പുതുമയുണർത്തുന്ന പ്രമേയവുമായി മോഹൻലാലിൻറെ ‘നീരാളി’ അണിയറയിൽ ഒരുങ്ങുന്നു

February 24, 2018

പ്രശസ്ത ബോളിവുഡ് സംവിധായകൻ അജോയ് വർമയൊരുക്കുന്ന  മോഹൻലാൽ ചിത്രത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി സുരാജ് വെഞ്ഞാറമ്മൂട്.. മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത വിഷയവുമായാണ് മോഹൻലാലിൻറെ സർപ്രൈസ് പ്രൊജക്റ്റായ നീരാളിയെത്തുന്നതെന്നാണ് സുരാജ് വെളിപ്പെടുത്തിയിരിക്കുന്നത്.  ശ്രീകുമാർ  മേനോന്റെ ഒടിയൻ  ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ പ്രതീക്ഷിച്ച സമയത്ത് ആരംഭിക്കാൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് മോഹൻലാൽ മുംബൈയിലെ നീരാളിയുടെ ഷൂട്ടിംഗ് ലൊക്കേഷനിലെത്തുന്നത്.. 36 ദിവസങ്ങൾ കൊണ്ട് മുഴുവൻ ഷൂട്ടിങ്ങും പൂർത്തിയാക്കിയ ചിത്രത്തിന് വേണ്ടി 15 ദിവസത്തെ ഡേറ്റാണ് മോഹൻലാൽ നൽകിയത്..

മോഹൻലാൽ തന്റെ സിനിമാ ജീവിതത്തിൽ ആദ്യമായി ഒരു ജെമ്മോളജിസ്റ്റിന്റെ വേഷത്തിലെത്തുന്ന ചിത്രത്തിൽ നിരവധി പുത്തൻ കാഴ്ച്ചകൾ കാണാമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.  ഹാസ്യത്തിനും ആക്ഷനും ഒരുപോലെ പ്രാധാന്യം നൽകിയൊരുക്കുന്ന ചിത്രത്തിൽ ഡ്രൈവറുടെ വേഷത്തിലാണ് സുരാജ് വെഞ്ഞാറമ്മൂട് എത്തുന്നത്. 33 വർഷങ്ങൾക്കു ശേഷം മോഹൻലാലും നദിയാ മൊയ്‌തുവും ഒന്നിക്കുന്നുവെന്ന് പ്രത്യേകതയും നീരാളിക്കുണ്ട്.മോഹൻലാലിൻറെ ഭാര്യയുടെ വേഷത്തിലാണ് നദിയാ മൊയ്തു സ്‌ക്രീനിലെത്തുക.  മോഹന്‍ലാലും ശേയ ഘോഷ്വാലും ആലപിക്കുന്ന ഗാനം ചിത്രത്തിലുണ്ടെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
അജോയ് വർമ്മ ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണുള്ളതെന്ന് മോഹൻലാൽ നേരെത്തെ വ്യക്തമാക്കിയിരുന്നു. വളരെ രസകരമായ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും താരം പറഞ്ഞിരുന്നു