വടക്കു നോക്കിയന്ത്രത്തിലെ ദിനേശനും ശോഭയും വീണ്ടുമെത്തുന്നു..

വടക്കുനോക്കിയന്ത്രം എന്ന സിനിമയിലെ തളത്തിൽ ദിനേശനെയും ശോഭയേയും മലയാളികൾ മറന്നുകാണാനിടയില്ല. ശോഭയുടെ മനസ്സ് കീഴടക്കാൻ ദിനേശൻ കാണിച്ചു കൂട്ടുന്ന കോലാഹലങ്ങളും അതിനോടനുബന്ധിച്ചുണ്ടാകുന്ന രസകരമായ സംഭവങ്ങളും അത്രമേൽ ആഴത്തിൽ മലയാളികളെ ചിരിപ്പിച്ചിട്ടുണ്ട് ,ചിന്തിപ്പിച്ചിട്ടുണ്ട്.
വടക്കു നോക്കിയന്ത്രത്തിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ശ്രീനിവാസന്റെ മകൻ ധ്യാൻ ശ്രീനിവാസൻ ഒരുക്കുന്ന ചിത്രത്തിലൂടെ വർഷങ്ങൾക്ക് ശേഷം ദിനേശനും ശോഭയും മലയാളികളുടെ മുന്നിലേക്ക് വീണ്ടുമെത്തുകയാണ്. ലവ് ആക്ഷൻ ഡ്രാമ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ദിനേശനായി നിവിൻ പോളിയും ശോഭയായി നയൻ താരയുമാണ് സ്ക്രീനിലെത്തുക.
നിലവിൽ റോഷൻ ആൻഡ്രൂസ് ചിത്രമായ കായം കുളം കൊച്ചുണ്ണിയിൽ അഭിനയിച്ചുകൊണ്ടരിക്കുന്ന നിവിൻ അടുത്തു തന്നെ ‘ദിനേശ’നായി മാറുമെന്ന് നടൻ അജു വർഗീസ് ഫേസ്ബുക്കിലൂടെ കുറിച്ചു. തന്റെ ആദ്യ സംവിധായക സംരംഭത്തിലെ പ്രധാന താരങ്ങൾക്ക് അച്ഛന്റെ സൂപ്പർ ഹിറ്റ് ചിത്രത്തിലെ സൂപ്പർ ഹിറ്റ് താരങ്ങളുടെ പേരുകൾ നൽകിയ ധ്യാൻ ശ്രീനിവാസൻ ഇനിയുമേറെ കൗതുകങ്ങൾ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സമ്മാനിക്കുമെന്നാണ് ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നും പുറത്തു വരുന്ന വാർത്തകൾ.