ഇഷ്ട കായിക താരം ആരെന്ന് വെളിപ്പെടുത്തി വിരാട് കോഹ്ലി..!

March 15, 2018

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരിൽ  ഒരാളാണ് വിരാട് കോഹ്ലി. ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റുകളിലും 50 നു മുകളിൽ ശരാശരിയുള്ള ലോകത്തെ ഏക  ക്രിക്കറ്റ് താരവും വിരാട് കോഹ്ലി മാത്രമാണ്. ഈ കണക്കുകളുടെയെല്ലാം അടിസ്ഥാനത്തിൽ ഇന്ത്യയുടെ റൺ മെഷീനെ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി വിലയിരുത്തുന്ന നിരവധി ക്രിക്കറ്റ് നിരൂപകരുണ്ട്. കളിക്കളത്തിലെ  റെക്കോർഡുകൾ  ഓരോന്നായി  തിരുത്തിയെഴുതുന്ന  വിരാട് കോഹ്ലിക്ക് ലോകമെമ്പാടും നിരവധി ആരാധകരാണുള്ളത്.

എന്നാൽ ലോകം മുഴുവൻ ആരാധിക്കുന്ന കോഹ്ലിയുടെ ഇഷ്ട കായിക താരം ആരെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് താരം. കോഹ്ലിയുടെ മനസ്സ് കീഴടക്കിയ ആ കായിക താരം ക്രിക്കറ്റിൽ നിന്നുള്ള ആരുമല്ല..! മറിച്ച് ടെന്നീസ് ലോകത്ത് വിസ്മയങ്ങൾ തീർക്കുന്ന ഇതിഹാസ താരം റോജർ ഫെഡററാണ് വിരാട് കോഹ്ലി ഏറ്റവും ഇഷ്ടപ്പെടുന്ന കായിക താരം.  പ്രമുഖ വാച്ച് കമ്പനിയായ ടിസ്സോട്ടിന്റെ  പ്രമോഷൻ പരിപാടിക്കിടെയാണ് താൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന കായിക താരത്തെക്കുറിച്ച് കോഹ്ലി വെളിപ്പെടുത്തിയത്.

ഫെഡററുടെ കളി കാണാൻ തന്നെ വല്ലാത്തൊരു മനോഹാരിതയാണ്.കൂടാതെ കുടുംബത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന വ്യക്തിയുമാണ് അദ്ദേഹമെന്നും കോഹ്ലി പറഞ്ഞു.തനിക്കെതിരെ ഉയർന്ന വിമർശനങ്ങളെയെല്ലാം കാറ്റിൽ പറത്തിയാണ് 36ാം  വയസ്സിൽ ഫെഡറർ ഗ്രാൻഡ്സ്ലാം സ്വന്തമാക്കിയത്. ആരാധനക്കപ്പുറം ഫെഡറർ എന്ന താരത്തോട് തികഞ്ഞ ബഹുമാനവും പുലർത്തുന്ന ആളാണ് താനെന്നും കോഹ്ലി കൂട്ടിച്ചേർത്തു.