ജയസൂര്യ-രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിൽ പിറക്കുന്ന ‘ഞാൻ മേരിക്കുട്ടി’യുടെ ഫസ്റ്റ് ലുക്ക് ടീസർ പുറത്തിറങ്ങി.

March 10, 2018


പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കർ ഒരുക്കുന്ന പുതിയ ചിത്രം ഞാൻ മേരിക്കുട്ടിയുടെ ഫസ്റ്റ് ലുക്ക് ടീസർ പുറത്തിറങ്ങി.സംവിധായകൻ രഞ്ജിത്ത് ശങ്കർ തന്നെയാണ് പുതുമയാർന്ന പ്രമേയവുമായെത്തുന്ന ചിത്രത്തിന്റെ ടീസർ ഫേസ്ബുക്കിലൂടെ പുറത്തു വിട്ടത്.
ഡ്രീംസ് ആന്‍ഡ് ബിയോന്‍ഡിന്റെ ബാനറിൽ നിർമ്മിക്കപ്പെടുന്ന ചിത്രം മേരിക്കുട്ടി എന്ന കേന്ദ്ര കഥാപാത്രം അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും ജീവിത യാത്രയുമായാണ് പ്രമേയമാക്കുന്നത്.ചിത്രത്തിനുള്ള ഒരുക്കത്തിന്റെ ഭാഗമായി ജയസൂര്യ കാത് കുത്തുന്ന വീഡിയോ കുറച്ചു നാളുകൾക്ക് മുൻപ് പുറത്തുവിട്ടിരുന്നു.സ്ത്രൈണതയുള്ള കഥാപാത്രവുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും വീണ്ടുമൊന്നിക്കുമ്പോൾ ആരാധകർ വാനോളം പ്രതീക്ഷകൾ പുലർത്തുമെന്ന കാര്യം ഉറപ്പാണ്..