ആമി വിവാദം;കമലിന് മറുപടി പറയാനില്ലെന്ന് വിദ്യാ ബാലൻ

January 17, 2018

മലയാളികളുടെ പ്രിയ കഥാകാരി  മാധവിക്കുട്ടിയുടെ  ജീവിത കഥ പറയുന്ന ആമിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിക്കാനില്ലെന്ന് നടി  വിദ്യാ ബാലൻ. ചിത്രത്തിൽ നിന്നും വിദ്യാ ബാലൻ പിന്മാറിയത്തിൽ തനിക്ക് സന്തോഷമേയുള്ളുവെന്നും  വിദ്യയിരുന്നു ആമിയെങ്കിൽ കുറച്ച് ലൈംഗികതയൊക്കെ കടന്നുവരുമെന്നുമായിരുന്നു ചിത്രത്തിന്റെ സംവിധായകൻ കമൽ പരാമർശിച്ചത്.ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട് ചെയ്ത കമലിന്റെ പ്രസ്താവന ചലച്ചിത്ര രംഗത്ത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.എന്നാൽ കമലിന്റെ വിവാദ പരാമർശങ്ങൾക്ക് മറുപടിയില്ലെന്നാണ് വിദ്യാ ബാലന്റെ നിലപാടെന്ന് ഒരു പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട്  ചെയ്തു.

ഇതിനെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല..കമലിന് മറുപടി നാകാനുദ്ദേശമില്ല.പ്രത്യേകിച്ച് ഞാൻ എല്ലാം അവസാനിപ്പിച്ച സാഹചര്യത്തിൽ – വിദ്യാ ബാലൻ പറഞ്ഞു. കഥയുമായി ബന്ധപ്പെട്ട ചില അഭിപ്രായ വ്യതാസങ്ങളാണ് ചിത്രത്തിൽ നിന്നും പിന്മാറാൻ കാരണമായതെന്ന് വിദ്യ മുൻപ് പറഞ്ഞിരുന്നെങ്കിലും ബാഹ്യ പ്രേരണകളാണ് വിദ്യയുടെ പിന്മാറ്റത്തിനു പിന്നിലെന്ന് കമൽ പറഞ്ഞിരുന്നു.

വിദ്യക്കു പകരം മലയാളികളുടെ ഇഷ്ട താരം മഞ്ജു വാര്യരാണ് ആമിയായി സ്‌ക്രീനിലെത്തുന്നത്. ‘വിദ്യക്ക് വേണ്ടി കണ്ടിരുന്ന ആമിയെയല്ല മഞ്ജു വാര്യർ ചെയ്തിരിക്കുന്നത്.വിദ്യയിരുന്നു ചെയ്തിരുന്നതെങ്കിൽ അതിൽ കുറച്ച് ലൈംഗികതയൊക്കെ കടന്നു വരുമായിരുന്നു.ഞാൻ പോലും ശ്രദ്ധിക്കാതിരുന്ന ഒരു ഭാഗമായിരുന്നു അത്.എന്നാൽ മഞ്ജു വന്നതിനാൽ സാധാരണ തൃശ്ശൂർകാരിയുടെ നാട്ടു ഭാഷയിൽ പെരുമാറുന്ന  ആമിയെ അവതരിപ്പിക്കാനായി. അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ട നടിയായിരുന്നെങ്കിലും അടിസ്ഥാനപരമായി അവർ ഒരു സാധാരണ മലയാളി സ്ത്രീ ആയിരുന്നു.അങ്ങനെയൊരു കലാകാരിയെ അവതരിപ്പിക്കാൻ വിദ്യാ ബാലനെക്കാൾ എന്തുകൊണ്ടും ഉചിതം മഞ്ജു വാര്യർ തന്നെയാണ്- ഇതായിരുന്നു കമലിന്റെ വിവാദ പ്രസ്താവന