‘അഡാർ’ ബിസിനസ്സുമായി ‘ഒരു അഡാർ ലവ് സ്റ്റോറി’..സ്വന്തമാക്കിയത് കോടികൾ..!

March 1, 2018

ഒരൊറ്റ ഗാനത്തിലൂടെയും ടീസറിലൂടെയും ഇന്ത്യ മുഴുവൻ തരംഗം സൃഷ്ട്ടിച്ച ‘ഒരു അഡാർ ലവ് സ്റ്റോറി’ യുടെ റീമേക്ക് അവകാശം  അന്യഭാഷാ ചലചിത്ര വിതരണക്കാർ സ്വന്തമാക്കിയത്   കോടികൾ നൽകിക്കൊണ്ട് . പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം  ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളുടെ റീമേക്ക് അവകാശം വിറ്റു കഴിഞ്ഞു. 4.6 കോടി രൂപയ്ക്കാണ് ഹിന്ദി റീമേക്ക് റൈറ്റ്‌സ് വിറ്റഴിച്ചിരിക്കുന്നത്. തെലുങ്കില്‍ 3.2 കോടി രൂപയ്ക്കും തമിഴില്‍ 3.5 കോടി രൂപയ്ക്കുമാണ് റൈറ്റ്‌സ് വിറ്റിരിക്കുന്നത്.  കന്നഡയിലെ റീമേക്ക് അവകാശവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

മൂന്നു കോടിയുടെ ബഡ്ജറ്റിലാണ് ക്യാമ്പസ് പ്രണയകഥയുമായെത്തുന്ന ‘ഒരു അഡാർ ലവ് സ്റ്റോറി ഒരുക്കുന്നത്. റീമേക്ക് അവകാശം വഴി തന്നെ പത്തു കോടിയിലധികം സ്വന്തമാക്കിയ ചിത്രം റിലീസിന് മുൻപേ തന്നെ നിർമാതാവിന് വൻ ലാഭമാണുണ്ടാക്കിയിരിക്കുന്നത്. സാറ്റലൈറ്റ് സംപ്രേക്ഷണാവകാശം വഴിയും   ഭീമമായ ഒരു തുക ഒമർ ലുലു ചിത്രത്തിന് ലഭിക്കുമെന്നുറപ്പാണ്. ചിത്രത്തിലെ മാണിക്യ മലരായ പൂവി…എന്ന് തുടങ്ങുന്ന ഗാനവും ഗാനത്തിലെ രംഗങ്ങളുമാണ് ചിത്രത്തെ രാജ്യാന്തര തലത്തിൽ വരെ ജനപ്രിയമാക്കിയത്. റിലീസിനു മുന്നേ കോടികൾ സ്വന്തമാക്കിയ ഒരു അഡാർ ലവ് സ്റ്റോറി ബോക്സ് ഓഫീസിലും വൻ വിജയം നേടുമെന്നാണ് അണിയറപ്രവർത്തകരുടെ വിശ്വാസം