സിനിമയിൽ ആറു വർഷങ്ങൾ പൂർത്തിയാക്കി ദുൽഖർ..!

February 3, 2018

ആറു വർഷങ്ങൾക്ക് മുൻപ് 2012 ഫെബ്രുവരി മൂന്നിനാണ് ദുൽഖർ സൽമാന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോ റീലീസ് ചെയ്യുന്നത്. ലാലുവെന്ന ചുറുചുറുക്കുള്ള ചെറുപ്പക്കരന്റെ വേഷത്തെ ഒരു അരങ്ങേറ്റക്കാരന്റെ പോരായ്മകളൊന്നും തന്നെ പ്രകടമാക്കാതെ സ്‌ക്രീനിലവതരിപ്പിച്ച ദുൽഖർ പിന്നീട് ശരവേഗത്തിലാണ് പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് ഓടിക്കയറിയത്.
ഉസ്താദ് ഹോട്ടലിലെ ഫൈസിയുംകമ്മട്ടിപ്പാടത്തിലെ കൃഷ്ണനും കെ ടി എൻ കോട്ടൂരിനെ അവതരിപ്പിച്ച ഞാൻ എന്ന ചിത്രവുമെല്ലാം ദുൽഖർ എന്ന നടന് മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിക്കൊടുത്തു. ആയാസരഹിതമായ അഭിനയത്തിലൂടെ ചാർളിയായി പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രകടനത്തിന് സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള അവാർഡും ദുൽഖറിനെ തേടിയെത്തി.

തെന്നിന്ത്യയിലും നിരവധി ആരാധകരുള്ള ദുൽഖർ ബോളിവുഡ് അരങ്ങേറ്റത്തിനുള്ള തയ്യാറെടുപ്പുകളിലാണിപ്പോൾ. ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന യുവതാരങ്ങളിലൊരാളായി മാറിയ ദുൽഖർ സൽമാൻ ആറുവർഷത്തെ തന്റെ സിനിമാ അനുഭവങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

ഉയർച്ചകളും താഴ്ചകളും കണ്ട യാത്രയിൽ ഓരോ ചിത്രങ്ങളും ഓരോ പാഠങ്ങളായിരുന്നുവെന്ന് ദുൽഖർ കുറിച്ചു.  നിറഞ്ഞ സ്നേഹവും ശക്തിയുമായി കൂടെ നിന്ന കുടുംബത്തിനും പ്രേക്ഷകർക്കും നന്ദി പറഞ്ഞ ദുൽഖർ പ്രേക്ഷകരുടെ അകമഴിഞ്ഞ സ്നേഹവും പ്രോത്സാഹനവും ഓരോ ദിവസവും മികച്ച പ്രകടനങ്ങൾക്കായി തന്നെ  പാകപ്പെടുത്തുന്നുവെന്നും കൂട്ടിച്ചേർത്തു.

ദുൽഖറിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം.