തൊണ്ണൂറ്റിയാറുകാരനാകാൻ ദിവസവും അഞ്ചു മണിക്കൂർ മേക്കപ്പിട്ട് ദിലീപ്-ചിത്രം കാണാം

February 7, 2018

പുതിയ ചിത്രം കമ്മാര  സംഭവത്തിനായി 96 കാരന്റെ വേഷത്തിൽ ദിലീപ്.  മുരളി ഗോപി തിരക്കഥയെഴുതി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാര സംഭവത്തിൽ വ്യത്യസ്ത വേഷപ്പകർച്ചകളുമായാണ് ദിലീപ് സ്‌ക്രീനിലെത്തുന്നത്. 20 കോടിയുടെ മുതൽ മുടക്കിൽ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രത്തിലെ ദിലീപിന്റെ പുതിയ ഗെറ്റപ്പാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ ചര്‍ച്ചാവിഷയമായിരിക്കുന്നത്.

തൊണ്ണൂറ്റിയാറുകാരനായ കമ്മാരന്റെ വാർധ്യക ദശയിലേക്ക് ദിലീപിനെ രൂപ മാറ്റം നടത്താൻ വേണ്ടി  ദിവസവും 5 മണിക്കൂറാണ് മേക്കപ്പിടുന്നത്. എന്‍.ജി. റോഷന്റെ നേതൃത്വത്തിലുള്ള പ്രോസ്തറ്റിക് മേക്കപ് സംഘമാണു ഈ രൂപ മാറ്റത്തിനു പിന്നില്‍. ഷൂട്ടിംഗ് തുടങ്ങുന്നതിന്റെ അഞ്ചു മണിക്കൂർ മുന്നേ തന്നെ മേക്കപ്പിടേണ്ടതിനാൽ പുലർച്ച സമയങ്ങളിലാണ് ദിലീപ് മേക്കപ്പിനായി മാറ്റി വെക്കുന്നത്.രാവിലെ എട്ടിനാണ്  ഷൂട്ടിംഗ് ആരംഭിക്കുന്നതെങ്കിൽ  പുലര്‍ച്ചെ മൂന്നിനു മേക്കപ് തുടങ്ങുമെന്ന് സാരം. അഞ്ചു മണിക്കൂർ മാത്രമേ മേക്കപ്പ് നിലനിൽക്കുവെന്നതിനാൽ അത്ര സമയം മാത്രമേ 96 കാരനായ കഥാപാത്രത്തെ വെച്ചുള്ള ഷൂട്ടിങ്ങും സാധ്യമാകുകയുള്ളു.

കമ്മാരന്റെ ജീവിതത്തിലെ മൂന്നു കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രത്തിൻറെ രണ്ടാം ഘട്ട ഷൂട്ടിങ്ങാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.തമിഴ് നടൻ സിദ്ധാർഥും ദിലീപിനൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. ഈ  വർഷം വിഷുവിന്  റിലീസിനൊരുങ്ങുന്ന ചിത്രം വിതരണം ചെയ്യുന്നത് ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാൻഡ് പ്രൊഡക്ഷൻസാണ്.