രജനി ചിത്രത്തിന് സംഗീതമൊരുക്കാൻ അനിരുദ്ധ്…!

March 1, 2018

കാർത്തിക് സുബ്ബരാജിന്റെ സംവിധാനം ചെയ്യുന്ന  രജനികാന്ത് ചിത്രത്തിന്റെ സംഗീത സംവിധായകനായി അനിരുദ്ധിനെ പ്രഖ്യാപിച്ചു. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ നിർമാതാക്കളായ സൺ പിക്‌ച്ചേഴ്‌സാണ് അനിരുദ്ധ് സംഗീത സംവിധായകനായെത്തുന്ന വിവരം ഔദ്യോഗികമായി അറിയിച്ചത്.ഇതാദ്യമായാണ് രജനിയുടെ ചിത്രത്തിന് അനിരുദ്ധ് സംഗീതമൊരുക്കുന്നത്.

‘യെന്തിരന്’ ശേഷം രജനികാന്തും സൺ പിക്‌ച്ചേഴ്‌സും ഒരുമിക്കുന്ന ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. രജനികാന്ത് ചിത്രത്തിന് സംഗീതമൊരുക്കാൻ ലഭിച്ച അവസരത്തെ സ്വപ്ന നിമിഷമെന്നാണ് അനിരുദ്ധ് വിശേഷിപ്പിച്ചത്. ‘തലൈവരു’ടെ ചിത്രത്തിനായി സംഗീതമൊരുക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അനിരുദ്ധ് ട്വിറ്ററിലൂടെ വെളിപ്പെടുത്തി . സൂര്യയെ നായകനാക്കി വിഗ്നേഷ് ശിവൻ സംവിധാനം ചെയ്ത താനെ സേർന്ത കൂട്ടമാണ് അനിരുദ്ധ് സംഗീതം നൽകി പുറത്തിറങ്ങിയ അവസാന ചിത്രം. ചിത്രത്തിലെ സോഡക്ക് മേലെ എന്ന് തുടങ്ങുന്ന ഗാനം തെന്നിന്ത്യ മുഴുവൻ സൂപ്പർ ഹിറ്റായി മാറിയിരുന്നു.