ആസിഫ് അലിയുടെ നായികയായി മഡോണ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു

March 3, 2018

അൽഫോൺസ് പുത്രന്റെ ‘പ്രേമ’ത്തിലൂടെ മലയാളികളുടെ പ്രിയ നടിയായി മാറിയ   മഡോണ സെബാസ്റ്റ്യൻ ഒരു ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് തന്നെ തിരിച്ചെത്തുന്നു. ആസിഫ് അലിയെ നായകനാക്കി വി എസ് രോഹിത് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഡോണ നായികയായെത്തുന്നത്. ഇബ്‌ലീസ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തെ കുറിച്ച് മറ്റു വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.

2016 ൽ  സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ പിറന്ന ദിലീപ് ചിത്രം കിംഗ് ലയർ ആണ് മഡോണ അവസാനമായി അഭിനയിച്ച മലയാള ചിത്രം. പിന്നീട് തമിഴ്, തെലുങ്ക് തുടങ്ങിയ അന്യഭാഷകളിൽ ശ്രദ്ധ കേന്ദ്രികരിച്ച മഡോണ ഹ്യൂമൻസ് ഓഫ് സംവൺസ് എന്ന ഇംഗ്ലീഷ് ചിത്രത്തിലും അഭിനയിച്ചു.

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിനു ശേഷം വി എസ് രോഹിതും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രം നിർമിക്കുന്നത് ഒരു പുതിയ നിർമ്മാണക്കമ്പനിയായിരിക്കുമെന്ന് ചിത്രവുമായി ബന്ധപ്പെട്ട അണിയറ പ്രവർത്തകർ അറിയിച്ചു. ഫാന്റസി    കോമഡി ഗണത്തിൽ പെടുന്ന അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്ന പരീക്ഷണ ചിത്രം ബോക്സ് ഓഫീസിൽ വലിയ ചലനങ്ങളുണ്ടാക്കിയിരുന്നില്ല. എന്നാൽ ഇബ്‌ലീസ് എന്ന വ്യത്യസ്ഥമായ തലക്കെട്ടുമായെത്തുന്ന പുതിയ ചിത്രവും   പുതുമയുണർത്തുന്ന  മറ്റൊരു പരീക്ഷണ ചിത്രമായിരിക്കുമോ എന്നാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.