സിനിമാ സെറ്റിൽ നിന്നും മമ്മൂട്ടി തന്നെ ഓടിച്ചുവിട്ട അനുഭവം വിവരിച്ച് സൗബിൻ

February 1, 2018

നടനായും സംവിധായകനായും മലയാളികളുടെ മനസ്സ് കീഴടക്കിയ കലാകാരനാണ് സൗബിൻ ഷാഹിർ.  വർഷങ്ങളോളം സിനിമയുടെ പിന്നാമ്പുറങ്ങളിൽ ചെറുതും വലുതുമായ നിരവധി ജോലികൾ ചെയ്ത സൗബിൻ ഇന്ന് മലയാള സിനിമയിലെ മൂല്യമേറിയ താരങ്ങളിൽ ഒരാളാണ്. സിദ്ദിഖ് സംവിധാനം നിർവ്വഹിച്ച ക്രോണിക്ക് ബാച്ചിലർ എന്ന ചിത്രത്തിന്റെ സഹ സംവിധായകനായി മലയാള സിനിമയിലേക്ക് കാലെടുത്തുവെച്ച സൗബിൻ  കരിയറിന്റെ ആദ്യ കാലത്തു മമ്മൂട്ടിയിൽ നിന്നുണ്ടായ രസകരമായ ഒരു അനുഭവം പങ്കുവെക്കുകയാണ്. സ്ട്രീറ്റ് ലൈറ്റ്സ് എന്ന മമ്മൂട്ടി ചിത്രത്തിന്റെ റിലീസിങ്ങിനോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ മമ്മൂട്ടിയെ സാക്ഷിയാക്കിയാണ് സൗബിൻ ആ കഥ പറഞ്ഞത്.

2003 ൽ ക്രോണിക്ക് ബാച്ചിലർ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് സംഭവം നടക്കുന്നത്. പനമ്പിള്ളി നഗറിലാണ് ഷൂട്ടിംഗ്.സിനിമാ മോഹം തലയ്ക്കു പിടിച്ച സൗബിൻ പിതാവ് ബാപ്പു ഷാഹിർ വഴിയാണ് സിദ്ദിഖിന്റെ സഹായിയായി കയറിക്കൂടിയത്.  ആശിച്ച  ജോലി കിട്ടിയതിന്റെ ത്രില്ലിലായിരുന്നു സൗബിൻ. അതുകൊണ്ട് തന്നെ സംവിധായകൻ സിദ്ദിഖ് മ്മൂട്ടിയോട് ഷോട്ട് റെഡി ആയെന്ന് പറയാൻ സൗബിനോട് ആവശ്യപ്പെട്ടപ്പോൾ അത്യുത്സാഹത്തോടെ അതേറ്റെടുത്തതും.പക്ഷെ സ്‌ക്രീനിൽ മാത്രം കണ്ടു പരിചയമുള്ള സൂപ്പർ താരത്തെ നേരിൽ കണ്ടപ്പോൾ സൗബി വന്ന കാര്യം മറന്ന് അന്തം വിട്ടു നോക്കി നിന്നു പോയി.

താനാരാടോ??  തന്റെ മുന്നിൽ പകച്ചു നിൽക്കുന്ന സൗബിനോടായി മമ്മൂട്ടി ചോദിച്ചു.

ഷോട്ട് റെഡി സർ- സൗബിന്റെ വെപ്രാളത്തോടെയുള്ള മറുപടി കേട്ട് മമ്മൂട്ടി പൊട്ടിച്ചിരിച്ചു.എന്നിട്ട് ചോദിച്ചു.

താൻ എത്രവരെ പഠിച്ചെടോ?

ഡിഗ്രി ഫസ്റ്റ് ഇയർ ആണെന്ന് സൗബിന്‍ മറുപടി നല്‍കിയപ്പോള്‍ മമ്മൂട്ടി സൗബിന്റെ കൈയില്‍ ഇരുന്ന റൈറ്റിംഗ് പാഡും അതിലെ പേപ്പറുകളും വാങ്ങി അടുത്ത് നില്‍ക്കുന്ന ആളെ ഏല്‍പ്പിച്ചു പറഞ്ഞു, പോയി ആദ്യം ഡിഗ്രി കംപ്ലീറ്റ് ചെയ്തിട്ടു വാ..എന്നിട്ട് മതി സിനിമ. പ്ലീസ് സര്‍ എന്നൊന്നും പറഞ്ഞിട്ട് മമ്മൂട്ടി കൂട്ടാക്കിയില്ല. കരച്ചിലിന്റെ വക്കോളമെത്തിയ സൗബിന്‍ സെറ്റില്‍നിന്ന് പോയി പിതാവിനെ കണ്ടു. ഇക്കാര്യങ്ങളൊക്കെ പറഞ്ഞു. പിന്നീട് അച്ഛനെക്കൊണ്ട് പറയിപ്പിച്ച ശേഷമാണ് സിനിമയില്‍ തുടരാന്‍ മമ്മൂട്ടി അനുവദിച്ചത്. മമ്മൂട്ടിക്കൊപ്പമുള്ള സൗബിന്റെ ആദ്യ അനുഭവം കേട്ട സ്ട്രീറ്റ് ലൈറ്റ്‌സ് അണിയറ പ്രവർത്തകരും മാധ്യമപ്രവർത്തകരും പൊട്ടിച്ചിരിക്കുന്നതും നോക്കി ഒരു ചെറു ചിരിയുമായി മമ്മൂട്ടിയും സൗബിനടുത്ത് നിന്നു.