ഇത് സഖാവ് അലക്സിന്റെ കഥ; മമ്മൂട്ടി ചിത്രം പരോളിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി..!

March 19, 2018


നവാഗതനായ ശരത് സന്ദിത്ത് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘പരോളിന്റെ ’ ട്രെയ്‌ലർ പുറത്തിറങ്ങി. സഖാവ് അലക്സ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്.ഒരു സാധാരണക്കാരനായ കർഷകന്റെ  ജീവിതത്തില്‍  നടക്കുന്ന അപ്രതീക്ഷിതമായി സംഭവ വികാസങ്ങളെ   ഇതിവൃത്തമാക്കിയൊരുക്കുന്ന   ‘പരോളി’നു വേണ്ടി തിരക്കഥയൊരുക്കിയത് അജിത് പൂജപ്പുരയാണ്. കേരളത്തില്‍ യഥാര്‍ത്ഥത്തില്‍ നടന്ന ഒരു രാഷ്ട്രീയ കഥയെ അടിസ്ഥാനപ്പെടുത്തിയാണ് സിനിമയ്ക്ക് തിരക്കഥ രചിരിക്കുന്നത്.

ആന്റണി ഡിക്രൂസ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ആന്റണി ഡിക്രൂസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലോകനാഥനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. സഖാവ് അലക്സിന്റെ ജയിൽ വാസവും കുടുംബവുമെല്ലാം  പ്രതിപാദിക്കുന്ന ട്രെയിലറിൽ മമ്മൂട്ടി എന്ന നടന്റെ മികച്ച അഭിനയ മുഹൂർത്തങ്ങളാണുള്ളത്.

സിദ്ദിഖ്,ലാലു അലക്‌സ്,  സുധീര്‍ കരമന,സുരാജ് വെഞ്ഞാറമൂട്, അശ്വിന്‍ കുമാര്‍,  ഇര്‍ഷാദ്, കൃഷ്ണകുമാര്‍, കലാശാര ബാബു, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മിയയും ഇനിയയുമാണ് നായിക വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

മമ്മൂട്ടിയുടെ കരിയറിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം വ്യത്യസ്ഥതയാർന്ന ഒരു കഥാപാത്രമായാണ്  ‘പരോളി’ൽ മെഗാസ്റ്റാർ എത്തുകയെന്ന് സംവിധായകൻ ശരത് സന്ദിത്ത് നേരെത്തെ വ്യക്തമാക്കിയിരുന്നു. സംവിധായകന്റെ വാക്കുകൾ അന്വർത്ഥമാക്കുന്ന  ട്രെയ്‌ലറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.