മമ്മൂട്ടിയുടെ ‘മാമാങ്കം’ ആരംഭിക്കുന്നു
വള്ളുവനാട്ടിലെ വില്ലാളി വീരന്മാരായ ചാവേറുകളുടെ കഥ പറയുന്ന മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ ആദ്യ ഘട്ട ഷൂട്ടിംഗ് ഫെബ്രുവരി 12 നു മംഗലാപുരത്ത് ആരംഭിക്കും. 12 വർഷത്തെ അഗാധമായ പഠനങ്ങൾക്കു ശേഷം സജീവ് പിള്ളയൊരുക്കുന്ന മാമാങ്കത്തിൽ യുവതാരങ്ങളായ നീരജ് മാധവും ക്വീനിലൂടെ ശ്രദ്ധേയനായ ധ്രുവനും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. മലയാളത്തിനൊപ്പം ഇതര ഭാഷകളിലെയും സൂപ്പർ താരങ്ങൾ ചിത്രത്തിന്റെ ഭാഗമാകുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ചിത്രീകരണം ആരംഭിച്ചതിനു ശേഷം മാത്രമേ മറ്റു താരങ്ങളെ പറ്റിയുള്ള വിവരങ്ങൾ പുറത്തു വിടുകയുള്ളുവെന്ന് സംവിധായകൻ സജീവ് പിള്ള പറഞ്ഞു .
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മുതൽ മുടക്കേറിയ ചിത്രം നിർമിക്കുന്നത് കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നമ്പിള്ളിയാണ്. 17ാം നൂറ്റാണ്ടിലെ കഥ പറയുന്ന മാമാങ്കത്തിനു ദൃശ്യവിസ്മയമൊരുക്കുന്നത് ബാഹുബലി ചിത്രത്തിനായി ഗ്രാഫിക്സ് ഒരുക്കിയ അതേ സംഘമാണ്.
ഫെബ്രുവരി 12 നു മംഗലാപുരത്ത് പ്രാരംഭ ഘട്ട ചിത്രീകരണം മാത്രമാണ് നടക്കുകയെന്നും മുഴുവൻ സമയ ഷൂട്ടിംഗ് മെയ് മാസത്തിലാണ് പ്ലാൻ ചെയ്തിരിക്കുന്നതെന്നുമാണ് പുറത്തു വരുന്ന വാർത്തകൾ. അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിന്റെ ജോലികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും മമ്മൂട്ടി മാമാങ്കത്തിനായി വേഷപ്പകർച്ചക്കൊരുങ്ങുക.
വടക്കൻ വീരഗാഥയിലെ ചന്തുവിനേയും പഴശ്ശിരാജയെയും അനശ്വരമാക്കിയ മമ്മൂട്ടി മറ്റൊരു ചരിത്ര പുരുഷനായി സ്ക്രീനിലെത്തുമ്പോൾ മലയാള സിനിമാ ലോകവും പ്രേക്ഷകരും ഒരുപോലെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.