കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗം പ്രതിസന്ധിയിൽ; പകർപ്പവകാശം നൽകാനാവില്ലെന്ന് ആദ്യ നിർമ്മാതാവ്

March 17, 2018

കോട്ടയം കുഞ്ഞച്ചൻ എന്ന സിനിമയുടെ പകർപ്പവകാശം നൽകാനാവില്ലെന്ന് ചിത്രത്തിന്റെ നിർമ്മാതാവായ അരോമ മണി..കോട്ടയം കുഞ്ഞച്ചൻ 2 എന്ന രണ്ടാം ഭാഗം  പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിലാണ് ആദ്യ ഭാഗത്തിന്റെ പകർപ്പവകാശം ആർക്കും കൈമാറിയിട്ടില്ലെന്ന് നിർമാതാവായ അരോമ മണി വ്യക്തമാക്കിയത്. മമ്മൂട്ടി തന്നെ നായകനായി കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗമൊരുക്കുമെന്ന് നിർമ്മാതാവായ വിജയ് ബാബു രണ്ടു ദിവസം മുൻപ് പ്രഖ്യാപിച്ചിരുന്നു.ആദ്യ ഭാഗത്തിന് തിരക്കഥയൊരുക്കിയ ഡെന്നിസ് ജോസഫ് തന്നെയാണ് പുതിയ ചിത്രത്തിനും തിരക്കഥ രചിക്കുന്നത്.മിഥുൻ മാനുവൽ തോമസായിരുന്നു ചിത്രം സംവിധാനം ചെയ്യാൻ ഉദ്ദേശിച്ചിരുന്നത്.

എന്നാൽ ആരാധകരെ ആവേശത്തിലാഴ്ത്തിയ കോട്ടയം കുഞ്ഞച്ചൻ 2 പ്രഖ്യാപനം സാധ്യമാകുകയില്ലെന്നാണ് ചിത്രത്തിന്റെ ആദ്യ ഭാഗം നിർമ്മിച്ച അരോമ മണിയും സംവിധായകൻ സുരേഷ് ബാബുവും അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പകർപ്പവകാശം നേടാതെ നടത്തിയ പ്രഖ്യാപനം നിയമവിരുദ്ധമാണെന്നും മമ്മൂട്ടിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് പുതിയ ചിത്രം പ്രഖ്യാപിച്ചതെന്നും അരോമ മണി ആരോപിച്ചു. കോട്ടയം കുഞ്ഞച്ചൻ എന്ന പേരും ചിത്രങ്ങളും ഉപയോഗിച്ച് ഇനിയും പോസ്റ്ററുകളും മറ്റും പ്രത്യക്ഷപ്പെട്ടാൽ നിയമപരമായി തന്നെ നേരിടുമെന്നും അരോമ മണി കൂട്ടിച്ചേർത്തു. ഇതോടെ കോട്ടയം കുഞ്ഞച്ചൻ 2 എന്ന ചിത്രം ഉപേക്ഷിക്കപ്പെടുന്ന  സാഹചര്യങ്ങളാണ് സംജാതമായിരിക്കുന്നത്.