‘എ ലൈവ് സ്റ്റോറി’യിലൂടെ അൻസിബ ഹസ്സൻ സംവിധായികയാകുന്നു..

March 13, 2018

പ്രശസ്ത സിനിമാ താരവും ടെലിവിഷൻ അവതാരി കയുമായ അൻസിബ സംവിധായികയാകുന്നു. എ ലൈവ് സ്റ്റോറി എന്ന പേരിട്ടിരിക്കുന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് മലയാളികളുടെ പ്രിയങ്കരിയായ  അൻസിബ  സംവിധാന രംഗത്തേക്ക് ചുവടുവെക്കുന്നത്. പരിഷ്കൃതരെന്നു  നടിക്കുന്ന ഇന്നത്തെ സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെ ആക്ഷേപ ഹാസ്യ രൂപേണ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നതും അൻസിബ തന്നെയാണ്.കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകളും ഒരിക്കലെങ്കിലും നേരിട്ടിട്ടുണ്ടാവാൻ സാധ്യതയുള്ള മോശം അനുഭവങ്ങളെ ആസ്പദമാക്കിയാണ് എ ലൈവ് സ്റ്റോറിയുടെ കഥ മുന്നോട്ടു പോകുന്നത്.

സംസ്ഥാന പുരസ്‌കാര ജേതാവായ പൊളി വിത്സൺ, പ്രജോദ് കലാഭവൻ, മെറീന മൈക്കിൾ, ഹിലാൽ, അഞ്ജന അപ്പുക്കുട്ടൻ, അഭിരാമി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫ്ളവേഴ്‌സിലെ ജനപ്രിയ പരിപാടിയായ കോമഡി ഉത്സവത്തിലൂടെ പ്രശസ്തയായ പ്രതിഭയാണ് അഭിരാമി.

എ ലൈവ് സ്റ്റോറിയുടെ പിന്നണിയിലും കോമഡി ഉത്സവത്തിലെ നിരവധി അണിയറ പ്രവർത്തകരാണ് പ്രവർത്തിച്ചിരിക്കുന്നത്. കോമഡി ഉത്സവത്തിന്റെ ഗ്രൂമറായ  സതീഷാണ് ചിത്രത്തിന്റെ അസ്സോസിയേറ്റ് സംവിധായകൻ. കോമഡി ഉത്സവത്തിന്റെ  ഛായാഗ്രാഹണം  നിർവഹിക്കുന്ന പ്രമോദ് രാജാണ് എ ലൈവ് സ്റ്റോറിയുടെയും ഛായാഗ്രാഹകൻ. കോമഡി ഉത്സവത്തിലെ തന്നെ അഭിലാഷ് വിശ്വനാഥ് എഡിറ്റിങ്ങും രഞ്ജിൻ രാജ് വർമ്മ സംഗീത സംവിധാനവും നിർവഹിക്കുന്നു.