ലോക സിനിമയിൽ പുതു ചരിത്രമെഴുതാൻ ഷാജി പാപ്പനും പിള്ളേരും;ആട് ഒരു ഭീകര ജീവിയാണ്’ വീണ്ടും റിലീസിനെത്തുന്നു

March 7, 2018

തീയേറ്ററുകളിൽ പരാജയമായി മാറിയ ആട് ഒരു ഭീകര ജീവിയാണ് എന്ന ജയസൂര്യ ചിത്രം വീണ്ടും റീലീസിനെത്തുന്നു. ചിത്രത്തിന്റെ നിർമാതാവായ വിജയ് ബാബുവാണ് ഷാജി പാപ്പന്റെയും കൂട്ടരുടെയും ആദ്യ ഭാഗം വീണ്ടും തീയേറ്ററുകളിലെത്തുന്ന വിവരം ഫേസ്ബുക്കിലൂടെ പുറത്തു വിട്ടത്. ലോക സിനിമാ ചരിത്രത്തിലാദ്യമായാണ് ഒരിക്കൽ പരാജയപ്പെട്ട ചിത്രം പ്രേക്ഷക അഭ്യർത്ഥന മാനിച്ച് വീണ്ടും റിലീസ് ചെയ്യുന്നതെന്ന് വിജയ് ബാബു ഫേസ്ബുക്കിലൂടെ പറഞ്ഞു.

മിഥുൻ മാനുവൽ സംവിധാനം നിർവഹിച്ച ആട് ഒരു ഭീകര ജീവിയാണ് എന്ന കോമഡി ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെടുകയും ടോറന്റ്, ഡിവിഡി റിലീസുകളിലൂടെ വൻ വിജയമാകുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ ആരാധകരായി മാറിയ അസഖ്യം പ്രേക്ഷകരുടെ അഭ്യർത്ഥനയെ തുടർന്നാണ് പരാജയപ്പെട്ട ആദ്യ ഭാഗത്തിന്റെ  രണ്ടാം പതിപ്പായ ആട് 2 ഇറക്കിയത്.ആട് 2 ബോക്സ് ഓഫ്‌സിൽ വമ്പിച്ച വിജയം നേടുകയും സാമ്പത്തികമായി ഏറെ ലാഭമുണ്ടാക്കുകയും ചെയ്തതോടെയാണ് ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രം വീണ്ടും തീയേറ്ററുകളിലെത്തിക്കാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചത്. 51 തീയേറ്ററുകളിലായി ഒരാഴ്ചയോളം ചിത്രം വീണ്ടും പ്രദര്ശിപ്പിക്കുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചത്.