പൂമരം പൂക്കാൻ ഇനി രണ്ടു നാൾ കൂടി; മാർച്ച് 15 ന് റീലീസ് ഉറപ്പിച്ച് കാളിദാസ് ജയറാം

March 12, 2018

അങ്ങനെ ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ കാളിദാസ് ജയറാം നായകനാകുന്ന  ആദ്യ ചിത്രം ‘പൂമരം’ റിലീസ് ചെയ്യുന്നു. ഒരു വർഷത്തിലേറെയെയായി അനിശ്ചിതമായി നീണ്ടുപോകുകയായിരുന്ന പൂമരം മാർച്ച് 15  നു   തീയേറ്ററുകളിലെത്തുമെന്ന് കാളിദാസ് ജയറാം തന്നെയാണ് ഫേസ്ബുക്കിലൂടെ  പുറത്തുവിട്ടത്. ”പൂമരം മാർച്ച് 15 ന് റീലീസ് ഉറപ്പിച്ചു.എല്ലാ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി.. എന്ന കുറിപ്പോടെ ചിത്രത്തിന്റെ യു സർട്ടിഫിക്കറ്റും  പങ്കുവെച്ചുകൊണ്ടാണ് കാളിദാസ് ജയറാം സന്തോഷ വാർത്ത പുറത്തു വിട്ടത്.

രണ്ടു മണിക്കൂറും 32 മിനിറ്റുമാണ് ദൈഘ്യമുള്ള ചിത്രത്തിന് മാർച്ച് 9 നാണ് സെൻസർ ബോർഡിൻറെ യു സർട്ടിഫിക്കറ്റ് ലഭിച്ചത്.നേരെത്തെ മാർച്ച് ഒൻപതിന് ചിത്രം റീലീസ് ചെയ്യുമെന്ന് കാളിദാസ് ജയറാം വെളിപ്പെടുത്തിയിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ റിലീസ് വീണ്ടും നീളുകയായിരുന്നു.

ഐബ്രിഡ്‌ ഷൈൻ സംവിധാനം നിർവഹിക്കുന്ന പൂമരം ഒരു സമ്പൂർണ ക്യാമ്പസ് ചിത്രമാണ്..കാളിദാസ് ജയറാമിനൊപ്പം കുഞ്ചാക്കോ ബോബൻ , മീരാജാസ്മിൻ തുടങ്ങി നിരവധി പ്രമുഖർ അഭിനയിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഫൈസൽ റാസി, ഗിരീഷ് കുട്ടൻ എന്നിവർ ചേർന്നാണ്. ചിത്രത്തിലെ ‘ഞാനും ഞാനുമെന്റാളും’, ‘കടവാത്തൊരു തോണിയിരിപ്പൂ’  തുടങ്ങിയ ഗാനങ്ങൾ സൂപ്പർ ഹിറ്റുകളായിരുന്നു.  ബാല താരമായെത്തി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ കാളിദാസ് ജയറാമിന്റെ നായകനായുള്ള അരങ്ങേറ്റത്തെ വളരെ പ്രതീക്ഷയോടെയാണ് മലയാള പ്രേക്ഷകർ കാത്തിരിക്കുന്നത്.