ഇന്ദിരയുടെ വേഷമണിയാൻ വിദ്യാ ബാലൻ

January 13, 2018

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വേഷമണിയാനൊരുങ്ങി വിദ്യാ ബാലൻ.പ്രശസ്ത മാധ്യമ പ്രവർത്തകയായ സാഗരിക ഘോഷിന്റെ പുസ്തകമായ ഇന്ദിര,ഇന്ത്യാസ് മോസ്റ്റ് പവർഫുൾ പ്രൈം മിനിസ്റ്റർ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ചലച്ചിത്രം ഒരുങ്ങുന്നത്.സാഗരിക ഘോഷ് തന്നെയാണ് പുസ്തകത്തിന്റെ സിനിമ അവകാശം വിദ്യാ ബാലനും ഭർത്താവും ചേർന്ന് സ്വന്തമാക്കിയ വിവരം പുറത്തു വിട്ടത്.

ഇന്ദിരയെ സ്‌ക്രീനിൽ കാണാൻ ആകാംഷയോടെ കാത്തിരിക്കുന്നു എന്നു ട്വിറ്ററിലൂടെ പ്രഖ്യാപിച്ച സാഗരിക ഘോഷ് വിദ്യാബാലനെന്ന അഭിനേത്രിയെ പ്രശംസിക്കാനും മറന്നില്ല. ഇന്ദിരാ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയ 1975 ലെ അടിയന്തിരാവസ്ഥയും അതിലേക്ക് വഴിവെച്ച കാരണങ്ങളും ഇന്ദിരയുടെ രാഷ്ട്രീയ പോരാട്ടവും കുടുംബജീവിതവുമെല്ലാം പ്രതിപാദിക്കുന്നതാണ് സാഗരിക ഘോഷിന്റെ പുസ്തകം. ഇന്ദിരാഗാന്ധിയാവാനുള്ള തന്റെ ആഗ്രഹം വിദ്യാബാലൻ മുൻപ് പലതവണ വെളിപ്പെടുത്തിയിരുന്നു.’പല നിർമാതാക്കളിൽ നിന്നും ഓഫറുകൾ വന്നിരുന്നെങ്കിലും ഒന്നും നടന്നില്ല.ഇപ്പോൾ സാഗരിക ഘോഷിന്റെ ഇന്ദിരയാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.ഇത് സിനിമയാക്കണോ വെബ് സീരീസ് ആക്കണോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും വിദ്യാ ബാലൻ വാർത്താ കുറിപ്പിലൂടെ അറിയിച്ചു.