ശബ്ദം നൽകിയപ്പോൾ പിറന്നത് മലയാള സംഗീതലോകത് പുത്തൻ റെക്കോർഡുകളാണ്…ഏഴുകടലുകളും കടന്ന് ജിമ്മിക്കി കമ്മലും അതിലെ നൃത്തചുവടുകളും വിജയക്കൊടി നാട്ടുന്ന അത്യപൂർവ്വ കാഴ്ചക്കും 2017 സാക്ഷ്യം വഹിച്ചു..യൂട്യൂബിൽ 21 മില്യണിലധികം കാഴ്ചക്കാരുമായി ചരിത്രം കുറിച്ച ഗാനത്തിന്റെ വ്യത്യസ്തങ്ങളായ ആരാധക പതിപ്പുകളും ഇറങ്ങിയിരുന്നു…
ലൈലാകമേ- എസ്രാ..
പൃഥ്വിരാജ് നായകനായ ഹൊറർ ചിത്രം എസ്റയുടെ ആദ്യം പുറത്തിറങ്ങിയ ഗാനമായിരുന്നു ലൈലകമേ..ബി.കെ ഹരിനാരായണന്റെ വരികൾക്ക് പ്രണയാർദ്ധമായ സംഗീതമൊരുക്കിയത് രാഹുൽ രാജായിരുന്നു…പൃഥ്വിരാജ്, പ്രിയ ആനന്ദ് എന്നിവരുടെ പ്രണയ രംഗങ്ങൾ കൂടി താളാത്മകമായി ഇഴചേർത്തതോടെ 2017ൽ മലയാളികൾ ഏറ്റവും കൂടുതൽ സ്നേഹിച്ച ഗാനങ്ങളിലൊന്നായി ലൈലാകമേ മാറി…
ഈ കാറ്റുവന്നു കാതിൽ പറഞ്ഞു- ആദം ജോൺ..
2017 ൽ ഏറ്റവും കൂടുതൽ റൊമാന്റിക് ഗാനങ്ങളിൽ വേഷമിട്ട നടൻ പൃഥ്വിരാജായിരിക്കും ..പ്രണയ ഗാനങ്ങളുടെ നീണ്ട പട്ടികയിൽ മുന്നിൽ തന്നെയുണ്ടാവും ആദം ജോണിലെ ഈ കാറ്റു വന്നു കാതിൽ പറഞ്ഞുവെന്ന ഗാനം. ആദമിന്റെയും എമിയുടെയും പ്രാണായാർദ്രമായ രംഗങ്ങൾക്ക് ദീപക് ദേവൊരുക്കിയ ഗാനങ്ങൾ മലയാളികൾ ഇരു കൈയും നീട്ടി സ്വീകരിക്കുകയായിരുന്നു..ഗാനങ്ങളോളം തന്നെ ഹൃദ്യമായ രംഗങ്ങൾ ക്യാമറയിൽ പകർത്തിയത് ജിത്തു ദാമോധരനാണ്..
തെയ്യാമ്മെ- അങ്കമ്മാലി ഡയറീസ്…
റിയലിസ്റ്റിക് സിനിമാ അനുഭവങ്ങളുമായി പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമ്മാലി ഡയറീസ്…നാടൻ പാട്ടിന്റെ താളവുമായെത്തിയ തെയ്യാമെ ഗാനം അങ്കമ്മാലിക്കാരുടെ പ്രണയത്തിന്റയും സ്വപ്നങ്ങളുടെയും കഥ പറഞ്ഞ ചിത്രത്തെ കൂടുതൽ മിഴിവുറ്റതാക്കി..
ഖല്ബില് തേനൊഴ്കണ കോഴിക്കോട്- ഗൂഢാലോചന..
‘പുതിയപ്പള ബീച്ചില് കേട്ടോ ബാബൂക്ക പാടണ പാട്ട്??’….. കോഴിക്കോട്ടുകർക്കായി ഒരു ‘ഉസ്സാർ’ ഗാനവുമായാണ് ധ്യാൻ ശ്രീനിവാസന്റെയും കൂട്ടരുടെയും ‘ഗൂഢാലോചന’യെത്തിയത്.സൽക്കാരമെടുപ്പുള്ള മിട്ടായിത്തെരുവും മൊഞ്ചുള്ള നടക്കാവും സന്തോഷം പൂക്കുന്ന കല്ലായി കാറ്റും ഗോപിസുന്ദറിന്റെ ഈണത്തോടിഴചേർന്നപ്പോൾ കോഴിക്കോട്ടുകാർ മാത്രമല്ല..കേരളം മുഴുവൻ പാടി..ബാപ്പ്വോ ..മുത്താണീ നമ്മടെ കോയിക്കോട്..
മഴ പാടും കുളിരായി- സൺഡേ ഹോളിഡേ…
2017 ലെ മറ്റൊരു മികച്ച പ്രണയഗാനവുമായാണ് സൺഡേ ഹോളിഡേ എന്ന ചിത്രമെത്തിയത്..ദീപക് ദേവിന്റെ സംഗീതത്തിനു വരികളൊരുക്കിയത് ജിസ് ജോയ്…അരവിന്ദ് വേണുഗോപാലും അപർണ ബലമുരളിയും ചേർന്നാണ് പ്രണയം തുളുമ്പുന്ന ഈ മനോഹര ഗാനം ആലപിച്ചത്..ആസിഫ് അലിയുടെയും അപർണ ബലമുരളിയുടെയും മികച്ച കെമിസ്സ്ട്രിയിൽ ദൃശ്യങ്ങൾ ഒരുക്കിയതോടെ ഒരു പ്രണയ മഴയുടെ കുളിരനുഭവിച്ച നിർവൃതികൊണ്ടു മലയാളികൾ..
അകലെ ഒരു കാടിൻറെ- രാമന്റെ ഏദൻ തോട്ടം..
കാടും പുഴകളും കിളികളും ചേരുന്നതാണ് രാമന്റെ ഏദൻ തോട്ടം…ഇവിടെ അവധിയാഘോഷിക്കാനെത്തുന്ന മാലിനിയുടെ കഥ പറയുന്ന ചിത്രത്തെ ഹൃദ്യമായൊരനുഭവമാക്കി മാറ്റിയതിൽ ബിജിബാലൊരുക്കിയ സംഗീതത്തിനും നിർണായക സ്വാധീനമുണ്ടായിരുന്നു….നുകരുവാനാകാത്ത മധുവിന്റെ സ്വാദിനെക്കുറിച്ചു പറയുന്ന ഗാനം എഴുതിയത് സന്തോഷ് വർമയാണ്..മലയാളികൾ അധികമൊന്നും കണ്ടു പരിചയിച്ചിട്ടില്ലാത്ത സൗഹൃദത്തിന്റെ മനോഹാരിതയുമായെത്തുന്ന ഗാനം ആലപിച്ചത് ശ്രേയാ ഘോഷാലാണ്..
നോക്കി നോക്കി നോക്കി നിന്നു -ജോമോന്റെ സുവിഷങ്ങൾ..
സംഗീതത്തിനു വളരെയേറെ പ്രാധാന്യം നൽകുന്ന സംവിധായകനാണ് സത്യൻ അന്തിക്കാട്.. വർഷാരംഭത്തിൽ ഇറങ്ങിയ ജോമോന്റെ സുവിശേഷങ്ങൾ അത്ര വലിയ വിജയമായില്ലെങ്കിലും ചിത്രത്തിലെ ഗാനങ്ങൾ പ്രത്യേകിച്ച് നോക്കി നോക്കി എന്നു തുടങ്ങുന്ന ഗാനം 2017 ലെ മനോഹര ഗാനങ്ങളുടെ പട്ടികയിൽ തീർച്ചയായും ഇടം പിടിക്കും..
സീതാ കല്യാണം – സോളോ..
2017 ലെ ഏറ്റവും വലിയ പരീക്ഷണ ചിത്രങ്ങളിലൊനന്നായിരുന്നു ദുൽഖറിന്റെ …തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണവുമായി പ്രദർശനമവസാനിപ്പിച്ച ബിജോയ് നമ്പ്യാർ ചിത്രത്തിലെ ഗാനങ്ങളെല്ലാം ഒരുപോലെ മികച്ചവയായിരുന്നു.. രുദ്രയുടെയും അക്ഷരയുടെയും കഥയുമായെത്തിയ വേൾഡ് ഓഫ് രുദ്രയിലെ സീതാ കല്യാണമെന്ന ഗാനമായിരുന്നു അവയിൽ ഏറ്റവും ജനപ്രിയമായത്..സൂരജ് എസ് കുറുപ്പാണ് സീതാ കല്യാണത്തിന്റെ സംഗീതമൊരുക്കിയത്.
മിഴിയിൽ നിന്നും മിഴിയിലേക്ക്- മായനദി..
ശക്തമായ അടിയൊഴുക്കുള്ള മായാനദി അങ്ങനെ ഒഴുകിക്കൊണ്ടരിക്കുകയാണ്.. മലയാളി പ്രേക്ഷകരുടെ മനസ്സിലൂടെ..മിഴിയിൽ നിന്നും മിഴിയിലേക്കൊഴുകുന്ന അതിലെ പ്രണയ രാഗങ്ങൾക്ക് ജീവൻ നൽകിയത് ഷഹബാസ് അമനാണ്..റെക്സ് വിജയൻറെ മനോഹരമായ സംഗീതത്തിന് അൻവർ അലിയുടെ വരികൾ.
മികച്ചവയുടെ പട്ടികയിൽ നിന്നും ഒരിക്കലും ഒഴിവാക്കാനാകാത്ത ചില ഗാനങ്ങൾ കൂടി…..
കണ്ണിലെ പൊയ്ക-തൊണ്ടിമുതലും ദൃക്സാക്ഷിയും..
ഒഴുകിയൊഴുകി- ഒരു സിനിമാക്കാരൻ..
പ്യാർ പ്യാർ-പറവ..
കണ്ടിട്ടും കണ്ടിട്ടും-വില്ലൻ..