“മോഹൻലാൽ ആരാധകനായ ഞാൻ മമ്മൂട്ടിയെ സ്നേഹിച്ചു തുടങ്ങിയ കഥ”; സംസ്ഥാന പുരസ്‌കാര ജേതാവ് എം എ നിഷാദ് എഴുതുന്നു

March 17, 2018


‘കിണർ’ എന്ന ചിത്രത്തിലൂടെ 2017 ലെ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം സ്വന്തമാക്കിയ വ്യക്തിയാണ് എം എ നിഷാദ്. മമ്മൂട്ടി നായകനായെത്തിയ ‘ഒരാൾ മാത്രം’ എന്ന സത്യൻ അന്തിക്കാട് ചിത്രം നിർമ്മിച്ചുകൊണ്ടാണ്ട് മലയാള സിനിമാ ലോകത്തേക്ക് കാലെടുത്തുവെച്ച എം എ നിഷാദ് തന്റെ സിനിമാ സ്വപ്നങ്ങൾക്ക് കൂട്ടുനിന്ന വ്യക്തികളെക്കുറിച്ച് എഴുതിയ ഫേസ്ബുക് പോസ്റ്റാണ് സിനിമാ ലോകത്ത് ചർച്ചാ വിഷയമായിരിക്കുന്നത്.
ഓർമ്മവെച്ച നാൾ മുതലേ സിനിമ ഒരു സ്വപ്നമായി കൊണ്ടു നടന്ന എം എ നിഷാദിന് മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി താങ്ങും തണലുമായി നിന്ന സന്ദർഭങ്ങളാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.എഴുതുന്നത് മമ്മൂട്ടിയെക്കുറിച്ചാകുമ്പോൾ ഒരു പുറം കൊണ്ട് എഴുതി തീരില്ല എന്ന മുഖവുരയോടെയാണ് എം എ നിഷാദ് തന്റെ കുറിപ്പ് ആരംഭിക്കുന്നത്.
ഫേസ്ബുക് കുറിപ്പിപ്പിന്റെ പൂർണ രൂപം വായിക്കാം..
എഴുതുന്നത് മമ്മൂക്കയേ പറ്റി ആണെന്കില്‍,ഒരു പുറം കൊണ്ട് എഴുതി തീരില്ല,പ്രത്യേകിച്ച് ഞാന്‍ എഴുതുമ്പോള്‍…പറയാന്‍ ഒരുപാട്,എഴുതാന്‍ ഒത്തിരി…വാക്കുകള്‍ കൊണ്ട് മുഖപുസ്തകത്തില്‍ കുറിച്ചിടുന്നതല്ല,ഈ മനുഷ്യനുമായുളള എന്റ്‌റെ ആത്മ ബന്ധം…
ആദ്യം കാണുന്ന സിനിമ I V ശശിയേട്ടന്റ്‌റെ ”തൃഷ്ണ”..ആദ്യമായി മമ്മൂക്കയെ കാണുന്നത്, നാലാം ക്‌ളാസ്സില്‍ പഠി ക്കുമ്പോള്‍, P.G.വിശ്വംഭരന്‍ സംവിധാനം ചെയ്ത”ഇടിയും മിന്നലും”എന്ന സിനിമയുടെ ലൊക്കേഷണില്‍,അന്ന് നായകന്‍ രതീഷും..
കൈയ്യില്‍ എരിയുന്ന സിഗററ്റുമായി നില്‍ക്കുന്ന മമ്മൂക്കയുടെ രൂപം ഇന്നും ഓര്‍മ്മയില്‍ ഒളിമങ്ങാതെ ….സിനിമ എനിക്കന്നും, ഇന്നും ആവേശമാണ്. K.G.ജോര്‍ജ്ജ് സാറിന്റെ യവനികയിലൂടെ മമ്മൂക്ക മലയാളത്തിലെ പകരം വെക്കാനില്ലാത്ത സാന്നിധ്യമായി. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ നായകനേക്കാള്‍ ശ്രദ്ധ നേടിയ വില്ലന്‍ മോഹന്‍ലാല്‍. യുവാക്കളുടെ ഹരമായ കാലഘട്ടം, അഭിനയത്തിന്റെ പുതിയ വ്യാകരണങ്ങള്‍ മലയാള സിനിമ പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിച്ചു.
ഈ രണ്ട് മഹാപ്രതിഭകള്‍ ചലച്ചിത്രാസ്വാദനത്തിന്റെ നവ്യാനുഭവം മലയാളീ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു. മരം ചുറ്റി പ്രേമരംഗങ്ങളില്‍ നിന്നും അതിശയോക്തി കലര്‍ന്ന അമിതാഭിനയത്തില്‍ നിന്നും സ്വാഭാവിക അഭിനയത്തിന്റെ നവതരംഗങ്ങള്‍. ഇവര്‍ മലയാള സിനിമയില്‍ കാഴ്ച്ചവെച്ചു. പ്രതിഭാധനരായ, സംവിധായകരും, കലയേ സ്‌നേഹിക്കുന്ന നിര്‍മ്മാതാക്കളും ഈ കാലഘട്ടത്തില്‍ ഇവര്‍ രണ്ടുപേര്‍ക്കും പിന്തുണയായി ഉണ്ടായിരുന്നത് കൊണ്ട് എണ്‍പതുകളും തൊണ്ണൂറുകളുടെ ആദ്യവും മലയാള സിനിമയുടെ സുവര്‍ണ്ണകാലമായി കാലം അടയാളപ്പെടുത്തിയത്.
മോഹന്‍ലാല്‍ എന്ന നടനോടുളള ആരാധന മനസ്സില്‍ കൊണ്ട് നടക്കുമ്പോള്‍ തന്നെ കൗമാര പ്രായത്തില്‍ എന്നെ ഞാനാക്കിയ ആലപ്പുഴ പട്ടണത്തില്‍ വെച്ച് ഒരു ”പ്രത്യേക”സാഹചര്യത്തില്‍, മമ്മൂട്ടിയെന്ന നടന്റെ ആരാധകനായി മാറുകയായിരുന്നു. ”നിറക്കൂട്ട്”, യാത്ര, അടിയൊഴുക്കുകള്‍, കാണാമറയത്ത്, ആള്‍ക്കൂട്ടത്തില്‍ തനിയേ, അക്ഷരങ്ങള്‍, ആവനാഴി, വാര്‍ത്ത അങ്ങനെ മമ്മൂട്ടി ജീവിച്ച അനേകം
കഥാപാത്രങ്ങള്‍. K.G.ജോര്‍ജ്ജ്, I.V.ശശി, പത്മരാജന്‍, ഹരിഹരന്‍, ജോഷി, ഭരതന്‍, എം.ടിയേ പോലെയുളള അനുഗൃഹീത കഥാകൃത്തുകള്‍ മമ്മൂട്ടിയെന്ന നടനേ സ്ഫുടം ചെയ്‌തെടുത്തിരുന്ന കാലം.
എഞ്ചിനീയറിംഗ് കോളജിലെ മനം മടുപ്പിക്കുന്ന അന്തരീക്ഷത്തിലും മനസ്സ് മുഴുവന്‍ സിനിമയായിരുന്നു. ഒരു സംവിധായകനാകണം അതായിരുന്നു ലക്ഷ്യം. നാലാം വയസ്സില്‍ പ്രേംനസീറിന്റെ യാഗാശ്വം എന്ന സിനിമ പുനലൂര്‍ തായ്‌ലക്ഷമിയില്‍ കണ്ട നാള്‍ മുതല്‍ മനസ്സില്‍ കുടിയേറിയ ആഗ്രഹം. എന്റെ അമ്മാവന്‍ അന്‍സാരി, അദ്ദേഹമാണ് ഒരു സിനിമയില്‍ സംവിധായകന്‍ ആരാണെന്ന് പഠിപ്പിച്ച് തന്നത്.
ആരുടെയും കൂടെ സംവിധാനം പഠിക്കാന്‍ നിന്നില്ല. സംവിധാനം പഠിക്കാന്‍ നിര്‍മ്മാതാവാന്‍ തീരുമാനിച്ചു. ആദ്യ സിനിമ മമ്മൂക്കയെ വെച്ച് തന്നെ വേണം എന്ന് നിര്‍ബന്ധമുണ്ടായിരുന്നു.
മമ്മൂക്കയേ കാണാന്‍ എറണാകുളം ആബാദ് പ്‌ളാസ ഹോട്ടലില്‍ ചെന്നപ്പോള്‍ കൗതുകത്തോടെ എന്നോട് ചോദിച്ചു – നിന്റെ സംവിധായകന്‍ ആരാ? സത്യന്‍ അന്തിക്കാട് ഞാന്‍ മറുപടി പറഞ്ഞു. തൊട്ടടുത്ത് നിന്ന S.Nസ്വാമിയെ നോക്കി മമ്മൂക്ക പറഞ്ഞു ചെക്കന്‍ സീരിയസ്സാണ് കേട്ടോ സ്വാമീ.
”ഒരാള്‍ മാത്രം”എന്ന സിനിമ പിറവിയെടുക്കുന്നത് അങ്ങനെയാണ്. സിനിമയില്‍ എന്നെ കൈ പിടിച്ചുയര്‍ത്തിയത് മമ്മൂക്കയാണ്. എന്നെ മാത്രമല്ല പലരേയും. നിര്‍മ്മാതാവായി കടന്നു വന്ന് സംവിധായകനായി നടനായി എല്ലാത്തിനും തുടക്കമിട്ടത് മമ്മൂക്കയാണ്. ”കിണര്‍” എന്ന ചിത്രത്തിന് മികച്ച കഥാകൃത്തിനുളള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം എന്നെ തേടിയെത്തുമ്പോള്‍ ആദ്യം അഭിനന്ദിച്ചത് മമ്മൂക്കയാണ്. ഇന്നിപ്പോള്‍ മമ്മൂക്കയുടെ വീട്ടില്‍ സുഹൃത്ത് സോഹന്‍ സീനുലാലിനൊപ്പം ഞാന്‍ ചെല്ലുമ്പോള്‍ എന്നോടുളള സ്‌നേഹവും കരുതലും ഞാന്‍ കണ്ടു. ജീവിതത്തില്‍ അഭിനയിക്കാന്‍ അറിയാത്ത മമ്മൂട്ടി എന്ന നല്ല മനുഷ്യനില്‍ ഞാന്‍ സംവിധാനം ചെയ്തതും നിര്‍മ്മിച്ചതുമായ ചിത്രങ്ങളില്‍ കണക്കെടുത്താല്‍ മധു സാര്‍ മുതല്‍ ആസിഫ് അലി വരെ ഏകദേശം 153 താരങ്ങള്‍ അഭിനയിച്ചു.
അഭിനന്ദനം അറിയിച്ചവരില്‍ ജയസൂര്യയും കുഞ്ചാക്കോ ബോബനുമൊക്കെയുണ്ട് അവരെയൊന്നുംവ വിസ്മരിച്ചിട്ടില്ല. എന്റെ നിര്‍മ്മാതാക്കള്‍ സുഹൃത്തുക്കള്‍ സഹപ്രവര്‍ത്തകര്‍ വിമര്‍ശകര്‍, ഞാന്‍ സംവിധായകന്‍ ആകാന്‍ എന്നെ സഹായിച്ച അന്തരിച്ച സംഗീത സംവിധായകന്‍ M.G.രാധാകൃഷ്ണന്‍ ചേട്ടനുള്‍പ്പടെയുളളവരെ നന്ദിയോടെ സ്മരിച്ച് കൊണ്ട് നിര്‍ത്തുന്നു.