‘പൂമര’ത്തിനായുള്ള കാത്തിരിപ്പ്; ഒടുവിൽ സ്വയം ട്രോളി കാളിദാസ് ജയറാം

February 5, 2018

താര പുത്രന്മാർ മലയാള സിനിമയിൽ തരംഗം തീർക്കുന്ന  കാഴ്ചയാണ് മലയാള സിനിമയിലെ പുതിയ ട്രെൻഡുകളിൽ ഒന്ന് . നീണ്ട 6 വർഷത്തെ സിനിമാ ജീവിതത്തിലൂടെ അച്ഛനോളം പോന്ന സൂപ്പർ താരമായി മാറിയ ദുൽഖറും ‘ആദി’യിലൂടെ അരങ്ങേറ്റം കുറിച്ച പ്രണവ് മോഹൻലാലുമെല്ലാം മലയാളസിനിമയിലെ നിരന്തര ചർച്ചാ വിഷയങ്ങളാണ്. ഇവർക്കൊപ്പം സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് ഗോപിയും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കടന്നിരിക്കുകയാണ്. എന്നാൽ  മലയാളികൾ കഴിഞ്ഞ ഒരു വർഷത്തിലേറെയായി  കാത്തിരിക്കുന്നത് മറ്റൊരു താര പുത്രനായ കാളിദാസ് ജയറാമിന്റെ  മലയാളത്തിലെ അരങ്ങേറ്റത്തിനാണ്. സൂപ്പർ താരം  ജയറാമിന്റെ മകൻ കാളിദാസ് ജയറാം നായകനാകുന്ന ഐബ്രിഡ്‌ ഷൈൻ ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി .

ചിത്രത്തിലെ ഞാനും ഞാനുമെന്റാളും എന്നു തുടങ്ങുന്ന ഗാനം ജനഹൃദയങ്ങളിൽ  സൂപ്പർ ഹിറ്റാവുകയും കാളിദാസ് ജയറാമിന്റെ ചിത്രത്തിന് മികച്ച പ്രതീക്ഷകൾ നൽകുകയും ചെയ്തു. എന്നാൽ പ്രേക്ഷകരെ നിരാശരാക്കികൊണ്ട് ചിത്രത്തിന്റെ  റീലീസ് നീണ്ടുപോവുകയായിരുന്നു.കഴിഞ്ഞ വർഷം ക്രിസ്മസ് റിലീസായി ചിത്രം തീയേറ്ററുകളിലെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും നടന്നില്ല.. എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ദേശീയ അവാർഡ് ജേതാവായ കാളിദാസ് ജയറാമിന്റെ അഭിനയമികവ് കാണാൻ കാത്തിരിക്കുന്ന പ്രേക്ഷകരെ ചിരിയിലാഴ്ത്തുന്ന ഒരു ട്രോളുമായാണ് കാളിദാസ് ജയറാം ഇപ്പോഴെത്തിയിരിക്കുന്നത്. മറ്റു താര പുത്രന്മാർ റേസിംഗ് വാഹനങ്ങളിൽ ചീറിപ്പായുമ്പോൾ പൂമരത്തിന്റെ സംവിധായകൻ ഐബ്രിഡ്‌ ഷൈൻ ഓടിക്കുന്ന സൈക്കിളിൽ ഇരിക്കുന്ന കാളിദാസാണ് ട്രോള്ളിലുള്ളത് . മറ്റു താരപുത്രന്മാർക്കൊപ്പം എപ്പോ എത്തും എന്ന് ട്രോള്ളിലൂടെ തമാശരൂപേണ ചോദിക്കുകയാണ് കാളിദാസ് ജയറാമിനെ പറ്റിയുള്ള ട്രോൾ ഉണ്ടാക്കിയത് ട്രോൾ കേരളയെന്ന ഫേസ്ബുക് പേജാണ്. തന്നെ പരിഹസിക്കുന്ന ട്രോൾ വരെ ആസ്വദിക്കുകയും ഷെയർ ചെയ്യുകയും ചെയ്യുന്ന കാളിദാസ് ജയറാമിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി ആരാധകരും രംഗത്തെത്തി.