മരിച്ചവർക്കായി ജീവിക്കുന്നവന്റെ കഥയെഴുതി ടിനി ടോമും സതീഷ്കുമാറും
മിമിക്രിയിലൂടെ മലയാള ചലച്ചിത്ര രംഗത്തെത്തി പിന്നീട് സഹ നടനായും സ്വഭാവ നടനായും നായകനായും തിളങ്ങിയ താരമാണ് ടിനി ടോം. അനുകരണ രംഗത്തും അഭിനയ മേഖലയിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ടിനി ടോം ഇനി തിരക്കഥ രചനയിതാവായും അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് . തികച്ചും വ്യത്യസ്തമായ പ്രമേയവുമായെത്തുന്ന ‘പരേതർക്കൊരാൾ’ എന്ന ചിത്രത്തിനു വേണ്ടിയാണ് ടിനി ടോം തൂലിക ചലിപ്പിയ്ക്കാനൊരുങ്ങുന്നത്.. ഫ്ളവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടിയായ കോമഡി ഉത്സവത്തിന്ന്റെ ഗ്രൂമർമാരിൽ ഒരാളായ സതീഷ് കുമാറുമൊത്താണ് ടിനി ടോം തന്റെ ആദ്യ തിരക്കഥയൊരുക്കുന്നത്.
ഗൾഫ് രാജ്യങ്ങളിൽ വെച്ചു മരണപ്പെടുന്നവരുടെ മൃതതേഹം നാട്ടിലെത്തിക്കാൻ വേണ്ടി പ്രവർത്തിക്കുന്ന അഷറഫ് താമരശ്ശേരി എന്ന വ്യക്തിയുടെ ജീവിത കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. മരുഭുമിയിലെ മരണങ്ങളുടെ മിത്രം എന്നതാണ് ചിത്രത്തിന്റെ ക്യാപ്ഷൻ .ഗൾഫ് രാജ്യങ്ങളിൽ മരണപ്പെടുന്ന അന്യദേശക്കാരുടെ മൃതദേഹങ്ങൾ സ്വാദേശങ്ങളിലെത്തിക്കുകയെന്ന ശ്രമകരമായ ദൗത്യം നിർവഹിക്കുന്ന അഷറഫ് താമരശ്ശേരി എന്ന മനുഷ്യ സ്‌നേഹി തന്റെ 13 വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ ജാതി-മത-വർഗ ഭേദമില്ലാതെ മരണപ്പെട്ടവർക്കു വേണ്ടി സമർപ്പിച്ചിരിക്കുകയാണ് .
തന്റെ പ്രയത്നങ്ങളുടെ കൂലിയായി മരണപ്പെട്ടവരുടെ കുടുംബങ്ങളിൽ നിന്ന് ഒരു രൂപ പോലും ഇതുവരെ കൈപ്പറ്റിയിട്ടില്ലാത്ത അഷറഫ് പൂർണമായും ഒരു സാമൂഹ്യ സേവനമെന്ന നിലയിലാണ് ഈ പുണ്യ പ്രവർത്തനം ചെയ്തു വരുന്നത്. മരിച്ചവർക്കായി ജീവിക്കുന്ന അഷറഫിന്റെ ജീവിതം അഭ്രപാളിയിലെത്തുമ്പോൾ മലയാളി പ്രേക്ഷകർ ഇതുവരെ കണ്ടു പരിചയിച്ചിട്ടില്ലാത്ത ജീവിതയാഥാർഥ്യങ്ങളുടെയും സ്നേഹ സ്പർശത്തിന്റയും നേർസാക്ഷ്യമായിരിക്കും ‘പരേതർക്കൊരാൾ’ എന്ന ചിത്രം.
ചിത്രത്തിലെ അഭിനേതാക്കൾ, അണിയറ പ്രവർത്തകർ തുങ്ങിയവരെക്കുറിച്ചുള്ള വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വിടുമെന്ന് തിരക്കഥാകൃത്തുക്കളായ ടിനി ടോമും സതീഷ്കുമാറും പറഞ്ഞു.