ബ്ലെസ്സിയുടെ ആടു ജീവിതത്തിൽ പൃഥ്വിക്കൊപ്പം അമലാ പോളും

February 17, 2018

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കുന്ന ആടുജീവിതത്തിൽ  അമലാ പോൾ നായികയാകുന്നു. പൃഥ്വിരാജ് നജീബ് മുഹമ്മദ് എന്ന  കഥാപാത്രത്തിമായെത്തുന്ന ചിത്രത്തിൽ നജീബിന്റെ  ഭാര്യയായ സൈനുവയാണ് അമലാ പോൾ സ്‌ക്രീനിലെത്തുക. സമൂഹ മാധ്യമങ്ങളിലൂടെ അമലാ പോൾ തന്നെയാണ് ‘ആടുജീവിത’ത്തിന്റെ  ഭാഗമാകാൻ പോകുന്ന കാര്യം അറിയിച്ചത്.

കടുത്ത ജീവിത പ്രതിസന്ധികളിലും ദൈവ ഹിതത്തിൽ അടിയുറച്ചു വിശ്വസിച്ച നജീബ് എന്ന കഥാപാത്രം തന്നെ ഏറെ സ്വാധീനിച്ചുവെന്നും നജീബിന്റെ  ഭാര്യയായി അഭിനയിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും അമലാ പോൾ ഫേസ്ബുക്കിൽ കുറിച്ചു.

ദേശീയ അവാർഡ് ജേതാവായ ബ്ലെസ്സിക്കൊപ്പം ആടു ജീവിതമെന്ന ആഴമേറിയ ചിത്രത്തിൽ അഭിനയിക്കാൻ കഴിയുന്നത് ജീവിതത്തിലെ മഹാ ഭാഗ്യങ്ങളിൽ ഒന്നാണെന്ന് പറഞ്ഞ അമലാ പോൾ  ചിത്രത്തിന്റെ തിരക്കഥയെയും  ആടു ജീവിതത്തിനായി രണ്ടു വർഷത്തോളം നീക്കിവെച്ച പൃഥ്വിരാജിന്റെ അർപ്പണബോധത്തെയും പ്രശംസിച്ചു.

സംഗീത ഇതിഹാസം എ ആർ റഹ്മാൻ 25 വര്ഷങ്ങള്ക്കു ശേഷം മലയാള ചലച്ചിത്രത്തിനായി സംഗീതമൊരുക്കുന്നുവെന്ന പ്രത്യേകതയും ആടുജീവിതത്തിനുണ്ട്. മറ്റൊരു ഓസ്കാർ ജേതാവായ റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിലെ ശബ്ദ മിശ്രണം നിർവഹിക്കുന്നത്.

ബ്ലെസ്സിയുടെ സംവിധാനത്തിൽ  ത്രീഡി ദൃശ്യമികവോടെ അണിയിച്ചൊരുക്കുന്ന  ചിത്രം മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലായി പ്രദർശനത്തിനെത്തും. പ്രവാസി വ്യവസായി കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള കെ ജി എ  ഫിലിംസാണ് ചിത്രം നിർമിക്കുന്നത്.കുവൈറ്റ്, ജോർദാൻ, ഒമാൻ, ദുബായ് എന്നിവടങ്ങളാണ് പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകൾ.

പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്‍ രചിച്ച ആടുജീവിതത്തിന് 2009-ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും 2015ലെ പത്മപ്രഭാ പുരസ്‌കാരവും ലഭിച്ചിരുന്നു.