പുത്തൻ ലുക്കിൽ ഗിന്നസ് പക്രു; മാധവ് രാംദാസ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു

March 23, 2018

 മലയാളി  പ്രേക്ഷകരുടെ ഇഷ്ട താരം ഗിന്നസ്  പക്രു വേറിട്ട വേഷത്തിലെത്തുന്ന  ‘ഇളയരാജ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഏറെ പ്രേക്ഷക പ്രശസയും നിരൂപക ശ്രദ്ധയും നേടിയ മേൽവിലാസം, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാധവ് രാംദാസാണ് ‘ഇളയരാജ’ സംവിധാനം ചെയ്യുന്നത്. കാലിക പ്രസക്തമായ പ്രമേയങ്ങൾ തീവ്രമായ രീതിയിൽ അവതരിപ്പിക്കുന്ന മാധവ് രാംദാസ് പുതിയ ചിത്രത്തിലൂടെ  പ്രതിപാദിക്കുന്ന വിഷയമേതെന്ന ആകാംക്ഷയിലാണ്പ്രേക്ഷകർ.

കുറ്റിത്താടിയും മീശയുമായി ഇതുവരെ കാണാത്ത ലൂക്കിലാണ് ഗിന്നസ് പക്രു പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. ഊതിയാലണയില്ല ഉലയിലെ തീ, ഉള്ളാകെയാളുന്ന ഉയിരിലെ തീ എന്ന അടിക്കുറിപ്പോടെയാണ് സംവിധായകന്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ ഇന്ദ്രൻസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സംവിധായകൻ മാധവ് രാംദാസ് വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് ഗിന്നസ് പക്രു അറിയിച്ചു.