ട്രോളന്മാർക്ക് ഒരവസരവും കൊടുക്കാതെ കാളിദാസ് ജയറാം; പൂമരം റിലീസ് തിയ്യതി പ്രഖ്യാപിച്ചു..!

February 9, 2018

കാളിദാസ് ജയറാം നായകനാനായി അരങ്ങേറ്റം കുറിക്കുന്ന എബ്രിഡ് ഷൈൻ ചിത്രം പൂമരം മാർച്ച് 9 ന് തീയേറ്ററുകളിലെത്തും. കാളിദാസ് ജയറാം തന്റെ ഫേസ്ബുക് പേജിലൂടെയാണ് പ്രഖ്യാപനം നടത്തിയത്… കഴിഞ്ഞ ഒരു വർഷത്തോളമായി ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൂമരം..

പൂമരം തീയേറ്ററുകളിലെത്താൻ വൈകിയതോടെ കാളിദാസ് ജയറാമിനെയും  മറ്റു അണിയറപ്രവർത്തകർകരെയും  ട്രോളന്മാർ കണക്കിന് ട്രോളിയിരുന്നു… ട്രോളർമാരുടെ നർമ ബോധത്തെ അതേ സ്പിരിറ്റിൽ ഉൾക്കൊണ്ട കാളിദാസ് ജയറാം സ്വയം ട്രോളുകളുമായെത്തി പ്രേക്ഷകരെ ചിരിപ്പിക്കുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ആഴ്ചകളിൽ സമൂഹമാധ്യമങ്ങളിൽ കണ്ടത്.

ചിത്രത്തിലെ ഞാനും ഞാനുമെന്റാളും എന്നു തുടങ്ങുന്ന ഗാനം ജനഹൃദയങ്ങളിൽ  സൂപ്പർ ഹിറ്റാവുകയും കാളിദാസ് ജയറാമിന്റെ ചിത്രത്തിന് മികച്ച പ്രതീക്ഷകൾ നൽകുകയും ചെയ്തു. എന്നാൽ പ്രേക്ഷകരെ നിരാശരാക്കികൊണ്ട് ചിത്രത്തിന്റെ  റീലീസ് നീണ്ടുപോവുകയായിരുന്നു. ഇതോടെയാണ് പൂമരത്തിനായുള്ള കാത്തിരിപ്പിനെ ആസ്പദമാക്കിയുള്ള ട്രോളുകൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞത്.

എന്നാൽ ട്രോളന്മാർക്ക് പുതിയ കഥകൾക്ക് അവസരം കൊടുക്കാതെയാണ് കാളിദാസ് ജയറാം പൂമരം റീലീസ് തിയ്യതി പ്രഖ്യാപിച്ചത്. ‘ദൈവം അനുഗ്രഹിച്ചാ മറ്റ് തടസ്സം ഒന്നുമില്ലെങ്കില്‍ 2018 മാര്‍ച്ച് 9ന് പൂമരം റിലീസ് ചെയ്യും..2018ന്ന് വെച്ചില്ലെങ്കിൽ “എല്ലാ വർഷവും മാർച്ച് 9 ഉണ്ടല്ലോ”ന്ന് പറയൂന്നറിയാം അതോണ്ടാ..’ കാളിദാസ് ജയറാം ഫേസ്ബുക്കിൽ കുറിച്ചു. ബാല താരമായെത്തി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ കാളിദാസ് ജയറാമിന്റെ നായകനായുള്ള അരങ്ങേറ്റത്തെ വളരെ പ്രതീക്ഷയോടെയാണ് മലയാള പ്രേക്ഷകർ കാത്തിരിക്കുന്നത്.