സോണി പിക്‌ച്ചേഴ്‌സും പൃഥ്വിരാജ് പ്രൊഡക്ഷൻസും കൈകോർക്കുന്നു..!

March 16, 2018

അന്താരാഷ്ട്ര നിർമ്മാണ കമ്പനിയായ സോണി പിക്‌ച്ചേഴ്‌സുമായി കൈകോർത്ത് പൃഥ്വിരാജ് പ്രൊഡക്ഷൻസ്.മലയാളത്തിൽ നിർമ്മിക്കുന്ന  പുതിയ ചിത്രത്തിനു വേണ്ടിയാണ് അന്താരാഷ്ട്ര ഭീമന്മാരായ സോണി പിക്‌ച്ചേഴ്‌സുമായി മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജ് കൈകോർക്കുന്നത്. ചിത്രത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ വരും ദിവസങ്ങളിൽ ഉണ്ടാവുമെന്നാണ് താരവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

തികച്ചും വ്യത്യസ്തമായ ഒരു പ്രമേയവുമായെത്തുന്ന ചിത്രത്തെക്കുറിച്ച് സോണി പിക്ക്‌ച്ചേഴ്‌സുമായി ചർച്ച നടത്തിയെന്നും തിരക്കഥ ഇഷ്ട്ടപ്പെട്ടതിനാൽ ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാകാൻ സോണി പിക്ച്ചേഴ്സ് സമ്മതം മൂളിയെന്നും പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ അറിയിച്ചു. പുതുമയാർന്ന ചിത്രങ്ങൾ നിർമ്മിക്കുകയാണ് ലക്ഷ്യമെങ്കിൽ മലയാള സിനിമാ മേഖലയാണ് ഏറ്റവും ഉചിതമെന്ന് സോണി പിക്‌ച്ചേഴ്‌സ് എം ഡി വിവേക് കൃഷ്‌ണാനിയുമായുള്ള സൗഹൃദ സംഭാഷണത്തിനിടെ സൂചിപ്പിച്ചിടത്തു നിന്നാണ് ഈ പദ്ധതിയുടെ തുടക്കമെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

മാർച്ച് 9 നാണ് ഭാര്യ സുപ്രിയയ്‌ക്കൊപ്പം പ്രിഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന പുതിയ നിർമ്മാണ സംരംഭവുമായി എത്തുന്ന വിവരം പൃഥ്വിരാജ് പ്രഖ്യാപിച്ചത്.ആഗസ്റ്റ് ഫിലിംസുമായി വേർപിരിഞ്ഞതിനു ശേഷമാണ് സ്വന്തമായി ഒരു നിർമ്മാണ കമ്പനിയുമായി പൃഥ്വിരാജ് എത്തുന്നത്.പുതിയ സംരംഭം എന്തിനു തുടങ്ങിയെന്നതിനുള്ള ഉത്തരം വരും ദിവസങ്ങളിൽ മലയാളികൾക്ക് മനസ്സിലാകുമെന്ന് പൃഥ്വിരാജ് നേരെത്തെ പറഞ്ഞിരുന്നു.മലയാള സിനിമയിലെ സൂപ്പർ സ്റ്റാറുമായി ഒന്നിക്കുകയാണെന്ന വിവരം സോണി പിക്ച്ചേഴ്സ്‌ ഔദ്യോഗിക വാർത്താകുറിപ്പിലൂടെ അറിയിച്ചു.